ചെന്നൈ: തമിഴ്നാട്ടിലെ രാഷ്ട്രീയ പ്രതിസന്ധി തുടരവെ വികെ ശശികല ഗവർണർ വിദ്യാസാഗർ റാവുമായി കൂടിക്കാഴ്ച നടത്തി. അരമണിക്കൂര്‍ നീണ്ട കൂടിക്കാഴ്ച്ചയ്ക്ക് ശേഷം ശശികല മടങ്ങി. മന്ത്രിസഭ രൂപീകരിക്കുന്നതിന് ശശികല അവകാശവാദം ഉന്നയിച്ചു.
ചെന്നൈ മറീന ബീച്ചിലെ ജയലളിതയുടെ സമാധി മണ്ഡപത്തിലെത്തി, പ്രാർത്ഥിച്ച ശേഷമായിരുന്നു ശശികല രാജ്ഭവനിലേക്ക് തിരിച്ചത്. തനിക്ക് 130 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നറിയിച്ച ശശികല ഗവര്‍ണര്‍ക്ക് ഫാക്സ് അയച്ചിരുന്നു. കൂടിക്കാഴ്ച്ചയില്‍ ഇവരുടെ വിവരങ്ങള്‍ ശശികല നേരിട്ട് ഗവര്‍ണര്‍ക്ക് കൈമാറി. 10 മന്ത്രിമാരും തന്നോടൊപ്പമുണ്ടെന്ന് ശശികല അവകാശപ്പെട്ടു. നാളെ ഗവര്‍ണര്‍ ഇത് സംബന്ധിച്ച് തീരുമാനം എടുക്കും.
നേരത്തേ പനീര്‍സെല്‍വം ഗവര്‍ണറെ കണ്ടിരുന്നു. എംഎഎല്‍മാരുടെ പിന്തുണയോടെ ഭര നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ തയ്യാറാണെന്ന് പനീർശെൽവം ഗവർണറെ അറിയിച്ചു. രാജി വയ്ക്കേണ്ട സാഹചര്യം വിശദീകരിച്ച പനീർശെൽവം, രാജി പിൻവലിക്കാൻ അനുവദിക്കണമെന്നും ഗവർണറോട് അഭ്യർത്ഥിച്ചു.
ശശികലയുടെ കടുത്ത സമ്മർദ്ദത്തെ തുടർന്നാണ് തനിക്ക് രാജി വയ്ക്കേണ്ടി വന്നതെന്ന് അദ്ദേഹം പറഞ്ഞു. കൂടിക്കാഴ്ചയ്ക്ക് ശേഷം പനീർശെൽവം തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് മാധ്യമ പ്രവർത്തകരെ കണ്ടത്. നല്ലതിന് മാത്രമെ നിലനിൽപുള്ളൂ എന്ന് പറഞ്ഞ പനീർശെൽവം, സത്യം ജയിക്കുമെന്നും പറഞ്ഞു.