മുംബൈ: മുംബൈയില്‍ വമ്പിച്ച ഡിസ്കൗണ്ടില്‍ നടത്തിയിരുന്ന സാരി വില്‍പ്പന പൊലീസ് ഇടപെട്ട് നിര്‍ത്തി വെപ്പിച്ചു. ശനിയാഴ്ച്ച സാരിക്ക് വേണ്ടി സ്ത്രീകളുടെ ഒരു പട തന്നെ എത്തിയതോടെയാണ് പൊലീസിന്റെ നടപടിയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗജനന്‍ മാര്‍ക്കറ്റിലെ ‘രംഗ് ക്രിയേഷന്‍’ എന്ന കടയിലാണ് 10 രൂപയ്ക്ക് സാരി വില്‍പ്പന നടത്തിയത്. 90 രൂപയ്ക്ക് തനിക്ക് ലഭിക്കുന്ന സാരിയാണ് 10 രൂപ മാത്രം വാങ്ങി വില്‍ക്കുന്നതെന്നാണ് അദ്ദേഹം അറിയിച്ചത്.
വമ്പിച്ച ഇളവില്‍ സാരി വില്‍പ്പന ആരംഭിച്ചതിന്റെ നാലാം ദിവസമാണ് പൊലീസ് ഇടപെട്ട് നിര്‍ത്തി വെപ്പിച്ചത്. ക്രമസമാധാന നില തകരാറിലാവുന്നത് കണക്കിലെടുത്തായിരുന്നു പൊലീസിന്റെ നടപടി. തന്റെ കച്ചവടത്തില്‍ നിന്നും നല്ല ലാഭം ലഭിച്ചതിനെ തുടര്‍ന്ന് സാമൂഹ്യ സേവനം എന്ന നിലയിലാണ് താന്‍ 10 രൂപയ്ക്ക് സാരി വില്‍ക്കുന്നതെന്നാണ് കടയുടമ അശ്വിന്‍ സഖാരെ പറയുന്നത്. 90 രൂപയ്ക്കാണ് തനിക്ക് സാരി ലഭിക്കുന്നത്. ഇത് 10 രൂപയ്ക്കാണ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. ജൂണ്‍ 5ന് തുടങ്ങിയ വില്‍പ്പന നല്ല രീതിയില്‍ നടക്കുകയായിരുന്നു. എന്നാല്‍ ശനിയാഴ്ച്ചയോടെ പൊലീസ് ഇടപെട്ടു. അശ്വിനും ജീവനക്കാരും ജനക്കൂട്ടത്തെ കൈകാര്യം ചെയ്യാന്‍ പാട് പെടുകയായിരുന്നു.
Read: വെറും 10 രൂപയ്ക്ക് സാരി; ഹൈദരാബാദിലെ മാളിലേക്ക് ജനപ്രവാഹം
വരി വരിയായി നില്‍ക്കാന്‍ ജനങ്ങളോട് ആവശ്യപ്പെട്ടതോടെ സാരി വാങ്ങാനെത്തിയവരുടെ നീണ്ട നിര റോഡിലേക്കും നീണ്ടു. ഇത് ഗതാഗത സ്തംഭനത്തിന് ഇടയാക്കി. കൂടാതെ വരിയില്‍ നിന്നവര്‍ തമ്മില്‍ തര്‍ക്കവും ഉന്തും തളളും ഉണ്ടായി. ഇതിനെ തുടര്‍ന്ന് പൊലീസ് ഇടപെടുകയായിരുന്നു. ആദ്യം അശ്വിനോട് ഓഫര്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് വില്‍പ്പന നിര്‍ത്തി വെച്ചെന്ന് കടയുടമ പ്രഖ്യാപിച്ചെങ്കിലും ജനങ്ങള്‍ പിരിഞ്ഞു പോവാന്‍ തയ്യാറായില്ല. ഇതിനെ തുടര്‍ന്ന് പൊലീസ് ശനിയാഴ്ച്ച കടയടച്ചു പൂട്ടി.
നാല് ദിവസത്തിനുളളില്‍ 2000ത്തില്‍ അധികം സാരികളാണ് 10 രൂപ നിരക്കില്‍ വിറ്റതെന്ന് അശ്വിന്‍ പറഞ്ഞു. അതേസമയം തങ്ങള്‍ക്ക് സാരി ലഭിച്ചില്ലെന്ന് പറഞ്ഞ് പലരും കടയുടെ പുറത്ത് ബഹളം വെച്ചു. മണിക്കൂറുകളോളം ക്യൂ നിന്നതിന് ശേഷമാണ് പൊലീസ് കട അടച്ച് പൂട്ടിയതെന്നാണ് പരാതി. മറ്റ് ചിലര്‍ 10 രൂപയ്ക്ക് സാരി ലഭിച്ചതിന്റെ സന്തോഷത്തിലാണ് ശനിയാഴ്ച്ച മടങ്ങിയത്.
നേരത്തേ ഹൈദരാബാദിലും സമാനമായ സംഭവം ഉണ്ടായിരുന്നു. അന്ന്സിദ്ദിപ്പേട്ടിലെ സിഎംആർ മാളിലാണ് ഫെബ്രുവരിയില്‍ 10 രൂപയ്ക്ക് സാരി വില്‍പ്പനക്ക് വെച്ചത്. അന്ന് തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്ക് പരുക്കേറ്റിരുന്നു. സ്ത്രീകളും കുട്ടികളും മാളിലേക്ക് ഇരച്ചെത്തി. 10 രൂപയ്ക്ക് സാരി വില്‍ക്കുന്നുണ്ടെന്ന വിവരം കാട്ടുതീ പോലെ പടര്‍ന്നതോടെ മാളിന് പുറത്തുളള റോഡിലും ഗതാഗത സ്തംഭനമുണ്ടായി.
തിരക്കിനിടെ അഞ്ച് പവന്റെ മാലയും 6000 രൂപയും എടിഎം കാർഡും നഷ്ടപ്പെട്ടുവെന്ന പരാതിയുമായി സ്ത്രീ രംഗത്തെത്തി. പൊലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്.