ന്യൂഡല്‍ഹി: ഇന്ത്യ വ്യോമാക്രമണം നടത്തിയെന്ന് അവകാശപ്പെടുന്ന പാകിസ്ഥാനിലെ ബാലകോട്ടില്‍ ജെയ്ഷെ മുഹമ്മദിന്റെ ഭീകരവാദ പരിശീലന കേന്ദ്രങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നതായി റിപ്പോര്‍ട്ട്. ബാലകോട്ടില്‍ പ്രവര്‍ത്തിക്കുന്ന ജെയ്ഷെ മുഹമ്മദിന്റെ മദ്രസാ കേന്ദ്രങ്ങള്‍ അവിടെ തന്നെയുണ്ടെന്നും കെട്ടിടങ്ങള്‍ക്ക് കേടുപാടുകളില്ലെന്നും ഹൈ റെസല്യൂഷന്‍ ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

സാന്‍ ഫ്രാന്‍സിസ്‌കോ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ സാറ്റ്ലൈറ്റ് ഓപ്പറേറ്ററായ ‘ലാബ്സ് ഐഎന്‍സി’ പുറത്തുവിട്ട ചിത്രം അധികരിച്ചാണ് റോയിട്ടേഴ്സ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബാലകോട്ടിലുള്ള കെട്ടിടങ്ങള്‍ക്ക് കേടുപാടുകളില്ലെന്ന് സാറ്റ്ലൈറ്റ് ചിത്രങ്ങളില്‍ നിന്ന് വ്യക്തമാകുന്നതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

2018 ഏപ്രിലില്‍ ലഭ്യമായ സാറ്റ്ലൈറ്റ് ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ബാലക്കോട്ടില്‍ ഒന്നും കാണാനായിട്ടില്ല. കെട്ടിടങ്ങളുടെ മേല്‍ക്കൂരകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടില്ല, ഭിത്തികള്‍ തകര്‍ന്നതായി കാണാനില്ല, സ്ഥലത്തെ മരങ്ങള്‍ നശിച്ചിട്ടില്ലെന്നും റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. വ്യോമാക്രമണം നടത്തിയതായി ഇന്ത്യ അവകാശപ്പെടുന്ന ബാലകോട്ടില്‍ ജെയ്ഷെ മുഹമ്മദിന്റെ നേതൃത്വത്തിലുള്ള മദ്രസകള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ആക്രമണം നടത്തിയതായി അവകാശപ്പെടുന്നതിന്റെ ആറ് ദിവസങ്ങള്‍ക്ക് ശേഷമുള്ള ഉപഗ്രഹ ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. വ്യോമാക്രമണത്തിന്റെ ഭാഗമായി ഉണ്ടായേക്കാവുന്ന നാശനഷ്ടങ്ങളൊന്നും ഉപഗ്രഹ ചിത്രങ്ങളില്‍ നിന്ന് കണ്ടെത്താനായിട്ടില്ലെന്നും റോയിട്ടേഴ്സിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

എന്നാല്‍, റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയമോ പ്രതിരോധ മന്ത്രാലയമോ പ്രതികരിച്ചിട്ടില്ലെന്നും റോയിട്ടേഴ്സ് പറയുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ