ബെംഗളൂരു: അണ്ണാഡിഎംകെ മുൻ ജനറൽ സെക്രട്ടറി വി.കെ.ശശികല ജയിൽ മോചിതയായി. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ പാരപ്പന അഗ്രഹാര ജയിലിൽ നാലു വർഷത്തെ ശിക്ഷ പൂർത്തിയാക്കിയ ശശികല ഇന്നാണ് മോചിതയായത്. കോവിഡ് ബാധിച്ചതിനെ തുടർന്ന് ബെംഗളൂരുവിലെ ആശുപത്രിയിൽ ചികിൽസയിലാണ്.

ശശികല ചികിൽസയിൽ കഴിയുന്ന വിക്ടോറിയ ആശുപത്രിയിൽവച്ച് ഇന്നു രാവിലെയാണ് ജയിൽ നടപടികൾ പൂർത്തിയായത്. ജയിൽ ശിക്ഷ പൂർത്തിയായതിനാൽ ശശികലയെ ചിലപ്പോൾ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയേക്കും. ശശികലയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്.

കോവിഡ് ഭേദമായാൽ ഉടൻതന്നെ ശശികല ചെന്നൈയിലെത്തും. ശശികലയ്ക്ക് താമസിക്കുന്നതിനായി കുടുംബാംഗങ്ങൾ അഞ്ചു സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം. ശശികലയുടെ അനന്തരവൾ കൃഷ്ണപ്രിയയുടെ വസതിയോട് ചേർന്നുള്ള വീട്ടിൽ താമസിക്കാനാണ് കൂടുതൽ സധ്യത. ശശികലയുടെ ബന്ധു ഇളവരശിയുടെ മകളാണ് കൃഷ്ണപ്രിയ. അനധികൃത സ്വത്ത് സന്പാദന കേസിൽ കൂട്ടുപ്രതിയായിരുന്നു ഇളവരശി. 2017 ൽ അഞ്ചു ദിവസത്തെ പരോൾ ലഭിച്ചപ്പോൾ കൃഷ്ണപ്രിയയുടെ വീട്ടിലാണ് ശശികല താമസിച്ചത്.

Read More: ലോകത്ത് കോവിഡ് കേസുകളുടെ എണ്ണം പത്ത് കോടി കടന്നു

അനധികൃത സ്വത്ത് സന്പാദന കേസിൽ നാലു വർഷം തടവും 10 കോടി രൂപ പിഴയുമായിരുന്നു വിചാരണ കോടതി ശശികലയ്ക്ക് വിധിച്ച ശിക്ഷ. സുപ്രീം കോടതി ഇത് ശരിവയ്ക്കുകയും ചെയ്തു. ജഡ്‌ജിമാരായ പിനാകി ചന്ദ്ര ഘോഷും അമിതാവ റോയിയും ഉൾപ്പെട്ട ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ജയലളിത ആദ്യം മുഖ്യമന്ത്രിയായിരുന്ന 1991-96 കാലയളവിൽ 66.65 കോടി രൂപ അനധികൃതമായി സമ്പാദിച്ചെന്നാണ് കേസ്. ജയലളിത, ശശികല, ജയലളിതയുടെ വളർത്തുമകൻ സുധാകരൻ, ബന്ധു ഇളവരശി എന്നിവരാണ് കേസിലെ പ്രതികൾ.

2014 സെപ്‌റ്റംബർ 27ന് നാലു പ്രതികൾക്കും നാലു വർഷം തടവ് വിചാരണക്കോടതി വിധിച്ചു. പിഴയായി ജയലളിത 100 കോടി രൂപയും മറ്റുള്ളവർ 10 കോടി വീതവും അടയ്‌ക്കണമെന്നും കോടതി വിധിച്ചു. എന്നാൽ 2015 ൽ പ്രതികളുടെ അപ്പീൽ അനുവദിച്ച കർണാടക ഹൈക്കോടതി സിംഗിൾ ബെഞ്ച് നാലു പേരെയും കുറ്റവിമുക്‌തരാക്കി. ഇതിനെതിരെ കർണാടക സർക്കാരും ഡിഎംകെ നേതാവ് കെ.അൻപഴകനും നൽകിയ അപ്പീലിലാണ് സുപ്രീം കോടതി വിധി പറഞ്ഞത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook