ചെന്നൈ: ശശികലയെ പിന്തുണയ്ക്കുന്ന എംഎൽഎമാരെ അജ്ഞാത സ്ഥലത്തേക്ക് മാറ്റിയതായി റിപ്പോർട്ട്. അണ്ണാ ഡിഎംകെ ആസ്ഥാനത്തുനിന്നും ബസിലാണ് എംഎൽഎമാരെ കൊണ്ടുപോയതെന്നാണ് റിപ്പോർട്ടുകൾ. നിയമസഭയിൽ പിന്തുണ തെളിയിക്കാൻ തയാറെന്നു രാവിലെ വാർത്താസമ്മേളനത്തിൽ കാവൽ മുഖ്യമന്ത്രി ഒ.പനീർശെൽവം പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് തന്നെ പിന്തുണയ്ക്കുന്ന എംഎൽഎമാരെ ശശികല അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയത്.
135 അണ്ണാ ഡിഎംകെ എംഎൽഎമാരിൽ 22 എംഎൽഎമാരുടെ പിന്തുണ ഒ.പനീർശെൽവത്തിനുണ്ടെന്നാണ് സൂചന. എംഎൽഎമാർ ആവശ്യപ്പെട്ടാൽ രാജി പിൻവലിക്കുമെന്നുള്ള അദ്ദേഹത്തിന്റെ പ്രസതാവനയാണ് ഇതിനു കാരണം. 117 എംഎൽഎമാരുടെ പിന്തുണയാണ് മന്ത്രിസഭ രൂപീകരിക്കാൻ ആവശ്യം. ഗവർണർ തിരിച്ചെത്തിയാലുടൻ മന്ത്രിസഭ രൂപീകരിക്കാൻ അദ്ദേഹം അവകാശവാദം ഉന്നയിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
അതേസമയം, തമിഴ്നാട് ഗവർണർ സി.വിദ്യാസാഗർ റാവു ഇന്നും ചെന്നൈയിലേക്ക് എത്തിയേക്കില്ല. മുംബൈയിലാണ് ഇപ്പോൾ ഗവർണറുള്ളത്. ഗവർണറുടെ നിലപാട് സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നതിനാൽ ശശികലയുടെ സത്യപ്രതിജ്ഞാ ഒരുക്കങ്ങൾ നിർത്തിവച്ചിരിക്കുകയാണ്.