ഷില്ലോങ്: ശാരദ ചിട്ടി തട്ടിപ്പ്​ കേസുമായി ബന്ധപ്പെട്ട്​ കൊൽക്കത്ത പൊലീസ്​ കമ്മീഷണർ രാജീവ് കുമാറിനെ സിബിഐ ഇന്ന്​ ചോദ്യം ചെയ്യും. ഷില്ലോങ്ങിൽ വെച്ചാണ് രാജീവ് കുമാറിനെ ചോദ്യം ചെയ്യുക. ചോദ്യം ചെയ്യലിനായി പൊലീസ് കമ്മീഷണർ ഷില്ലോങ്ങിൽ ഇന്നലെ തന്നെ എത്തിയിരുന്നു.

രാജീവ് കുമാറിനൊപ്പം സ്‌പെഷ്യൽ ടാസ്ക് ഫോഴ്സ് കമ്മീഷണർ മുരളിധർ ശർമ്മ ഉൾപ്പടെ പശ്ചിമ ബംഗാളിലെ മൂന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും ഷില്ലോങ്ങിൽ എത്തിയിട്ടുണ്ട്. അതേസമയം സിബിഐ ആസ്ഥനത്തിന് മുന്നിൽ കേന്ദ്രത്തിനെതിരെ മുദ്രവാക്യമുയർത്തി നിരവധി തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിക്കുകയാണ്.

ശാരദാ, റോസ്​വാലി ചിട്ടി തട്ടിപ്പുകളിലെ ഇലക്​ട്രോണിക്​ തെളിവുകളടക്കം നശിപ്പിക്കാൻ ശ്രമിച്ചതിൽ കമ്മീഷണർ രാജീവ്​ കുമാറിന്​ പങ്കുണ്ടെന്നാണ്​ സി.ബി.​െഎയുടെ ആരോപണം. ഇൗ വിഷയത്തിലായിരിക്കും ചോദ്യം ചെയ്യൽ നടക്കുക. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ രാജീവ് കുമാറിനോട് സുപ്രിം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.

ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കൊൽക്കത്ത സിറ്റി പൊലീസ് കമ്മീഷണർ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനുള്ള ശ്രമത്തിനിടയിലാണ് സിബിഐ ഉദ്യോഗസ്ഥരെ പശ്ചിമ ബംഗാൾ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇതേതുടർന്ന് കേന്ദ്രത്തിനെതിരെ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി തന്നെ സമരത്തിനിറങ്ങുകയും ചെയ്തു.

എന്നാൽ സുപ്രീം കോടതി കമ്മീഷണറോട്​ സിബിഐയുമായി സഹകരിക്കാൻ ആവശ്യപ്പെടുകയായിരുന്നു. കമ്മീഷണറെ അറസ്​റ്റ്​ ചെയ്യരുതെന്നും സിബിഐയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook