ചെന്നൈ: ശശികലയേയും ബന്ധുക്കളേയും അണ്ണാ ഡി.എം.കെ.യിൽ നിന്നും പുറത്താക്കിയത് ധർമ്മ യുദ്ധത്തിലെ ആദ്യ വിജയമാണെന്ന് മുൻ മുഖ്യമന്ത്രി ഒ. പനീർശെൽവം. ലക്ഷക്കണക്കായ അണികളുടെ ആഗ്രഹം മാനിച്ച് ഇരുവിഭാഗങ്ങളും തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. ഉടൻ തന്നെ പ്രശ്നങ്ങൾ പറഞ്ഞു തീർക്കുമെന്നും പനീർശെൽവം വ്യക്തമാക്കി.
ചൊവ്വാഴ്ച മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിമാരുടെ യോഗത്തിലാണ് ജനറൽ സെക്രട്ടറി വി.കെ. ശശികലയെയും ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ടി.ടി.വി. ദിനകരനെയും അണ്ണാ ഡിഎംകെയിൽനിന്നും പുറത്താക്കാൻ തീരുമാനിച്ചത്.
മന്ത്രിസഭയിലെ 20 അംഗങ്ങൾ യോഗത്തിൽ പങ്കെടുത്തിരുന്നു. ദിനകരന്റേയും കുടുംബത്തിന്റേയും സ്വാധീനം പാർട്ടിയിൽ ഇല്ലാതാക്കാനാണ് നടപടിയെന്ന് ധനമന്ത്രി ജയകുമാർ പറഞ്ഞു.
ശശികലയും കുടുംബവും നേതൃത്വം നൽകുന്ന പാർട്ടിയിലേക്ക് താൻ വരില്ലെന്ന വ്യക്തമായ സൂചന ഒപിഎസ് നൽകിയതോടെയാണ് ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് നേതാക്കളെ നയിച്ചത്. എഐഎഡിഎംകെ ഒരു കുടുംബത്തിന്റെ കൈയ്യിലേക്ക് മാത്രമായി ഒതുങ്ങുന്നതിനെ വിമർശിച്ച പനീർശെൽവം, ശശികലയെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും ദിനകരനെ ഡെപ്യൂട്ടി സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കിയാൽ മാത്രമേ താൻ പാർട്ടിയിലേക്ക് മടങ്ങിവരൂ എന്ന നിലപാട് അറിയിച്ചിരുന്നു.