ബംഗളൂരു: വരും വര്‍ഷങ്ങളില്‍ തമിഴ്നാടിന്റെ ഭരണം നിര്‍വഹിക്കുമെന്ന് കരുതിയ ശശികല അടുത്ത നാല് വര്‍ഷത്തേക്ക് പരപ്പന അഗ്രഹാര ജയിലില്‍ മെഴുകുതിരി നിര്‍മ്മാണത്തിലാണ് ഏര്‍പ്പെടുക. അമ്പത് രൂപ ദിവസക്കൂലിക്ക് ആണ് ശശികല ജോലി ചെയ്യുക. ആഢംബര ജീവിതം നയിച്ച ശശികലയ്ക്ക് ജയിലില്‍ കഴിയാന്‍ കട്ടിലും കിടക്കയും ടാബിള്‍ ഫാനുമാണ് അനുവദിച്ചിട്ടുള്ളത്.

മറ്റ് രണ്ട് സ്ത്രീ- സഹതടവുകാര്‍ക്കൊപ്പമാണ് സശികലയെ പാര്‍പ്പിച്ചിരിക്കുന്നത്. ശിക്ഷാ കാലയളവില്‍ ധരിക്കാനായി മൂന്ന് വെളുത്ത സാരികളാണ് ശശികലയ്ക്ക് കൊടുത്തിട്ടുള്ളത്. ഇത് ആദ്യമായല്ല ശശികല ജയില്‍ ശിക്ഷ അനുഭവിക്കുന്നത്. 2014ല്‍ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയ്ക്ക് ഒപ്പം 21 ദിവസം പരപ്പന അഗ്രഹാര ജയിലില്‍ കഴിഞ്ഞിട്ടുണ്ട്.

2014ല്‍ ജയലളിതയെ പാര്‍പ്പിച്ചിരുന്ന സെല്ലില്‍ തന്നെ കിടക്കാന്‍ അനുവദിക്കണമെന്ന് സശികല ആവശ്യപ്പെട്ടിരുന്നെങ്കിലും ആവശ്യം ജയിലധികൃതര്‍ നിഷേധിച്ചു.
10711 എന്ന പ്രിസണ്‍ നമ്പറിലാണ് ശശികല ജയിലില്‍ കഴിയുകആരോഗ്യപ്രശ്നങ്ങള്‍ കാരണം തനിക്ക് വീട്ടിൽ പാചകം ചെയ്ത ഭക്ഷണം കഴിക്കാൻ അനുവദിക്കണം എന്ന് ശശികല ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം തള്ളുകയായിരുന്നു.

കാവല്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വവുമായി ഒരാഴ്ച്ച നീണ്ട രാഷ്ട്രീയ യുദ്ധത്തിന് ശേഷമാണ് ശശികല ജയിലിലേക്ക് പോയത്. തനിക്ക് കീഴടങ്ങാന്‍ കൂടുതല്‍ സമയം വേണമെന്ന് അവര്‍ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടെങ്കിലും പരമോന്നത കോടതി ഇത് നിഷേധിച്ചു.

ഉടന്‍ എന്ന വാക്കിന്റെ അര്‍ത്ഥം ശശികലയ്ക്ക് അറിയില്ലെ എന്ന് ചോദിച്ചാണ് ഇന്ന് തന്നെ കീഴടങ്ങാന്‍ കോടതി നിര്‍ദേശിച്ചത്. തുടര്‍ന്ന് കീഴടങ്ങാമെന്ന് അറിയിച്ച ശശികല പാരപ്പന അഗ്രഹാര ജയിലില്‍ തനിക്ക് ചില സൗകര്യങ്ങള്‍ ഒരുക്കിത്തരണമെന്നും കോതിയോട് കത്തില്‍ ആവശ്യപ്പെട്ടു. തനിക്ക് ആവശ്യമായ പ്രത്യേക സജ്ജീകരണങ്ങള്‍ ശശികല കത്തില്‍ വിശദീകരിക്കുന്നുണ്ട്.

പ്രമേഹം ഉള്ളതിനാല്‍ വീട്ടിലുണ്ടാക്കിയ ഭക്ഷണം ലഭ്യമാക്കണമെന്നാണ് ശശികല ആവശ്യപ്പെട്ടിരുന്നത്. ഇതാണ് ജയില്‍ അധികൃതര്‍ തള്ളിയത്. വെസ്റ്റേണ്‍ ശൈലിയിലുള്ള ടോയ്‌ലറ്റ്, 24മണിക്കൂറും ചൂടുവെള്ളം, മിനറല്‍ വാട്ടര്‍ എന്നിവ ജയില്‍ മുറിയോട് ചേര്‍ന്ന് വേണമെന്ന് ശശികല ആവശ്യപ്പെടുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ