ചെന്നൈ: ഒന്നരക്കോടി പാർട്ടി പ്രവർത്തകരുടെ പിന്തുണ തനിക്കുണ്ടെന്ന് അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി ശശികല. ജനാധിപത്യത്തെ മാനിച്ചാണ് മൗനം പാലിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ കക്ഷിയാണ് എഐഎഡിഎംകെ. ഒന്നരക്കോടി പ്രവർത്തകർ ഉള്ള പാർട്ടിയെ ആർക്കും തകർക്കാൻ കഴിയില്ല. ജയലളിതയുടെ ആത്മാവ് ഇപ്പോഴും നമുക്കൊപ്പമുണ്ടെന്നും ശശികല പറഞ്ഞു.

Read More: ഒ.പനീർസെൽവം കൂടുതൽ കരുത്താർജ്ജിക്കുന്നു; ശശികല പക്ഷത്തുനിന്നും രണ്ടു എംപിമാർ കൂടി കൂറുമാറി

തമിഴകത്തിന്റെ നന്മയെ കരുതി തീരുമാനം വേഗം എടുക്കണമെന്നാവശ്യപ്പെട്ട് ഗവർണർക്ക് ശശികല കത്തയയ്ക്കുകയും ചെയ്തു. എംഎൽഎമാർക്കൊപ്പം ഇന്നു വൈകിട്ട് ഗവർണറെ കാണാൻ സമയം അനുവദിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സത്യപ്രതിജ്ഞ വൈകുന്ന സാഹചര്യത്തിലാണ് ശശികല കത്തയച്ചത്. അതിനിടെ ജയലളിത താമസിച്ചിരുന്ന പോയസ് ഗാർഡനിലെ ജയലളിതയുടെ വസതിയായ വേദനിലയം സ്‌മാരകമാക്കാനുള്ള തീരുമാനം കാവൽ മുഖ്യമന്ത്രിയായ ഒ.പനീർശെൽവം എടുത്തു. ഇത് സംബന്ധിച്ച് ഉത്തരവിൽ ഇദ്ദേഹം ഒപ്പുവച്ചു. വേദനിലയത്തിലാണ് ഇപ്പോൾ എഐഎഡിഎംകെ ജനറൽ സെക്രട്ടറിയായ ശശികല താമസക്കുന്നത്. ശക്തമായ കരുനീക്കങ്ങൾ നടത്തുന്നതിനിടെ വേദനിലയത്തിൽ നിന്ന് ശശികലയ്ക്ക് താമസം മാറേണ്ടി വരും.

Read More: ശശികലയ്ക്കെതിരെ സമരത്തിന് ആഹ്വാനം ചെയ്ത് മറീന ബീച്ചിൽ പ്രതിഷേധയോഗം

അതേസമയം, അനധികൃത സ്വത്തു സന്പാദന കേസിൽ സുപ്രീം കോടതി വിധി വന്നതിനു ശേഷം മന്ത്രിസഭ രൂപീകരിക്കാൻ ശശികലയെ ക്ഷണിച്ചാൽ മതിയെന്നാണു ഗവർണർക്ക് ലഭിച്ചിരിക്കുന്ന നിയമോപദേശമെന്നും ഇതിനാലാണ് തീരുമാനം വൈകുന്നതെന്നും സൂചനയുണ്ട്. മാത്രമല്ല, ശശികലയ്ക്കെതിരായ അനധികൃത സ്വത്തുസന്പാദന കേസിൽ ഒരാഴ്ചയ്ക്കകം വിധി പറയുമെന്നു കഴിഞ്ഞ ചൊവ്വാഴ്ച സുപ്രീംകോടതി അറിയിച്ചിരുന്നു. ശശികല സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്ത​ ശേഷമാണ് വിധി വരുന്നതെങ്കിൽ അവർ രാജി വയ്ക്കേണ്ടി വരും. ഈ സാഹചര്യത്തിൽ കാവൽ മുഖ്യമന്ത്രിയായി ഒ.പനീർസെൽവം തുടരാനാണ് സാധ്യത.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ