കൂര്‍ഗ്: അന്തരിച്ച തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിത രോഗബാധിതയായി അപ്പോളോ ആശുപത്രിയില്‍ കിടക്കുന്ന സമയത്ത് അവരെ കാണാന്‍ ഉറ്റ സുഹൃത്തായ ശശികലയ്ക്കു പോലും കഴിഞ്ഞിരുന്നില്ലെന്ന് ശശികലയുടെ സഹോദരി പുത്രന്‍ ടി.ടി.വി.ദിനകരന്‍.

സെപ്റ്റംബര്‍ 22ന് ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതു മുതല്‍ ശശികല അവര്‍ക്കൊപ്പം ഉണ്ടായിരുന്നുവെന്നത് വാസ്തവമാണ്. എന്നാല്‍, ഒക്ടോബര്‍ ഒന്നിനു ശേഷം ജയലളിതെ കാണാന്‍ ആര്‍ക്കും സാധിച്ചിരുന്നില്ല. എല്ലാ ദിവസവും ആശുപത്രി അധികൃതരുടെ അനുവാദത്തോടെ ഏതാനും മിനിറ്റുകള്‍ മാത്രമാണ് ശശികല ജയലളിതയെ കണ്ടിരുന്നതെന്നും ദിനകരന്‍ വ്യക്തമാക്കി. ജയലളിതയ്ക്ക് ഇന്‍ഫെക്ഷന്‍ ഉണ്ടാകുമെന്ന് ഭയന്നിരുന്നതിനാല്‍ ആശുപത്രി അധികൃതര്‍ തന്നെ സന്ദര്‍ശകര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയതാണ് കാരണമെന്നും ദിനകരന്‍ പറഞ്ഞു.

ജയലളിതയുടെ മരണത്തെക്കുറിച്ചുള്ള ദുരൂഹത വര്‍ധിപ്പിക്കുന്ന വെളിപ്പെടുത്തലുമായി തമിഴ്‌നാട് മന്ത്രി സി.ശ്രീനിവാസന്‍ കഴിഞ്ഞദിവസം രംഗത്തെത്തിയ സാഹചര്യത്തിലാണ് ദിനകരന്റെ വിശദീകരണം. മന്ത്രിസ്ഥാനം സംരക്ഷിക്കാനുള്ള തത്രപ്പാടിലാണ് ദിണ്ടിഗല്‍ ശ്രീനിവാസന്‍ ഓരോന്നു വിളിച്ചു പറയുന്നതെന്ന് ദിനകരന്‍ പരിഹസിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ