ശ്രീനഗര്‍: തെക്കന്‍ കശ്മീരിലെ ഖാസിഗുണ്ടില്‍ ഗ്രാമമുഖ്യനെ തീവ്രവാദികള്‍ വെടിവച്ചുകൊന്നു. നാല്‍പ്പത്തിയഞ്ചുകാരനായ സജാദ് അഹ്മദ് ഖണ്ടെയാണ് കൊല്ലപ്പെട്ടത്. വെസുയിനിലെ വീടിനു പുറത്ത് ഇന്നു രാവിലെയായിരുന്നു ആക്രമണം.
സജാദിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ആശുപത്രിയിലെത്തുമ്പോഴേക്കും സജാദിനു ജീവൻ നഷ്ടപ്പെട്ടിരുന്നതായി അനന്തനാഗ് ഗവ. മെഡിക്കല്‍ കോളേജ് മെഡിക്കല്‍ സൂപ്രണ്ട് ഡോ. മുഹമ്മദ് ഇഖ്ബാല്‍ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.
ഖാസിഗുണ്ടില്‍ 40 മണിക്കൂറിനിടെ ഗ്രാമമുഖ്യര്ക്കു നേരെ നടന്ന രണ്ടാമത്തെ ആക്രമണമാണിത്. ചൊവ്വാഴ്ച വൈകീട്ട് കുല്‍ഗാം ജില്ലയിലെ അഖ്റാന്‍ ഗ്രാമത്തില്‍ ബിജെപിക്കാരനായ ഗ്രാമുഖ്യന്‍ ആരിഫ് അഹ്മദിനു തീവ്രവാദികളുടെ വെടിയേറ്റിരുന്നു.
2018 ഡിസംബറിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിനു ശേഷം തെക്കന്‍ കശ്മീരില്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട മൂന്നാമത്തെ ഗ്രാമമുഖ്യനാണ് ഖണ്ടെ. കഴിഞ്ഞ വര്‍ഷം നവംബറില്‍ റാഫി അഹ്മദിനെയും ഈ വര്‍ഷം ജൂണില്‍ അജയ് പണ്ഡിറ്റയെയും തീവ്രവാദികള്‍ കൊലപ്പെടുത്തിയിരുന്നു.
Also Read: ചൈനയുടെ ആവശ്യം അംഗീകരിച്ചില്ല; ഇന്ത്യാ-ചൈന അഞ്ചാംവട്ട ചര്‍ച്ച പരാജയപ്പെട്ടു
പഞ്ചായത്തിരാജ് സ്ഥാപനങ്ങളില്‍നിന്നും ഗ്രാമീണ തദ്ദേശഭരണ സ്ഥാപനങ്ങളില്‍നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ ഉള്‍പ്പെടുന്ന ഒരു ചടങ്ങ്
ഓഗസ്റ്റ് 10 ന് ശ്രീനഗറില്‍ നടക്കാനിരിക്കെയാണു ഗ്രാമമുഖ്യന്മാര്ക്കെതിരായ ആക്രമണം രൂക്ഷമായത്.
2018 ലെ തിരഞ്ഞെടുപ്പില്‍നിന്നു വിട്ടുനില്‍ക്കാന്‍ തീവ്രവാദികള്‍ ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. തീവ്രവാദ ഭീഷണി കണക്കിലെടുത്ത് നിരവധി പ്രതിനിധികളെയും ഗ്രാമമുഖ്യന്മാരെയും ശ്രീനഗറിലെ ഹോട്ടലുകളിലേക്കു സര്‍ക്കാര്‍ പാര്‍പ്പിച്ചിരുന്നു. തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ ഗ്രാമങ്ങളില്‍നിന്ന് മാറിനില്‍ക്കുന്നത് താഴേത്തട്ടിലുള്ള വികസനം വളരെയധികം ബാധിച്ചു. തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ക്കായി 25 ലക്ഷം രൂപ ഇന്‍ഷുറന്‍സ് പരിരക്ഷ സര്‍ക്കാര്‍ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.