വി.കെ.ശശികലയും ഒ. പനീർസെൽവവും തമ്മിൽ തമിഴ്‌നാട്ടിലെ  മുഖ്യമന്ത്രിക്കസേരയ്ക്കു വേണ്ടിയുളള പോരാട്ടം തുടരുമ്പോൾ, ശശികലയുടെ വിധി നിർണയിക്കുന്ന കടിഞ്ഞാൺ സുപ്രീം കോടതിയുടെ കൈകളിലാണ്. സുപ്രീം കോടതിയുടെ കൈവശമുള്ള ചാട്ടവാറിനാൽ ശശികലയുടെ രാഷ്ട്രീയഭാവിയെ നിഷ്‌പ്രഭമാക്കുകയോ അധികാരത്തിന്റെ ഉയരങ്ങളിലേയ്ക്കു കുതിക്കാനുളള ഗതിവേഗം നൽകുകയോ ചെയ്യാം. മുൻ മുഖ്യമന്ത്രി ജെ. ജയലളിതയും ശശികലയും കൂട്ടുപ്രതികളായ അഴിമതിക്കേസിൽ കോടതി ഈ ആഴ്ച വിധി പറയാനുള്ള സാധ്യതയുണ്ട്. വിധി ശശികലയ്ക്ക് എതിരാവുകയാണെങ്കിൽ അത് പനീർസെൽവത്തിനു അനുകൂലമായി മാറും. അതേസമയം വെറുതെ വിടുകയാണെങ്ങകിൽ ശശികലയുടെ അവകാശ വാദങ്ങൾ ബലപ്പെടുത്തും.

എന്താണ് കേസ്?
ഈ കേസ് രൂപം കൊളളുന്നത് 1996ലാണ്. ജയലളിത ആദ്യമായി അധികാരത്തിലേറിയ 1991-96 വരെയുളള കാലത്ത് മൂന്ന് കൂട്ടുപ്രതികളുമായി- ശശികലയും ശശികലയുടെ ബന്ധുക്കളായ ഇളവരശി, വി.എൻ.സുധാകരൻ (ജയലളിതായുടെ ‘ദത്ത് പുത്രൻ’) ചേർന്ന് 66.65 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിക്കാൻ ഗൂഢാലോചന നടത്തിയെന്നതാണ്. പ്രോസിക്യൂഷൻ കേസിൽ ജയലളിത പ്രധാന പ്രതിയും ബാക്കി മൂന്നു പേരും 32 സ്വകാര്യ സ്ഥാപനങ്ങളുടെ ബെനാമി ഉടമസ്ഥരായി എന്നതുമാണ്. മറ്റൊരു ആരോപണം കോടികൾ ചെലവഴിച്ച് നിർമ്മാണപ്രവർത്തനങ്ങളും പുതുക്കി പണിയലുകളും നടത്തി. ദത്ത് പുത്രന്റെ വിവാഹത്തിന് വൻതുകയുടെ ആഭരണങ്ങൾ വാങ്ങിക്കൂട്ടി.

വിചാരണയുടെ വഴി
ചെന്നൈ സ്‌പെഷൽ ജഡ്ജി 1997ൽ ജയലളിതയ്ക്കും കൂട്ടുപ്രതികളായ ശശികല, സുധാകരൻ, ഇളവരശി എന്നിവർക്ക് സമൻസ് അയച്ചു. ഐപിസിയിലെയും അഴിമതി നിരോധന നിയമത്തിലെയും വിവിധ വകുപ്പുകൾ ചേർത്ത് ഇവർക്കെതിരായി കേസെടുത്തു. എന്നാൽ പ്രതികൾ കുറ്റം നിഷേധിച്ചു. തെളിവുകൾ രേഖപ്പെടുത്തിക്കൊണ്ട് കേസ് ആരംഭിച്ചു.

ജയലളിത 2001-ൽ അധികാരത്തിലേയ്ക്ക് തിരിച്ചുവന്ന കാലയളവിൽ കേസ് തമിഴ്നാടിന് പുറത്തേക്ക് മാറ്റണം എന്നാവശ്യപ്പെട്ട് ഡിഎംകെ ജനറൽ സെക്രട്ടറി കെ.അൻപഴകൻ സുപ്രീം കോടതിയെ സമീപിച്ചു. 2003 നവംബറിൽ സുപ്രീം കോടതി ഈ അപേക്ഷ അംഗീകരിച്ചു. സ്വതന്ത്രവും നിർഭയവുമായി വിചാരണ നടത്തുന്നതിന് ബെംഗളൂരുവിൽ പ്രത്യേക കോടതി രൂപികരിച്ചു. കേസ് വീണ്ടും പുതുതായി ആരംഭിച്ചു.
സെപ്റ്റംബർ 2014ൽ പ്രത്യേക കോടതി നാല് പ്രതികളെയും ഐപിസി, അഴിമതി നിരോധനനിയമം എന്നിവയുടെ അടിസ്ഥാനത്തിൽ ശിക്ഷിച്ചു. ജയലളിതയ്ക്ക് നാല് വർഷം തടവും നൂറ് കോടി രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. ശശികല, സുധാകരൻ, ഇളവരശി എന്നിവരെ നാല് വർഷത്തെ തടവിനും പത്ത് കോടി രൂപ വീതം പിഴയുമാണ് ശിക്ഷിച്ചത്. വിധിയെ തുടർന്ന് ജയലളിത മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. – കോടതി ശിക്ഷക്കുന്നതോടെ ജനപ്രാതിനിധ്യനിയമപ്രകാരം നിയമസഭാംഗത്വം റദ്ദാക്കപ്പെടും- ജയലളിത, തന്റെ ധനമന്ത്രിയായിരുന്ന പനീർസെൽവത്തെ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് നിയമിച്ചു. പനീർസെൽവം 2014 സെപ്റ്റംബറിൽ മുഖ്യമന്ത്രിയായി സ്ഥാനമേറ്റു. ഇതിന് മുമ്പ് ജയലളിത താൻസി ഭൂമി കേസിൽ ശിക്ഷിക്കപ്പെട്ടപ്പോൾ 2001-02 കാലയളവിൽ ആറ് മാസക്കാലം പനീർസെൽവത്തെ ജയലളിത ഇതുപോലെ മുഖ്യമന്ത്രിയായി അവരോധിച്ചിരുന്നു.

ഹൈക്കോടതിയിൽ സംഭവിച്ചതെന്ത്?
മെയ് 2015ൽ ജയലളിത ഉൾപ്പടെ നാല് പ്രതികളെയും കർണാടക ഹൈക്കോടതി കുറ്റവിമുക്തരാക്കി. പ്രോസിക്യൂഷൻ പ്രതികളായവരുടെ സ്ഥാപനങ്ങൾ, കമ്പനികൾ നിർമ്മാണ പ്രവർത്തനം തുടങ്ങി എല്ലാ ആസ്തികളെയും സംബന്ധിച്ച കണക്കുകൾ കൂട്ടിക്കുഴച്ചുവെന്ന നിരീക്ഷണമാണ് നടത്തിയത്. 27.8 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനവും വിവാഹ ചെലവായ 6.45 കോടി രൂപയും എല്ലാം കൂട്ടിചേർത്താണ് 66.45 കോടി എന്ന കണക്കിലെത്താൻ ഇവയെല്ലാം കൂട്ടിക്കുഴച്ചു. അനധികൃത സ്വത്ത് 8.12% മാത്രമേയുളളൂവെന്ന് നിരീക്ഷിച്ച ഹൈക്കോടതി, 10% വരെ അനധികൃത ആസ്തി ആണ് ഉളളതെങ്കിൽ പ്രതികളെ കുറ്റവിമുക്തരാക്കാമെന്ന സുപ്രീം കോടതിയുടെ മുൻ റൂളിങ്ങിന്റെ അടിസ്ഥാനത്തിലാണ് കുറ്റവിമുക്തരാക്കിയത്.

ഹൈക്കോടതി ജഡ്ജി സി.ആർ.കുമാരസ്വാമിയുടെ നിരീക്ഷണം ഇങ്ങനെയായിരുന്നു : “അനധികൃത സ്വത്ത് സമ്പാദനം 10%ത്തേക്കാൾ കുറവാണെന്നും അത് അനുവദനീയമായ പരിധിയിലാണെന്നും അതിനാൽ പ്രതികളെ കുറ്റവിമുക്തരാക്കാം. പ്രധാന പ്രതി (ജയലളിത) യെ കുറ്റവിമുക്തയാക്കുമ്പോൾ, കേസിൽ ചെറിയ റോൾ മാത്രമമുള്ള മറ്റ് പ്രതികളും ആ ഇളവിന് അർഹരാണ്.” കുറ്റവിമുക്തയായ ജയലളിത മുഖ്യമന്ത്രി പദത്തിലേയ്ക്ക് തിരിച്ചെത്തി.

കേസ് സുപ്രീം കോടതിയിലേയ്ക്ക് പോയതെങ്ങനെ?
കർണാടക സർക്കാർ പ്രതികളെ വെറുതെ വിട്ടുകൊണ്ടുളള ഹൈക്കോടതി വിധിക്കെതിരെ മേൽ കോടതിയെ സമീപിക്കുകയും ശിക്ഷ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. കർണാടക ഹൈക്കോടതിയുടെ കണക്കുകളിൽ തർക്കമുന്നയിക്കുകയും ചെയ്തു. 2016 ജൂണിൽ അമിതാവ് റോയി, പി.സി.ഘോഷ് എന്നിവരടങ്ങുന്ന ബഞ്ച് ഈ കേസിൽ വിധി പറയുന്നതിനായി മാറ്റിവച്ചു. അതിനിടയിൽ ഡിസബർ അഞ്ചിന് ജയലളിത നിര്യാതയായി.

ജയലളിതയുടെ മരണത്തിന് ശേഷം സംഭവിക്കുന്നത്?
ക്രിമിനൽ പ്രൊസീജ്യർ കോഡിലെ 394-ാം വകുപ്പ് പ്രകാരം ജയലളിത മരണമടഞ്ഞതിനാൽ ഈ കേസിൽ നിന്നും ജയലളിത ഒഴിവാക്കപ്പെടും. എന്നാലും കേസ് നിലനിൽക്കും. ശശികലയ്ക്കും മറ്റ് രണ്ട് പ്രതികൾക്കുമെതിരായി വസ്തുതകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ കേസ് മുന്നോട്ട് കൊണ്ടുപോകാം. ഈ കേസിൽ ജയലളിതയുടെ പങ്കിനെ കുറിച്ചുള്ള നിരീക്ഷണങ്ങളും പരമാർശങ്ങളും നടത്തുകയുമാവാം.

സുപ്രീംകോടതി കർണാടക ഹൈക്കോടതിയുടെ വിധി റദ്ദാക്കിയാൽ ശശികലയുടെ മുഖ്യമന്ത്രി മോഹങ്ങൾക്ക് അത് കനത്ത തിരിച്ചടിയാവും. രാഷ്ട്രീയ ഭാവി തന്നെ വഴിമാറിയേക്കാം. നിലവിൽ ശശികല എംഎൽഎ അല്ലാത്തതിനാൽ മുഖ്യമന്ത്രിയായാൽ ആറ് മാസത്തിനകം തിരഞ്ഞെടുപ്പിൽ ജയിച്ചുവരണം. എന്നാൽ, ശിക്ഷിക്കപ്പെട്ടാൽ ജയിൽ വിമുക്തയായ ദിനം മുതൽ ആറ് വർഷം തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും വിലക്കുണ്ടാകും.

സുപ്രീം കോടതി കേസ് വീണ്ടും കർണാടക ഹൈക്കോടതിയിലേയ്ക്ക് തിരികെ നൽകാനും പുതുതായി മെറിറ്റിന്റെ അടിസ്ഥാനത്തിൽ പരിഗണിക്കാനും പറയാമെന്നതാണ് മറ്റൊരു സാധ്യത. മാത്രമല്ല, ഈ കേസിലെ പ്രധാന പ്രതി മരണമടഞ്ഞതിനാൽ ഈ കേസ് പുതുതായി ആരംഭിക്കാനും സാധ്യതയുണ്ട്. സുപ്രീം കോടതി, ഹൈക്കോടതിയുടെ വിധി അസാധുവാക്കുകയും വിചാരണക്കോടതിയുടെ വിധി സ്റ്റേ നൽകാതിരിക്കുകയും ചെയ്താൽ ശശികല അയോഗ്യയാക്കപ്പെടും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ