ദുബായ്: സൗദിയില്‍ വീണ്ടും രാജകുടുംബാംഗങ്ങള്‍ അറസ്റ്റില്‍. രാജാവിന്റെ സഹോദരന്‍ അടക്കം രണ്ട് പേരെയാണ് സൗദി അറേബ്യ അറസ്റ്റ് ചെയ്തത്. സല്‍മാന്‍ രാജാവിന്റെ ഇളയ സഹോദരനായ അഹമ്മദ് ബിന്‍ അബ്ദുള്‍ അസീസ് രാജകുമാരനെയും രാജാവിന്റെ മരുമകനായ മുഹമ്മദ് ബിന്‍ നയെഫുമാണ് അറസ്റ്റിലായത്.
സല്‍മാന്‍ രാജാവിന്റെ മകനും കിരീടാവകാശിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ അധികാരം ഉറപ്പിക്കുന്നതിന്റെ ഭാഗമായി 2017-ല്‍ നടത്തിയ കൊട്ടാര വിപ്ലവത്തില്‍ അര്‍ധസഹോദരന്‍ മുഹമ്മദ് ബിന്‍ നയെഫിനെ പുറത്താക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം അഴിമതി വിരുദ്ധ നടപടിയുടെ ഭാഗമായി രാജകുടുംബത്തിലെ നിരവധി പേരെയും അറസ്റ്റ് ചെയ്തിരുന്നു.
വെള്ളിയാഴ്ചയാണ് പുതിയ അറസ്റ്റുകള്‍ ഉണ്ടായത്. അറസ്റ്റിന്റെ കാരണം എന്താണെന്ന് അറിയില്ലെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ അട്ടിമറി ശ്രമത്തെത്തുടര്‍ന്നാണ് അറസ്റ്റെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സൗദി ഉദ്യോഗസ്ഥര്‍ ആരും വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ല.
Read Also: സംഘപരിവാറിനെ വിമര്‍ശിച്ചാല്‍ പാഠം പഠിപ്പിക്കുമെന്ന ഭീഷണി; മാധ്യമവിലക്കിനെതിരെ മുഖ്യമന്ത്രി
മുഹമ്മദ് രാജകുമാരന്‍ അധികാരത്തില്‍ പിടിമുറുക്കുന്നത് രാജകുടുംബത്തിന്റെ പ്രമുഖ ശാഖകളില്‍ അതൃപ്തിക്ക് കാരണമായിട്ടുണ്ട്. കൂടാതെ മാധ്യമപ്രവര്‍ത്തകനായ ജമാല്‍ ഖഷോഗിയെ സൗദിയുടെ ഏജന്റുമാര്‍ കൊലപ്പെടുത്തിയും കഴിഞ്ഞ വര്‍ഷം എണ്ണക്കിണറുകളില്‍ ഭീകരാക്രമണം നടന്നതും മുഹമ്മദിന്റെ കഴിവുകേടായി ഇവര്‍ കരുതുന്നു.
സല്‍മാന്റെ പിന്തുടര്‍ച്ചാവകാശികളില്‍ മാറ്റം വരുത്തണമെന്ന് രാജകുടുംബാംഗങ്ങള്‍ക്കിടയില്‍ അഭിപ്രായമുണ്ട്. സല്‍മാന്‍ രാജാവിന്റെ അവശേഷിക്കുന്ന സഹോദരനായ അഹമ്മദ് രാജകുമാരനെയാണ് അവര്‍ ഉയര്‍ത്തിക്കാണിക്കുന്നത്. സുരക്ഷാ സംവിധാനങ്ങളുടേയും ചില പാശ്ചാത്യ ശക്തികളുടെയും പിന്തുണ അഹമ്മദിനുണ്ട്.
84 വയസുള്ള സല്‍മാന്‍ രാജാവ് ജീവിച്ചിരിക്കെ കിരീടാവകാശിയെ കുടുംബം എതിര്‍ക്കില്ലെന്ന് സൗദി വൃത്തങ്ങളും പാശ്ചാത്യ നയതന്ത്ര പ്രതിനിധികളും കരുതുന്നു.
Read Also: മാധ്യമ സ്വാതന്ത്ര്യത്തിനു നേരെയുള്ള ഭീഷണി: ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റർ എം.ജി.രാധാകൃഷ്ണൻ
രണ്ടര മാസത്തോളം വിദേശത്ത് കഴിഞ്ഞശേഷം 2018 ഒക്ടോബറില്‍ സൗദിയില്‍ തിരിച്ചെത്തിയ അഹമ്മദ് രാജകുമാരന്‍ സജീവമായി രംഗത്തില്ല. ഈ വിദേശ വാസത്തിനിടയില്‍ ലണ്ടനിലെ വീടിനു മുന്നില്‍ അല്‍ സൗദ് രാജകുടുംബത്തിനെതിരെ മുദ്രാവാക്യം മുഴക്കിയ പ്രതിഷേധക്കാരോട് സൗദി നേതൃത്വത്തിനെതിരെ അദ്ദേഹം സംസാരിച്ചിരുന്നു.
2017-ല്‍ മുഹമ്മദ് ബിന്‍ സല്‍മാനെ കിരീടാവകാശിയായി പ്രഖ്യാപിച്ച കൗണ്‍സിലില്‍ ഈ തീരുമാനത്തെ എതിര്‍ത്ത മൂന്നു പേരില്‍ ഒരാളാണ് അഹമ്മദ്. അല്‍ സൗദ് കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങള്‍ അടങ്ങിയതാണ് ഈ കൗണ്‍സില്‍. അതിനുശേഷം മുഹമ്മദ് ബിന്‍ നയെഫിന്റെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുകയും നിരീക്ഷിക്കുകയും ചെയ്തിരുന്നു.
പ്രാദേശിക എതിരാളിയായ ഇറാനുമായുള്ള സംഘര്‍ഷം വര്‍ധിക്കുമ്പോഴും മുഹമ്മദ് രാജകുമാരന്‍ സാമൂഹിക, സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നടപ്പാക്കുകയും ചെയ്യുമ്പോഴാണ് പുതിയ അറസ്റ്റുകള്‍ ഉണ്ടായിരിക്കുന്നത്.