ന്യൂഡല്‍ഹി: ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ ആരോപണവിധേയനായ ബംഗാള്‍ മുന്‍ എഡിജിപി രാജീവ് കുമാറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ സിബിഐക്ക് സുപ്രീം കോടതി അനുമതി നല്‍കി. രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യാനുള്ള വിലക്ക് ഏഴ് ദിവസത്തിനകം നീക്കുമെന്നും അതിനു ശേഷം ചോദ്യം ചെയ്യാമെന്നും സുപ്രീം കോടതി.

Read More: ശാരദ ചിട്ടി തട്ടിപ്പ് കേസ്; രാജീവ് കുമാറിനെതിരായ ആരോപണങ്ങള്‍ അതീവ ഗുരുതരമെന്ന് സുപ്രീം കോടതി

ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ വിശ്വസ്തനാണ് രാജീവ് കുമാര്‍. സുപ്രീം കോടതി വിധി മമതയ്ക്ക് ഏറ്റ തിരിച്ചടി കൂടിയാണ്. രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യാന്‍ സിബിഐ എത്തിയപ്പോള്‍ അതിനെ പരസ്യമായി എതിര്‍ത്ത് കേന്ദ്ര സര്‍ക്കാരുമായി മമത ബാനര്‍ജി ഏറ്റുമുട്ടിയത് വലിയ കോലാഹലങ്ങള്‍ സൃഷ്ടിച്ചിരുന്നു. ശാരദ ചിട്ടി തട്ടിപ്പ് കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനാണ് രാജീവ് കുമാർ. കേസിലെ തെളിവുകൾ നശിപ്പിച്ചു എന്നതാണ് രാജീവ് കുമാറിനെതിരായ ആരോപണം. സുപ്രീം കോടതി രാജീവ് കുമാറിന് നൽകിയിരുന്ന അറസ്റ്റിൽ നിന്നുള്ള സുരക്ഷ പിൻവലിച്ചിട്ടുണ്ട്. അറസ്റ്റിനെതിരെ നിയമനടപടി സ്വീകരിക്കാൻ രാജീവ് കുമാറിന് സുപ്രീം കോടതി നൽകിയിരിക്കുന്നത് ഏഴ് ദിവസത്തെ സമയമാണ്. രാജീവ് കുമാറിന് കീഴ്ക്കോടതിയെ സമീപിക്കാനുള്ള സാവകാശമാണ് ഏഴ് ദിവസം.

രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യാൻ സുപ്രീം കോടതിയുടെ വിലക്ക് നിലനിന്നിരുന്നു. വിലക്കുള്ളതിനാൽ രാജീവ് കുമാറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ സിബിഐക്ക് സാധിച്ചിരുന്നില്ല. എന്നാൽ, വിലക്ക് പിൻവലിച്ചുള്ള സുപ്രീം കോടതി വിധി വന്നതോടെ രാജീവ് കുമാറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് സാധ്യത. ഉപാധികളോടെയുള്ള ചോദ്യം ചെയ്യലുമായി രാജീവ് കുമാർ സഹകരിക്കുന്നില്ല എന്ന് സിബിഐ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.

ശാരദ ചിട്ടിതട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത മുന്‍ കമ്മീഷണര്‍ രാജീവ് കുമാറിനെതിരെ സിബിഐ നടത്തിയ കണ്ടെത്തലുകളും ആരോപണങ്ങളും അതീവ ഗുരുതര സ്വഭാവമുള്ളതാണെന്ന് സുപ്രീം കോടതി നേരത്തെ പറഞ്ഞിരുന്നു. പത്ത് ദിവസങ്ങള്‍ക്കകം കേസുമായി ബന്ധപ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കാന്‍ സിബിഐയോട് സുപ്രീം കോടതി ആവശ്യപ്പെടുകയായിരുന്നു. അതിനു ശേഷമാണ് കേസിൽ വിധി പുറപ്പെടുവിച്ചിരിക്കുന്നത്.

Read More: ശാരദ ചിട്ടി തട്ടിപ്പ്​: കൊൽക്കത്ത കമ്മീഷണർ രാജീവ് കുമാറിനെ സിബിഐ ഇന്ന്​ ചോദ്യം ചെയ്യും

2009 ല്‍ കേന്ദ്ര സര്‍ക്കാര്‍ ബംഗാള്‍ സര്‍ക്കാരിന് ചിട്ടി തട്ടിപ്പുകള്‍ക്കുള്ള സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും സംസ്ഥാന സര്‍ക്കാര്‍ നടപടികളൊന്നും സ്വീകരിച്ചില്ലെന്ന് സിബിഐ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. ഫെബ്രുവരി മൂന്നിന് ചിട്ടിതട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് രാജീവ് കുമാറിനെ ചോദ്യം ചെയ്യാന്‍ സിബിഐ എത്തിയെങ്കിലും മമത സര്‍ക്കാര്‍ അതിനെതിരെ രംഗത്തുവരികയായിരുന്നു. സിബിഐയെ ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് മമത ബാനര്‍ജി ആരോപിച്ചിരുന്നു.

സംഭവം മുഖ്യമന്ത്രി മമതാ ബാനർജിയുടെ നേതൃത്വത്തിൽ സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും തമ്മിൽ പരസ്യമായ ഏറ്റുമുട്ടലുകൾക്ക് വഴിവച്ചു. തുടർന്ന് സുപ്രീം കോടതി രാജീവ് കുമാറിനോട് സിബിഐ അന്വേഷണവുമായി സഹകരിക്കാൻ നിർദേശിക്കുകയായിരുന്നു. അഞ്ച് ദിവസത്തോളം ഡെറാഡൂണിലെ സിബിഐ ആസ്ഥാനത്ത് വച്ച് രാജീവ് കുമാറിനെ സിബിഐ ചോദ്യം ചെയ്തിരുന്നു. എന്നാൽ, ചോദ്യം ചെയ്യലിൽ രാജീവ് കുമാർ തങ്ങളോട് സഹകരിച്ചില്ലെന്ന് സിബിഐ സുപ്രീം കോടതിയെ അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook