ചെന്നൈ: മുഖ്യമന്ത്രി ആരെന്നത് സംബന്ധിച്ച് ഗവർണ്ണറുടെ തീരുമാനം വൈകുന്നതിനെതിരെ ശശികല സമരത്തിലേക്ക് നീങ്ങുന്നു. ഗവർണർ വിദ്യാസാഗർ റാവുവിന്റെ വസതിയായ രാജ്ഭവന് മുന്നിലോ ജയലളിതയുടെ ശവകുടീരത്തിന് മുന്നിലോ ആയിരിക്കും നിരാഹാര സമരം നടത്തുകയെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്.

പാര്‍ട്ടിയില്‍ പിളര്‍പ്പ് ഉണ്ടാക്കാനാണ് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു തീരുമാനം വൈകിപ്പിക്കുന്നതെന്ന് ഇന്നലെ ശശികല കുറ്റപ്പെടുത്തിയിരുന്നു. പ്രതിഷേധത്തിന്റെ മട്ടു മാറുമെന്ന് ഭീഷണി സ്വരത്തിൽ അവർ വ്യക്തമാക്കുകയും ചെയ്‌തു. ക്ഷമ പരീക്ഷകരുതെന്നും തമിഴ്‌നാടിന്റെ നന്മ കണക്കിലെടുത്ത് തീരുമാനം ഉടന്‍ അറിയിക്കണമെന്നും ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയതിന് പിന്നാലെയാണ് മാധ്യമങ്ങളോട് ശശികലയുടെ പ്രതികരണം. എന്നാൽ പനീർശെൽവം പക്ഷം ഗവർണ്ണറുടെ തീരുമാനം പരമാവധി വൈകിപ്പിക്കാനുള്ള ശ്രമത്തിലാണ്. ഇതിന് കേന്ദ്ര സർക്കാരിന്റെ പരോക്ഷ പിന്തുണയും ഉണ്ട്.

എല്ലാ എംഎല്‍എമാരും ഒന്നിച്ചുനില്‍ക്കണമെന്നും മറ്റുള്ളവരും അധികം താമസിക്കാതെ നമുക്കൊപ്പം ചേരുമെന്നും ശശികല മാധ്യമങ്ങളോട് പ്രതികരിച്ചു. ജയലളിത എന്നോടൊപ്പമുള്ളത്രയും കാലം ചിലരുടെ ഗൂഢാലോചനകളൊന്നും ഫലിക്കില്ല. പാര്‍ട്ടിയേയും സര്‍ക്കാരിനെയും നയിക്കേണ്ടത് എന്റെ ചുമതലയാണ്. ഒന്നരക്കോടി സഹോദരങ്ങളെയും സഹോദരിമാരെയും എനിക്കു നല്‍കിയിട്ടാണ് അമ്മ പോയത്- ശശികല പ്രവര്‍ത്തകരോടായി പറഞ്ഞു.

കാവല്‍ മുഖ്യമന്ത്രി പനീര്‍സെല്‍വത്തിനു പിന്തുണയുമായി കൂടുതല്‍ നേതാക്കള്‍ എത്തുന്ന സാഹചര്യത്തിലാണ് ശശികലയുടെ പുതിയ നീക്കം. ഇതിനിടെ തിരുപ്പൂര്‍ എംപി വി സത്യഭാമയും പനീര്‍സെല്‍വത്തിന് പിന്തുണയുമായെത്തി. മുതിര്‍ന്ന നേതാവും എഐഎഡിഎംകെ വക്താവുമായ പൊന്നയ്യന്‍ പനീര്‍സെല്‍വം ക്യാംപില്‍ ചേര്‍ന്നതിന് പിന്നാലെയാണ് സത്യഭാമയും മറുകണ്ടം ചാടിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook