ബെലഗവി: അന്ധവിശ്വാസങ്ങള്‍ തുടച്ചു നീക്കാന്‍ വേറിട്ടൊരു പോരാട്ടവുമായി രംഗത്തെത്തിയിരിക്കുകയാണ് കര്‍ണാടകയിലെ മുന്‍ മന്ത്രിയായ സതീഷ് ജര്‍കിഹൊളി. എല്ലാ വര്‍ഷവും ഒരു രാത്രി സെമിത്തേരിയില്‍ കിടന്നുറങ്ങുക എന്നതാണ് ഇദ്ദേഹം സ്വീകരിച്ച മാര്‍ഗം.

വര്‍ഷം തോറും ഡിസംബര്‍ ആറിനാണ് ജര്‍കിഹൊളി സെമിത്തേരിയില്‍ ഉറങ്ങാനെത്തുന്നത്. തുടക്കത്തില്‍ ജര്‍കിഹൊളി തനിച്ചായിരുന്നെങ്കിലും അന്തവിശ്വാത്തിനെതിരെ ഉള്ള ഈ പോരാട്ടത്തില്‍ ഇപ്പോള്‍ ഇദ്ദേഹത്തോടൊപ്പം അമ്പതിനായിരത്തോളം ആളുകളാണുളളത്. അന്ധവിശ്വാസങ്ങള്‍ക്കെതിരെയുള്ള ബോധവല്‍ക്കരണ ക്ലാസ്സുകളും ഇതോടനുബന്ധിച്ച് നടത്താറുണ്ട്.

സെമിത്തേരിയില്‍ നിലത്ത് കിടക്ക വിരിച്ചാണ് അന്നേദിവസം എല്ലാവരും ഉറങ്ങുക. ഇക്കുറി ജര്‍കഹൊളിക്ക് പിന്തുണയുമായി ബിഎംടിസി ചെയര്‍മാന്‍ നാഗരാജ് യാദവും ഒപ്പമുണ്ടായിരുന്നു. കര്‍ണാടകയിലെ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും പൂര്‍ണമായും ഒഴിവാക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും അത് നേടുംവരെ പോരാട്ടം തുടരുമെന്നും ജര്‍കഹൊളി പറയുന്നു. ഇതിന്റെ ഭാഗമായി പ്രതിഷേധപരിപാടികള്‍ കൂടുതല്‍ ശക്തമാക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സെമിത്തേരിയില്‍ ഇത്തരം പരിപാടികള്‍ നടത്താന്‍ സമ്മതിക്കരുതെന്ന് ആവശ്യപ്പെട്ട് രാഷ്ട്രീയ എതിരാളികള്‍ ജര്‍കിഹൊളിക്കെതിരെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് പരാതി നല്‍കിയുന്നു. എന്നാല്‍, പരാതി സ്വീകരിച്ചതല്ലാതെ ഹൈക്കമാന്‍ഡ് ഇത്തരം കാര്യങ്ങളില്‍ ഇടപെടാന്‍ തയ്യാറായില്ല. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള യുക്തിവാദികളെയും പ്രഗത്ഭരായ ചിന്തകരെയും ഉള്‍പ്പെടുത്തി അടുത്ത ഡിസംബര്‍ 6ന് വിപുലമായ പരിപാടി സംഘടിപ്പിക്കാനാണ് ജര്‍കഹൊളിയുടെ തീരുമാനം.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ