ബെംഗളൂരു: അനധികൃത സ്വത്തു സന്പാദനക്കേസിൽ ശിക്ഷിക്കപ്പെട്ട അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി ശശികലയെ ജയിലിലേക്ക് മാറ്റി. അറസ്റ്റ് വരിക്കുന്നതിന് കൂടുതൽ സമയം വേണമെന്ന് ചോദിച്ച ശശികലയുടെ ഹർജി പരപ്പന അഗ്രഹാര ജയിലിലെ പ്രത്യേക കോടതി തളളി. സുരക്ഷാ പ്രശ്നങ്ങളെത്തുടർന്നാണ് ജയിലിനകത്ത് പ്രത്യേക കോടതിമുറി ഒരുക്കിയത്. ശശികലയ്ക്കൊപ്പം കൂട്ടുപ്രതിയായ ഇളവരശിയും കീഴടങ്ങി. മറ്റൊരു പ്രതിയായ ജയലളിതയുടെ വളർത്തുമകൻ സുധാകരൻ നാളെ കോടതിയിൽ കീഴടങ്ങും. മുതിർന്ന നേതാക്കളും ശശികലയ്ക്കൊപ്പം കോടതിയിലെത്തിയിരുന്നു.

ശശികല ഉടൻ കീഴടങ്ങണമെന്ന് സുപ്രീംകോടതി ഇന്ന് ഉത്തരവിട്ടിരുന്നു. കീഴടങ്ങാൻ സമയം ചോദിച്ച് ശശികല നൽകിയ ഹർജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനു പിന്നാലെയാണ് റോഡ് മാർഗം ബെംഗളൂരുവിലെത്തി ശശികല കോടതിക്കു മുൻപിൽ കീഴടങ്ങിയത്.

2014 ൽ അനധികൃത സ്വത്ത് സന്പാദനക്കേസിൽ ശിക്ഷിക്കപ്പെട്ടപ്പോൾ ജയലളിതയെയും ശശികലയെയും പാരപ്പന അഗ്രഹാര ജയിലിലാണ് പാർപ്പിച്ചിരുന്നത്. അന്ന് അടുത്തടുത്ത സെല്ലുകളിലായിരുന്നു ഇരുവരും. അന്നു ആയിരക്കണക്കിന് പാർട്ടി അനുഭാവികൾ ഇവിടേക്കെത്തി ദിവസങ്ങളോളം ജയിൽ പരിസരത്ത് തന്പടിച്ചിരുന്നു. ഈ സാഹചര്യം ആവർത്തിക്കാതിരിക്കാൻ ഇത്തവണ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

അനധികൃത സ്വത്ത് സന്പാദന കേസിൽ നാലു വർഷം തടവും 10 കോടി രൂപ പിഴയുമായിരുന്നു വിചാരണ കോടതി ശശികലയ്ക്ക് വിധിച്ച ശിക്ഷ. ഇതാണ് ഇന്നലെ സുപ്രീംകോടതി ശരിവച്ചത്. ജഡ്‌ജിമാരായ പിനാകി ചന്ദ്ര ഘോഷും അമിതാവ റോയിയും ഉൾപ്പെട്ട ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

Live updates:

05: 15 pm: ശശികല ബെംഗളൂരുവിലെ പരപ്പാന അഗ്രഹാര ജയിലിലെത്തി

04: 55 pm: ശശികലയുടെ ഭർത്താവ് നടരാജൻ പരപ്പാന അഗ്രഹാര ജയിലിലെത്തി

02.40pm: അണ്ണാ ഡിഎംകെ എംഎൽഎമാർ താമസിക്കുന്ന കൂവത്തൂരിലെ ഗോൾഡൻ ബേ റിസോർട്ടിൽ പൊലീസ് തന്പടിച്ചിരിക്കുന്നു

1.42 pm: അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി പാരപ്പന അഗ്രഹാര ജയിലിലെ കോടതിമുറിയിൽ കീഴടങ്ങും. സുരക്ഷാ കാരണങ്ങളെത്തുടർന്നാണ് ജയിലിൽ പ്രത്യേക കോടതിമുറി സജ്ജീകരിച്ചത്.

1.20 pm: എംഎൽഎമാരെ തട്ടിക്കൊണ്ടുപോയെന്ന മധുരൈ എംഎൽഎ എസ്.ശരവണന്റെ പരാതിയിൽ വി.കെ.ശശികലയ്ക്കെതിരെയും കെ.പളനിസ്വാമിക്കെതിരെയും കൂവത്തൂർ പൊലീസ് സ്റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്തതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

1.03 pm: ശശികല ചെന്നൈയില എംജിആർ മെമ്മോറിയൽ ഹൗസ് സന്ദർശിച്ചു.

12.25 pm: ബെംഗളൂരുവിലേക്ക് പുറപ്പെടുന്നതിനു മുൻപായി ശശികല മറീന ബീച്ചിലെ ജയലളിതയുടെ സ്മാരകത്തിലെത്തി പ്രാർഥിക്കുന്നു.

12.18 pm: ഗവർണർ വിദ്യാസാഗർ റാവു സർക്കാർ രൂപീകരിക്കുന്നതിന് ഇടപ്പാടി പളനിസ്വാമിയെ വിളിക്കുമെന്നാണ് പ്രതീക്ഷയെന്നും എല്ലാ പാർട്ടി അംഗങ്ങളും ഐക്യത്തിലാണെന്നും ശശികലയുടെ വിശ്വസ്തനും എഐഎഡിഎംകെ പ്രസീഡിയം ചെയർമാനുമായ സെങ്കോട്ടയ്യൻ.

11:46 am: ജയലളിത പോയസ് ഗാർഡനിൽനിന്നും തിരിച്ചു. ഇന്നു കീഴടങ്ങും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ