ചെന്നൈ: സർക്കാരുണ്ടാക്കാൻ തന്നെ ക്ഷണിക്കാത്ത സഹചര്യത്തിൽ ശശികല സമരത്തിനൊരുങ്ങുന്പോൾ, പനീർശെൽവം കൂടുതൽ ശക്തിയാർജ്ജിക്കുകയാണ്. ഇന്ന് രാവിലെയും ശശികല പക്ഷത്തുനിന്ന് മൂന്ന് എം.പിമാര്‍ പനീര്‍ ശെല്‍വത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തുവന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇന്ന് ശശികല വീണ്ടും എം.എല്‍.എമാരുമായി കൂടിക്കാഴ്ച്ച നടത്തും. എം.എല്‍.എമാരെ താമസിപ്പിച്ചിരിക്കുന്ന കൂവത്തൂരിലെ റിസോര്‍ട്ടില്‍ വൈകുന്നേരത്തോടെ ശശികല എത്തുമെന്നാണ് സൂചന.

അതിനിടെ, കൂവത്തൂരിലെ ഗോള്‍ഡന്‍ ബേ റിസോര്‍ട്ടില്‍ നിന്ന് പുറത്ത് വിടണമെന്നാവശ്യപ്പെട്ട് എം.എല്‍.എ മാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതായും റിപ്പോര്‍ട്ട് വന്നിട്ടുണ്ട്. നിലവില്‍ ഏഴ് എം.എല്‍.എമാരാണ് പനീര്‍ശെല്‍വത്തിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത്. മൂന്ന് എംപി മാർ പരസ്യപിന്തുണയോടെ പനീർശെൽവം പക്ഷത്തേക്ക് നീങ്ങിയതിനൊപ്പം റിസോർട്ടിൽ കഴിയുന്ന എംഎൽഎ മാരിൽ പത്തു പേർ പുറത്തുവിടണമെന്ന ആവശ്യം ഉയർത്തിയതായാണ് സൂചന.

ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവു മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച തീരുമാനം വൈകിക്കുന്നത് പാര്‍ട്ടി പിളര്‍ത്താനാണെന്ന ആരോപണം ഉന്നയിച്ച ശശികല സമരം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

എഐഎഡിഎംകെ യുടെ തൂത്തുക്കുടിയിൽ നിന്നുള്ള എംപി സെങ്കുട്ടുവൻ, വേലൂർ ലോക്‌സഭ മണ്ഡലത്തിൽ നിന്നുള്ള എംപി ജയ്സിംഗ് ത്യാഗരാജ്, പേരാന്പല്ലൂർ എംപി മരുതുരാജ എന്നിവരാണ് ഞായറാഴ്ച പിന്തുണ പ്രഖ്യാപിച്ചത്.

ഗവർണർ പനീർശെൽവത്തിന് അനുകൂലമായ റിപ്പോർട്ടാണ് കേന്ദ്രത്തിന് നൽകിയിരിക്കുന്നത്. കേന്ദ്രം പനീർശെൽവത്തിന് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന അഭ്യൂഹങ്ങൾ ഉയർന്നിട്ടുണ്ട്. എംഎൽഎ മാരുടെ പിന്തുണ നിലനിർത്താൻ ശശികല ശ്രമിക്കുന്പോൾ പരമാവധി എംപി മാരെ കൂടെ നിർത്തുകയാണ് പനീർശെൽവം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook