ചെന്നൈ: സുപ്രീം കോടതി വിധിയെത്തുടർന്ന് അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി വി.കെ.ശശികല ചെന്നൈയിൽ എംഎൽഎമാരെ പാർപ്പിച്ചിരുന്ന റിസോർട്ട് വിട്ടു. ഇന്നലെ രാത്രിയാണ് ചെന്നൈയിലെ ഗോൾഡൻ ബേ റിസോർട്ടിൽ നിന്നും ശശികല തിരിച്ചത്. ബംഗളൂരു ജയിലിൽ കീഴടങ്ങാൻ സുപ്രീം കോടതി നിർദേശിച്ചതിനെ തുടർന്ന് ശശികല ഇന്ന് കീഴടങ്ങുമെന്നാണ് സൂചന.
വിധി കേട്ട ശേഷം പൊട്ടിക്കരഞ്ഞ ശശികല രാത്രി റിസോർട്ട് വിടുന്നതിനു മുൻപ് തന്നെ ഒരു ശക്തിക്കും പാർട്ടിയുമായുളള തന്റെ ബന്ധത്തെ പിരിക്കാനാവില്ലെന്ന് എംഎൽഎമാരോട് പറഞ്ഞു. താൻ എവിടെയാണെങ്കിലും പാർട്ടിയെക്കുറിച്ച് തന്നെയായിരിക്കും എപ്പോഴും ചിന്തയെന്നും അവർ പറഞ്ഞു.
“അവർക്കെന്നെ മാത്രമേ അഴിക്കുളളിലാക്കാൻ കഴിയൂ, എന്റെ പാർട്ടി സ്‌നേഹത്തെയും നിങ്ങളോടുളള സ്‌നേഹത്തെയും അഴിക്കുളളിലാക്കാൻ കഴിയില്ല. ഞാൻ ജയിലിൽ പോയാലും പാർട്ടിയേയും അണികളേയും കുറിച്ചുളള ചിന്തകൾ മാറില്ല. ഞാൻ എപ്പോഴും പാർട്ടിയെക്കുറിച്ചു തന്നെയായിരിക്കും ആലോചിക്കുന്നത് “, ശശികല പാർട്ടി ചാനലായ ജയ ടിവിയോട് പറഞ്ഞു.