റിയാദ്: സൗദിയിൽ കുറ്റകൃത്യങ്ങൾക്ക് ചാട്ടവാർ അടി ശിക്ഷ നൽകുന്നത് അവസാനിപ്പിച്ചു. അന്താരാഷ്ട്ര മനുഷ്യാവകാശ ചട്ടങ്ങൾക്കനുസരിച്ചുള്ള പരിഷ്കരണത്തിന്റെ ഭാഗമായാണ് ചാട്ടവാറടി നിർത്തലാക്കിയതെന്ന് സൗദി സുപ്രീം കോടതിയുടെ ഉത്തരവിൽ പറയുന്നു. സൗദി രാജാവ് സൽമാൻറെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെയും പരിഷ്കരണ നടപടികളുടെ ഭാഗമായാണ് ചാട്ടവാർ അടി നിർത്തലാക്കിയതെന്നും കോടതി രേഖകളിൽ പറയുന്നു.
Also Read: നാട്ടിലെത്താന്‍ ആഗ്രഹിച്ച നാളുകള്‍; കോവിഡ് ഫലം കാത്ത അനുഭവവുമായി പ്രവാസി മലയാളി
സൗദിയിലെ ചാട്ടവാറടി ശിക്ഷയ്ക്കെതിരേ മനുഷ്യാവകാശ സംഘടനകൾ നിരവധി തവണ വിമർശനമുന്നയിച്ചിരുന്നു. വിവാഹേതര ലൈംഗിക ബന്ധം, പൊതു സമാധാനം ലംഘിക്കൽ തുടങ്ങിയ വകുപ്പുകളിൽ ശിക്ഷിക്കപ്പെട്ടവരെ ചാട്ടവാറടിക്ക് വിധേയരാക്കാറുണ്ട്. കൊലപാതകം അടക്കമുള്ള കേസുകളിൽ ശിക്ഷിക്കപ്പെട്ടവരെയും മറ്റു ശിക്ഷകൾക്കൊപ്പമോ അല്ലാതെയോ ചാട്ടവാറടിക്ക് വിധേയരാക്കാറുണ്ട്. ഇതിനു പകരമായി തടവോ പിഴയോ നിർബന്ധിത സാമൂഹ്യ സേവനമടക്കമുള്ള മറ്റു ശിക്ഷകളോ വിധിക്കണമെന്ന് സൗദിയിലെ പരമോന്നത കോടതിയുടെ പുതിയ ഉത്തരവിൽ പറയുന്നു.
കേസുകളിൽ ശിക്ഷിക്കപ്പെട്ടവരെ നൂറുകണക്കിന് തവണ ചാട്ടവാറുകൊണ്ട് അടിച്ച സംഭവങ്ങളും സൗദിയിൽ റിപോർട്ട് ചെയ്യപ്പെട്ടിരുന്നു. 2014ൽ മതനിന്ദ വകുപ്പ് ചുമത്തി സൗദി ബ്ലോഗർ റയിഫ് ബദാവിക്ക് 10 വർഷം തടവും 1,000 ചാട്ടവാറടിയും ശിക്ഷ വിധിച്ചത് വിവാദമായിരുന്നു. തൊട്ടടുത്ത വർഷം യൂറോപ്യൻ പാർലമെന്റിന്റെ സഖാറോവ് മനുഷ്യാവകാശ പുരസ്കാരത്തിന് ബദാവി അർഹനാവുകയും ചെയ്തിരുന്നു.
സൗദിയിൽ ജയിലിലായ രാഷ്ട്രീയ പ്രവർത്തകൻ അബ്ദുല്ല അൽ ഹമീദിന്റെ മരണവുമായി ബന്ധപ്പെട്ട് രാജ്യത്തെ മനുഷ്യാവകാശ പ്രശ്നങ്ങൾ സംബന്ധിച്ച ചർച്ചകൾ ഉയർന്നു വരുന്നതിനിടെയാണ് ചാട്ടവാർ അടി നിരോധിച്ചുകൊണ്ടുള്ള കോടതി ഉത്തരവ്. സൗദി ഭരണാധികാരിയോടുള്ള ആത്മാർഥത ലംഘിച്ചു, അസ്ഥിരതകളുണ്ടാക്കാൻ ശ്രമിച്ചു തുടങ്ങിയ വകുപ്പുകൾ 69കാരനായ അബ്ദുല്ല അൽ ഹമീദിനെതിരേ ചുമത്തിയിരുന്നതായി മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇൻറർനാഷനൽ പറയുന്നു.
Also Read: ലോക്ക്ഡൗൺ ഇളവ്: തുറക്കുന്ന കടകളും, അടഞ്ഞു കിടക്കുന്ന കടകളും
കസ്റ്റഡിയിൽ കഴിയവെ അബ്ദുല്ല അൽ ഹമീദ് പക്ഷാഘാതം വന്ന് മരിച്ചതായുള്ള വാർത്ത സ്വീഡനിലെ റൈറ്റ് ലൈവ്ലി ഹുഡ് ഫൗണ്ടേഷനാണ് പുറത്തുവിട്ടത്. 11 വർഷം തടവിന് ശിക്ഷിക്കപ്പെട്ട അബ്ദുല്ല അൽ ഹമീദിനെ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയപ്പോഴാണ് മരണം സംഭവിച്ചതെന്ന് റൈറ്റ് ലൈവ്ലി ഹുഡ് ഫൗണ്ടേഷൻ കഴിഞ്ഞ ദിവസം പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.