ചെന്നൈ: കാവല്‍ മുഖ്യമന്ത്രി പനീര്‍ശെല്‍വത്തിന് പിന്തുണയേറുന്ന സാഹചര്യത്തില്‍ വിമര്‍ശനവുമായി ശശികല രംഗത്ത്. ജയലളിതയ്ക്കെതിരെ നീക്കം നടത്തിയവരാണ് തനിക്കെതിരെയും നീങ്ങുന്നതെന്ന് അവര്‍ ട്വിറ്ററില്‍ കുറിച്ചു.
ഇത്തരം ഭീഷണിയില്‍ തനിക്ക് പേടിയില്ല. ജനാധിപത്യത്തില്‍ വിശ്വാസമുണ്ടെന്നും ശശികല കൂട്ടിച്ചേര്‍ത്തു. ജയലളിതയ്ക്ക് താന്‍ മാപ്പപേക്ഷ എഴുതി നല്‍കിയെന്ന പനീര്‍ശെല്‍വത്തിന്റെ ആരോപണവും ശശികല നിഷേധിച്ചു. ജയലളിതയ്ക്ക് താന്‍ എഴുതി നല്‍കിയ കത്തെന്ന രീതിയില്‍ ഒരു മാപ്പപേക്ഷ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍പെട്ടു. ഒരു സ്ത്രീ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത് സഹിക്കാന്‍ കഴിയാത്തവരാണ് ഇത്തരത്തിലുള്ള പ്രചരണങ്ങള്‍ നടത്തുന്നത്. രാഷ്ട്രീയം പെണ്ണിന് വളരെ ബുദ്ധിമുട്ട് ഏറിയ ഇടമാണ്. മുമ്പും പാര്‍ട്ടിയെ പിളര്‍ത്താന്‍ ശ്രമങ്ങള്‍ നടന്നിട്ടുണ്ടെന്നും ശശികല കൂട്ടിച്ചേര്‍ത്തു.
ഇതിനിടെ ശശികലയും, പനീർശെൽവവും എം.എൽ.എമാരെ പാർപ്പിച്ചിരിക്കുന്ന കൂവത്തൂരിലെ ഗോൾഡൻ ബേ റിസോർട്ടിലേക്ക് യാത്ര തിരിച്ചു. ശനിയാഴ്ച വൈകിട്ട് ശശികല റിസോർട്ടിലെത്തി എം.എൽ.എമാരെ കണ്ടിരുന്നു. അതിന് പിന്നാലെയാണ് വീണ്ടും ഇന്ന് എത്തുന്നത്. അതേസമയം, ദിനംപ്രതി തനിക്ക് പിന്തുണയേറി വരുന്ന സാഹചര്യത്തിൽ , എം.എൽ.എമാരെ പ്രലോഭിപ്പിച്ച് തന്റെ പക്ഷത്ത് കൊണ്ടുവരാനാണ് പനീർശെൽവത്തിന്റെ നീക്കം.
അതേസമയം, യാത്ര തിരിക്കുന്നതിന് മുന്പ് പോയസ് ഗാർഡനിൽ മുതിർന്ന നേതാക്കളെ കണ്ട ശശികല എം.പിമാർ പനീർശെൽവത്തിന് പിന്തുണ പ്രഖ്യാപിക്കുന്നതിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി. എം.എൽ.എമാർ തനിക്കൊപ്പമാണെന്ന് ശശികല ആവർത്തിച്ച് വ്യക്തമാക്കി.
എം.പിമാർ മറുകണ്ടം ചാടുന്നത് മറ്റ് പല ലക്ഷ്യങ്ങളോടെയാണെന്നും ശശികല പറഞ്ഞു. അതിനിടെ, തങ്ങളെ തുറന്ന് വിടണമെന്ന് ആവശ്യപ്പെട്ട് ഇരുപതോളം എം.എൽ.എമാർ റിസോർട്ടിൽ ബഹളം വച്ചതായി റിപ്പോർട്ടുണ്ട്. ഇതും ശശികലയുടെ അടിയന്തര യാത്രയ്ക്കുള്ള കാരണമായിട്ടുണ്ടെന്ന് പറയപ്പെടുന്നു.
അതേസമയം, പനീർശെൽവത്തെ പിന്തുണയ്ക്കുന്ന എം.പിമാരുടെ എണ്ണം പത്തായി. ഇന്ന് നാല് എം.പിമാർ കൂടി പനീർശെൽവത്തിന് പിന്തുണ പ്രഖ്യാപിച്ചു.