/indian-express-malayalam/media/media_files/uploads/2017/10/saroj-1200.jpg)
ന്യൂഡല്‍ഹി: ദേശീയതലത്തില്‍ ബിജെപി ഭാരവാഹികളുമായി ബന്ധപ്പെടുന്നവര്‍ക്ക് അനുഭവപ്പെട്ടിട്ടുള്ളത് മിക്കപ്പോഴും മൃദുഭാഷിയായ നേതാവാണ് സരോജ് പാണ്ഡെ എന്നാണ്. എന്നാല്‍ കേരളത്തില്‍ എത്തി ജനരക്ഷാ യാത്രയില്‍ പ്രസംഗിക്കവേ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം പ്രവര്‍ത്തകര്‍ "കണ്ണുരുട്ടുകയാണ് എങ്കില്‍" അവരുടെ "വീടുകളില്‍ കയറി കണ്ണു ചൂഴ്ന്നെടുക്കുമെന്ന്" പറഞ്ഞത് പലര്‍ക്കും ഒരു അത്ഭുതമാണ്. ഏറെ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ ആ പ്രസംഗത്തിനു ശേഷം സാമൂഹ്യ മാധ്യമങ്ങളില്‍ നടന്ന 'പൊങ്കാല'യ്ക്കും ശേഷം അതിനൊരു വിശദീകരണവുമായി മുന്നോട്ടു വന്നിരിക്കുകയാണ് സരോജ് പാണ്ഡെ.
ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് സംസാരിക്കവേ "ഞാന്‍ വിവാദപരമായി ഒന്നും തന്നെ പറയുകയോ ആരെയും ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ല. " എന്ന് പറഞ്ഞ സരോജ് പാണ്ഡെ " എന്നാല്‍ ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെയുള്ള അനീതികള്‍ തുടരുകയാണ് എങ്കില്‍ അധികാരത്തിലുള്ളവര്‍ അവര്‍ക്ക് നീതി നിഷേധിക്കുകയാണെങ്കില്‍ ദുര്‍ഗ്ഗയായി പടക്കളത്തില്‍ ഇറങ്ങാനും ഞാന്‍ മടിക്കില്ല" എന്നും കൂട്ടിച്ചേര്‍ത്തു.
വിവാദമായ പരാമര്‍ശത്തെ കുറിച്ച് ആരാഞ്ഞപ്പോള്‍ അതിനും മറുപടി തരുന്നുണ്ട് സരോജ് പാണ്ഡെ. ഛത്തീസ്ഗഡിലെ കുംഹാരിയില്‍ നടത്തിയ പ്രസംഗത്തില്‍ ഉപയോഗിച്ചത് ഒരു ഭാഷാശൈലിയാണ് എന്നാണ് സരോജ് പാണ്ഡെ പറയുന്നത്. " പക്ഷെ ഞാന്‍ പറഞ്ഞ കാര്യത്തോടൊപ്പം തന്നെ നില്‍ക്കുന്നു. കേരളത്തില്‍ കൊല്ലപ്പെടുന്ന എന്‍റെ പാര്‍ട്ടി പ്രവര്‍ത്തകരുടെയൊപ്പമാണ് ഞാന്‍ നില്‍ക്കേണ്ടത്. എന്തുകൊണ്ട് ഞാനത് ചെയ്തുകൂടാ ? ഞങ്ങളുടെ പാര്‍ട്ടി പ്രസിഡന്റും അവര്‍ക്ക് നീതി ആവശ്യപ്പെടുന്നുണ്ട്." സരോജ് പാണ്ഡെ പറഞ്ഞു.
നാല്‍പ്പത്തിയൊമ്പതുകാരിയായ സരോജ് പാണ്ഡെ ചെറിയ കാലയളവില്‍ തന്നെ മഹിളാ മോര്‍ച്ച പ്രസിഡന്റ് എന്ന സംഘടനാ ചുമതലയോടൊപ്പം എംപി, എംഎല്‍എ, മേയര്‍ തുടങ്ങിയ പാര്‍ലമെന്ററി സ്ഥാനങ്ങളും അലങ്കരിച്ചിട്ടുണ്ട്. പാര്‍ട്ടി ജനറല്‍സെക്രട്ടറിയായതു മുതല്‍ സംഘടനാപരമായ ചുമതലകളില്‍ വ്യാപൃതയാണ് സരോജ് പാണ്ഡെ. നിലവില്‍ മഹാരാഷ്ട്ര സംസ്ഥാനത്തിന്‍റെ ചുമതല സരോജ് പാണ്ഡെയ്ക്കാണ്.
ബിജെപിയുടെ ജനരക്ഷാ യാത്ര തിരുവനന്തപുരത്ത് അവസാനിക്കുന്ന ദിവസം സരോജ് പാണ്ഡെ നടത്തിയ പ്രസംഗം സാമൂഹ്യ മാധ്യമങ്ങള്‍ക്ക് പുറമേ സംസ്ഥാന രാഷ്ട്രീയത്തിലും ഏറെ ചലനങ്ങള്‍ ഉണ്ടാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ വിശദീകരണവുമായി സരോജ് പാണ്ഡെ തന്നെ എത്തിയിരിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.