സോൾ: ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉൻ ജീവനോടെയുണ്ടെന്ന വാർത്തകളെ സ്ഥിരീകരിക്കുന്ന സാറ്റലൈറ്റ് ചിത്രം പുറത്ത്. കിം ജോങ് ഉപയോഗിക്കുന്ന ആഢംബര ബോട്ടുകളുടെ സമീപകാല ചലനങ്ങളുടെ സാറ്റലൈറ്റ് ദൃശ്യങ്ങൾ വോൻസനിലെ കോസ്റ്റൽ റിസോർട്ടിലാണ് അദ്ദേഹമുളളതെന്ന് സൂചിപ്പിക്കുന്നതാണെന്ന് വിദഗ്‌ധർ പറയുന്നു. ഉത്തര കൊറിയയെ നിരീക്ഷിക്കുന്ന വെബ്സൈറ്റായ എൻകെ പ്രോ ആണ് സാറ്റലൈറ്റ് ചിത്രങ്ങളെ ആധാരമാക്കി കിം വോൻസനിലുണ്ടെന്ന് റിപ്പോർട്ട് ചെയ്തത്.

വോൻസനിലെ കിമ്മിന്റെ ആഡംബര വില്ലയ്ക്കു സമീപത്തായുളള സ്റ്റേഷനിൽ അദ്ദേഹത്തിന്റെ പേഴ്സണൽ ട്രെയിൻ നിർത്തിയിട്ടിരിക്കുന്നതായി സാറ്റലൈറ്റ് ചിത്രങ്ങളിൽനിന്നും വ്യക്തമായെന്ന് കഴിഞ്ഞ ആഴ്ച യുഎസ് ആസ്ഥാനമായുളള 38 നോർത്ത് റിപ്പോർട്ട് ചെയ്തിരുന്നു.

കൊറോണ വൈറസിൽനിന്നും രക്ഷപ്പെടാനായാണ് കിം ജോങ് ഉൻ വോൻസനിലേക്ക് മാറിയതെന്നാണ് ദക്ഷിണ കൊറിയയിലെയും യുഎസ്സിലെയും അധികൃതർ പറയുന്നത്. കിമ്മിന്റെ ആരോഗ്യവും സ്ഥലവും രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണെന്നും വിശ്വസനീയമായ വിവരങ്ങൾ ഉത്തര കൊറിയയിൽ ലഭിക്കുന്നത് ബുദ്ധിമുട്ടാണെന്നും അവർ പറയുന്നു.

Read Also: ഒന്നും പറ്റിയിട്ടില്ല; കിം ജോങ് ഉൻ ജീവനോടെയുണ്ടെന്ന് ദക്ഷിണ കൊറിയ

രാജ്യത്തിന്റെ കിഴക്കൻ തീരത്തുള്ള വോൻസാനിലെ കിമ്മിന്റെ കടൽത്തീര സൗധം ഗസ്റ്റ് വില്ലകളാൽ നിറഞ്ഞതാണ്. കൂടാതെ സ്വകാര്യ ബീച്ച്, ബാസ്കറ്റ്ബോൾ കോർട്ട്, പ്രൈവറ്റ് ട്രെയിൻ സ്റ്റേഷൻ എന്നിവയും ഇവിടെയുളളതായി സാറ്റലൈറ്റ് ചിത്രങ്ങളെ ആസ്പദമാക്കി വിദഗ്‌ധർ പറയുന്നു. “ഇത് അദ്ദേഹത്തിന്റെ പ്രിയപ്പെട്ട വീടുകളിൽ ഒന്നാണ്” യുഎസ് ആസ്ഥാനമായുള്ള സ്റ്റിംസൺ സെന്ററിലെ ഉത്തര കൊറിയ നേതൃത്വ വിദഗ്ധൻ മൈക്കൽ മാഡൻ പറഞ്ഞതിങ്ങനെ. വോൻസനുമായുള്ള കിമ്മിന്റെ അടുപ്പത്തെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രിയപ്പെട്ട റിസോർട്ടായ ഫ്ലോറിഡയിലെ മാർ-എ-ലാഗോയുമായാണ് അദ്ദേഹം താരതമ്യപ്പെടുത്തിയത്.

വോൻസൻ കിമ്മിന്റെ ജനന സ്ഥലമെന്നാണ് ചിലർ വിശ്വസിക്കുന്നത്. കാരണം തന്റെ ബാല്യകാലം കൂടുതലും കിം ചെലവഴിച്ചത് ഇവിടുത്തെ കൊട്ടാരത്തിലാണ്. എന്നാൽ കിം ഇവിടെയാണ് ജനിച്ചതെന്നതിന് ഔദ്യോഗിക രേഖകളൊന്നും ഇല്ല. കിംസിനായി ജോലി ചെയ്യുകയും വോൻസൻ സന്ദർശിക്കുകയും ചെയ്ത ജാപ്പനീസ് ഷെഫ് കെഞ്ചി ഫുജിമോട്ടോ യുവാവായ കിം ജോങ് ഉൻ ബാസ്കറ്റ് ബോൾ കളിക്കുന്നതും ജെറ്റ് സ്കീസ് ഓടിക്കുന്നും നീന്തൽ കുളത്തിൽ കളിക്കുന്നതും തന്റെ ഓർമ്മക്കുറിപ്പുകളിൽ വിവരിച്ചിട്ടുണ്ട്.

തന്റെ മുത്തച്ഛനും രാജ്യത്തിന്റെ മുന്‍ ഭരണത്തലവനുമായ കിം ഇല്‍ സുങ്ങിന്റെ ജന്മദിനാഘോഷച്ചടങ്ങ് കിം ജോങ് ഉൻ ഒരിക്കലും ഒഴിവാക്കിയിട്ടില്ല. എന്നാൽ ഇത്തവണ ഏപ്രിൽ 15 ന് നടന്ന ചടങ്ങിൽനിന്നും കിം വിട്ടുനിന്നതോടെയാണ് അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥ ഗുരുതരണമാണെന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കാൻ ഇടയാക്കിയത്.

Read in English: Satellite images of luxury boats further suggest Kim Jong Un at favoured villa

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook