ചെന്നൈ: കോടതിയിൽ കീഴടങ്ങാൻ ബെംഗളൂരുവിലേക്ക് പോകുന്നതിനു മുൻപായി അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി ശശികല മറീന ബീച്ചിലെ ജയലളിതയുടെ സമാധി സന്ദർശിക്കാനെത്തിയിരുന്നു. ജയലളിതയുടെ കല്ലറയിൽ മൂന്നു തവണ ആഞ്ഞടിച്ച് പ്രതിജ്ഞ ചെയ്ത ശേഷമാണ് ശശികല പോയത്. ശശികലയുടെ ശപഥമാണ് തമിഴ്നാട്ടിലെ ഇപ്പോഴത്തെ ചർച്ചാ വിഷയം.

ജയലളിതയുടെ കല്ലറയിൽ പുഷ്പാർച്ചന അർപ്പിച്ചു. അതിനുശേഷം അൽപസമയം പ്രാർഥിച്ചു. അതിനുശേഷമായിരുന്നു പാർട്ടി പ്രവർത്തകരെ സാക്ഷി നിർത്തിയുള്ള ചിന്നമ്മയുടെ ശപഥം. ചതി, ദ്രോഹം, പ്രതിസന്ധി ഇവയൊക്കെ തരണം ചെയ്ത് വീണ്ടും തിരിച്ചുവരുമെന്നാണ് ചിന്നമ്മ ശപഥം ചെയ്തതെന്ന് എഐഎഡിഎംകെ പിന്നീട് ട്വിറ്ററിൽ കുറിച്ചു.

ശപഥമെടുക്കുന്പോൾ മുൻ മന്ത്രിമാരായ വളർമതിയും ഗോകുല ഇന്ദിരയും ശശികലയ്ക്ക് പിന്നിലുണ്ടായിരുന്നു. ഇവർ ശശികലയുടെ ശപഥം കേട്ടിരിക്കാനിടയുണ്ട്. ശപഥം എന്തായാലും താൻ തിരിച്ചുവരുമെന്ന നിശ്ചയ ദാർഢ്യം ആ സമയത്ത് ശശികലയുടെ മുഖത്ത് പ്രകടമായിരുന്നു.

അനധികൃത സ്വത്ത് സന്പാദനക്കേസിൽ കീഴടങ്ങാൻ സമയം വേണമെന്ന ശശികലയുടെ ആവശ്യം സുപ്രീംകോടതി തള്ളിയിരുന്നു. ഇതേത്തുടർന്നാണ് കീഴടങ്ങാനായി ബെംഗളൂരുവിലേക്ക് പോയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ