/indian-express-malayalam/media/media_files/uploads/2022/05/Satyendar-Jain-.jpg)
ന്യൂഡൽഹി: ഹവാല ഇടപാട് കേസിൽ ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. സത്യേന്ദർ ജയിനുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന നാല് കമ്പനികൾ വഴി കള്ളപ്പണം വെളുപ്പിച്ചുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിൽ അഴിമതി നിരോധന നിയമപ്രകാരം 2017ൽ സിബിഐ രജിസ്റ്റർ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇഡിയുടെ കേസ്.
കഴിഞ്ഞ മാസം, അകിഞ്ചൻ ഡെവലപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, ഇൻഡോ മെറ്റൽ ഇംപെക്‌സ് പ്രൈവറ്റ് ലിമിറ്റഡ്, പര്യാസ് ഇൻഫോസല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ്, മംഗ്ലായതൻ പ്രോജക്‌ട്‌സ് പ്രൈവറ്റ് ലിമിറ്റഡ്, ജെജെ ഐഡിയൽ എസ്റ്റേറ്റ് പ്രൈവറ്റ് ലിമിറ്റഡ് എന്നി കമ്പനികളുടെ 4.81 കോടി രൂപയുടെ വസ്തുവകകൾ ഇഡി താൽകാലികമായി കണ്ടുകെട്ടുകയും, സ്വാതി ജെയിൻ, സുശീല ജെയിൻ, അജിത് പ്രസാദ് ജെയിൻ, ഇന്ദു ജെയിൻ എന്നിവരുടെ സ്വത്തുക്കൾ അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് കണ്ടുകെട്ടുകയും ചെയ്തിരുന്നു.
2015-16 കാലയളവില്‍ കേന്ദ്രസർക്കാർ ഉദ്യോഗസ്ഥനായിരിക്കെ സത്യേന്ദ്ര ജെയിന്‍ വിവിധ കടലാസ് കമ്പനികളിലൂടെ 4.81 കോടി രൂപ അനധികൃതമായി കൈപ്പറ്റിയെന്നും, പണം കൊല്‍ക്കത്തയിലേക്ക് ഹവാല ഇടപാടിലൂടെ കടത്തിയെന്നുമാണ് എന്‍ഫോഴ്സമെന്‍റ് ഡയറക്ടറേറ്റിന്‍റെ കണ്ടെത്തല്‍. ഈ പണമുപയോഗിച്ച് മന്ത്രിഡൽഹിയിൽ ഭൂമി വാങ്ങുകയോ കൃഷിഭൂമിയുടെ വായ്പ തിരിച്ചടക്കുകയോ ചെയ്‌തെന്നും ഇഡി പറയുന്നു.
കേസിൽ 2018-ൽ ചോദ്യം ചെയ്ത ശേഷം അടുത്തിടെയാണ് ഇഡി വീണ്ടും ജെയിനിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തത്.
2015-16ൽ പ്രയാസ് ഇൻഫോ സൊല്യൂഷൻസ്, അക്കിഞ്ചൻ ഡെവലപ്പേഴ്‌സ്, മണഗല്യാടൻ പ്രൊജക്‌ട്‌സ്, ഇൻഡോ-മെറ്റൽ ഇംപെക്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയിലൂടെ 4.63 കോടി രൂപ കൈപ്പറ്റിയെന്നാണ് ആരോപണം. ഈ കാലയളവിൽ ജെയ്‌നും ഭാര്യയും ഈ കമ്പനികളുടെ മൂന്നിലൊന്ന് ഓഹരികൾ കൈവശം വച്ചിരുന്നതായും അവർ പറഞ്ഞിരുന്നു.
ഡയറക്‌ടർ എന്ന നിലയിലോ ഈ കമ്പനികളുടെ മൂന്നിലൊന്ന് ഓഹരികൾ തന്റെ പേരിലോ കുടുംബാംഗങ്ങളുടെ പേരിലോ മറ്റുള്ളവരുടെ പേരിലോ കൈവശം വച്ചോ ജെയിൻ ഈ കമ്പനികളെ നിയന്ത്രിച്ചിരുന്നതായാണ് സിബിഐയുടെ ആരോപണം.
ഇതിനുപുറമെ, "പൊതുപ്രവർത്തകൻ ആകുന്നതിന് മുമ്പ്, 2010-12 കാലയളവിൽ ഈ കമ്പനികൾ വഴിയും ന്യൂഡൽഹി ആസ്ഥാനമായുള്ള മറ്റ് സ്ഥാപനങ്ങൾ വഴിയും 11.78 കോടി രൂപ വെളുപ്പിച്ചതിൽ ഇയാൾ ഉൾപ്പെട്ടിട്ടുണ്ടെന്ന്" സിബിഐ പറഞ്ഞു.
2010 നും 2016 നും ഇടയിൽ ഡൽഹിയിലെ ഔചണ്ടി, ബവാന, കരാല, മുഹമ്മദ് മസ്‌വി ഗ്രാമങ്ങളിൽ ഭൂമി വാങ്ങികൂട്ടിയെന്നുമാണ് സിബിഐ വൃത്തങ്ങൾ പറയുന്നത്.
അതേസമയം, സിബിഐയുടെ ആരോപണങ്ങൾ എഎപി നിഷേധിച്ചു, ഷെൽ കമ്പനികളിലും ബിനാമി ഭൂമി ഇടപാടുകളിലും ജെയിന് പങ്കുണ്ടെന്ന റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്ന് പാർട്ടി പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.