ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെതിരെ അഴിമതി ആരോപണവുമായി മുൻ മന്ത്രി കപിൽ മിശ്ര. ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയ്‌ൻ രണ്ടു കോടി രൂപ കേജ്‌രിവാളിനു നൽകുന്നത് താൻ കണ്ടുവെന്നും അന്നു രാത്രി തനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ലെന്നുമാണ് കപിൽ മിശ്ര പറഞ്ഞിരിക്കുന്നത്. കേജ്‌രിവാളിന്റെ ബന്ധുവിന് വേണ്ടി 50കോടിയുടെ ഭൂമിയിടപാട് നടത്തിയെന്നും ജെയ്ൻ എന്നോട് പറഞ്ഞു. കേജ്‌രിവാളിനോട് ഇതേക്കുറിച്ച് ചോദിച്ചപ്പോൾ ഇത്തരം കാര്യങ്ങൾ രാഷ്ട്രീയത്തിൽ നടക്കുമെന്നായിരുന്നു മറുപടി നൽകിയതെന്നും മിശ്ര വ്യക്തമാക്കി.

ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബെയ്ജാലിനെ സന്ദര്‍ശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കപിൽ മിശ്ര. കൈക്കൂലിയുടെ തെളിവുകളെല്ലാം ലഫ്റ്റനന്റ് ഗവർണർക്കു കൈമാറിയെന്നും മിശ്ര വ്യക്തമാക്കി. അതേസമയം, കപിൽ മിശ്രയുടെ ആരോപണങ്ങളെ ഡൽഹി ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയ തള്ളി. പാർട്ടിക്കെതിരെയുളള ഇത്തരം ആരോപണങ്ങൾ മറുപടി അർഹിക്കുന്നതല്ല. ഇതൊന്നും ആരും വിശ്വസിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

പഞ്ചാബ് തിരഞ്ഞെടുപ്പിനു മുന്നോടിയായി എഎപി നടത്തിയ പണ്ട് ശേഖരണത്തെക്കുറിച്ചും കപിൽ മിശ്ര പ്രതികരിച്ചു. ”ഞാൻ കേജ്‌രിവാളിനെ വിശ്വസിച്ചു. അദ്ദേഹം കറയറ്റ രാഷ്ട്രീയക്കാരനാണെന്ന് കരുതി. പഞ്ചാബ് തിരഞ്ഞെടുപ്പിലെ സാമ്പത്തിക ചെലവുമായി ബന്ധപ്പെട്ട് പാർട്ടിയിൽ നിരവധി പ്രശ്നങ്ങളുണ്ടായിരുന്നു. കേജ്‌രിവാൾ ഇതിനെതിരെ നടപടിയെടുക്കുമെന്നാണ് കരുതിയത്. കഴിഞ്ഞ രണ്ടു വർഷമായി ഇതിൽ എനിക്കദ്ദേഹത്തിൽ വിശ്വാസമുണ്ടായിരുന്നു”വെന്നും മിശ്ര പറഞ്ഞിരുന്നു.

ഇന്നലെ ജലവിഭവമന്ത്രി സ്ഥാനത്തുനിന്നും കപിൽ മിശ്രയെ നീക്കിയിരുന്നു. വകുപ്പ് കൈകാര്യം ചെയ്യുന്നതിൽ പാകപ്പിഴകൾ വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് മിശ്രയെ നീക്കിയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ