ന്യൂഡല്‍ഹി: ശാരദ ചിട്ടിതട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത മുന്‍ കമ്മീഷണര്‍ രാജീവ് കുമാറിനെതിരെ സിബിഐ നടത്തിയ കണ്ടെത്തലുകളും ആരോപണങ്ങളും അതീവ ഗുരുതര സ്വഭാവമുള്ളതാണെന്ന് സുപ്രീം കോടതി. പത്ത് ദിവസങ്ങള്‍ക്കകം കേസുമായി ബന്ധപ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കാന്‍ സിബിഐയോട് സുപ്രീം കോടതി ആവശ്യപ്പെട്ടു.

രാജീവ് കുമാറിനെതിരായ കണ്ടെത്തലുകളില്‍ ചില കാര്യങ്ങള്‍ വളരെ ഗൗരവമുള്ള വിഷയങ്ങളാണെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. എതിര്‍ ഭാഗത്തെ കൂടി കേട്ട ശേഷമായിരിക്കും കേസില്‍ മറ്റ് നടപടികള്‍ സ്വീകരിക്കുക എന്നും സുപ്രീം കോടതി വ്യക്തമാക്കി.

2009 ല്‍ കേന്ദ്ര സര്‍ക്കാര്‍ ബംഗാള്‍ സര്‍ക്കാരിന് ചിട്ടി തട്ടിപ്പുകള്‍ക്കുള്ള സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും സംസ്ഥാന സര്‍ക്കാര്‍ നടപടികളൊന്നും സ്വീകരിച്ചില്ലെന്ന് സിബിഐ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. ഫെബ്രുവരി മൂന്നിന് ചിട്ടിതട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് രാജീവ് കുമാറിനെ ചോദ്യം ചെയ്യാന്‍ സിബിഐ എത്തിയെങ്കിലും മമത സര്‍ക്കാര്‍ അതിനെതിരെ രംഗത്തുവരികയായിരുന്നു. സിബിഐയെ ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് മമത ബാനര്‍ജി ആരോപിച്ചിരുന്നു.

സംഭവം മുഖ്യമന്ത്രി മമതാ ബാനർജിയുടെ നേതൃത്വത്തിൽ സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും തമ്മിൽ പരസ്യമായ ഏറ്റുമുട്ടലുകൾക്ക് വഴിവച്ചു. തുടർന്ന് സുപ്രീം കോടതി രാജീവ് കുമാറിനോട് സിബിഐ അന്വേഷണവുമായി സഹകരിക്കാൻ നിർദേശിക്കുകയായിരുന്നു. അഞ്ച് ദിവസത്തോളം ഡെറാഡൂണിലെ സിബിഐ ആസ്ഥാനത്ത് വച്ച് രാജീവ് കുമാറിനെ സിബിഐ ചോദ്യം ചെയ്തിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ