ദോഹ: ഖത്തറിനെതിരായ നടപടികൾ പിൻവലിക്കാൻ സൗദി മുന്നോട്ട് വച്ച 13 ഉപാധികൾ അംഗീകരിക്കാനുള്ള സമയം രണ്ടു ദിവസം കൂടി നീട്ടി. ഉപാധികൾ പാലിക്കാൻ തയ്യാറാകുന്നില്ലെങ്കിൽ ഖത്തറിനെതിരെ എന്ത് നടപടി സ്വീകരിക്കണമെന്ന് തീരുമാനിക്കാൻ ഉപരോധം ഏർപ്പെടുത്തിയ രാഷ്ട്ര തലവന്മാർ ബുധനാഴ്ച യോഗം ചേരും.
സൗദി അറേബ്യ, യുഎഇ, ബഹ്റൈൻ, ഈജിപ്ത് എന്നീ രാജ്യങ്ങൾ ഖത്തറിന് നൽകിയ സമയം ഇന്ന് അവസാനിക്കാനിരിക്കേയാണ് രണ്ട് ദിവസം കൂടി സമയം നീട്ടി നൽകിയത്. എന്നാൽ ഈ 13 ഉപാധികളും തള്ളിയ ഖത്തർ വിഷയത്തിൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്.
കുവൈത്ത് അമീർ ഷെയ്ഖ് സബാഹുമായുള്ള കൂടിക്കാഴ്ചയ്ക്കായി ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി ഇന്നു കുവൈത്ത് സന്ദർശിക്കുന്നുണ്ട്. രാഷ്ട്രങ്ങൾക്കിടയിൽ മധ്യസ്ഥ ശ്രമങ്ങൾ നടത്തുന്നത് കുവൈത്ത് അമീർ ഷെയ്ഖ് സബാഹാണ്.
ഖത്തറിനെതിരായ നിലപാടുകൾ കൂടുതൽ കടുത്തതാകാതിരിക്കാനുള്ള ഇടപെടലാണ് കുവൈത്ത് അീർ നടത്തുന്നത്. അതേസമയം രാഷ്ട്രങ്ങൾക്കിടയിലെ തർക്കത്തിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിനും ഇടപെട്ടിട്ടുണ്ട്. ഖത്തർ നിലപാട് മാറ്റണമെന്ന് ആവശ്യപ്പെട്ട ബഹ്റൈൻ ഭരണാധികാരി ഹമദ് ബിൻ ഈസയുമായും ഖത്തർ അമീറായ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുമായും പുടിൻ ഫോണിൽ സംഭാഷണം നടത്തി.
ഭീകരർക്ക് സാമ്പത്തിക സഹായം നൽകിയ കാരണേ ചൂണ്ടിക്കാട്ടി, മെയ് അഞ്ചിനാണു സൗദി അറേബ്യയും മറ്റു രാജ്യങ്ങളും ഖത്തറുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിച്ചത്.