ചെന്നൈ: അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി ശശികല ആത്മഹത്യ ചെയ്യുമെന്ന് വ്യക്തമാക്കുന്ന വ്യാജകത്ത് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. ഗവർണർ വിദ്യാസാഗർ റാവു അനുകൂല തീരുമാനമെടുത്തില്ലെങ്കിൽ ശശികല ആത്മഹത്യ ചെയ്യുമെന്നതാണ് കത്തിലെ ഉള്ളടക്കം. ശശികലയുടെ ഒപ്പോടുകൂടി എഐഎഡിഎംകെയുടെ ഔദ്യോഗിക ലെറ്റർ പാഡിലാണ് കത്തെഴുതിയിട്ടുള്ളത്.

സർ താങ്കൾ എന്നെ മുഖ്യമന്ത്രിയാക്കാതെ തീരുമാനം വൈകിപ്പിക്കുന്നു. ഇതുമൂലം എന്റെ തടവിലുള്ള എംഎൽഎമാർ ഓരോരുത്തരായി ഒപിഎസ് (ഒ.പനീർസെൽവം) പക്ഷത്തേക്ക് ചേരുന്നു. എനിക്ക് സഹിക്കുന്നതിന് ഒരു പരിധിയുണ്ട്. ഇനിയും താങ്കൾ സമയമെടുക്കുകയാണെങ്കിൽ എന്റെ മരണത്തിനു താങ്കളായിരിക്കും ഉത്തരവാദി എന്നെഴുതി വച്ചശേഷം ഞാൻ ആത്മഹത്യ ചെയ്യും- ഇതാണ് കത്തിലുള്ളത്.

കത്തിന്റെ പകർപ്പ് ശശികല മാധ്യമങ്ങൾക്കു മുൻപിൽ പ്രദർശിപ്പിച്ചു. തന്നെ തകർക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും ഇത്തരത്തിൽ ഒരു കത്ത് താൻ ആർക്കും നൽകിയിട്ടില്ലെന്നും ശശികല പറഞ്ഞു. അതേസമയം, ഒ.പനീർസെൽവം പക്ഷത്തിന്റെ പിന്തുണ വർധിക്കുകയാണ്. 10 ലോക്‌സഭാ എംപിമാരും രണ്ടു രാജ്യസഭാ എംപിമാരും പനീർസെൽവത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. ആറു എംഎൽഎമാർ നേരത്തെതന്നെ കാവൽ മുഖ്യമന്ത്രിക്ക് പിന്തുണ അറിയിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ