പ്രശസ്‌ത സന്തൂർ കലാകാരൻ ഭജൻ സോപോരി അന്തരിച്ചു. അർബുദബാധിതനായ അദ്ദേഹം കഴിഞ്ഞ മൂന്നായാഴ്ചയായി ചികിത്സയിലായിരുന്നു. ഗുരുഗ്രമിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. 73 വയസ്സായിരുന്നു.
“നമുക്ക് ഒരു മികച്ച സംഗീതജ്ഞനെയും മികച്ച മനുഷ്യനെയും മികച്ച പിതാവിനെയും നഷ്ടപ്പെട്ടു. ഇത് എനിക്ക് വിശ്വസിക്കാൻ കഴിയാത്തതാണ്, അദ്ദേഹമില്ലാത്തൊരു ജീവിതം സങ്കൽപ്പിക്കാനും എനിക്ക് ബുദ്ധിമുട്ടാണ്,” ഭജൻ സോപോരിയുടെ മകൻ അഭയ് സോപോരി ഇന്ത്യൻ എക്പ്രസിനോട് പറഞ്ഞു.
പണ്ഡിറ്റ് ഭജൻ സോപോരി അറിയപ്പെടുന്ന സംഗീതസംവിധായകനും സംഗീതജ്ഞനും അദ്ധ്യാപകനും എഴുത്തുകാരനും കവിയുമായിരുന്നു. ജമ്മ- കശ്മീരിനെ മറ്റു സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്നതിൽ സാംസ്കാരിക പാലമായി പ്രവർത്തിച്ചുവെന്ന് കണക്കാക്കപ്പെടുന്ന അദ്ദേഹം “സെയിന്റ് ഓഫ് സന്തൂർ”, “കിംഗ് ഓഫ് സ്ട്രിങ്സ്” എന്നും അറിയപ്പെട്ടിരുന്നു.
ശ്രീനഗറിലെ ‘സുഫിയാന ഘരാന’ എന്ന സംഗീത കുടുംബത്തിലാണ് ഭജൻ സോപോരിയുടെ ജനനം. സൂഫിയാന ഖലാമിനെയും ഹിന്ദുസ്ഥാനി ക്ലാസിക്കൽ സംഗീതത്തെയും അടിസ്ഥാനമാക്കി ‘സൂഫി ബാജ്’ എന്നറിയപ്പെടുന്ന ശൈലി വികസിപ്പിച്ച ശങ്കർ പണ്ഡിറ്റിന്റെ കൊച്ചുമകനാണ്. മുത്തച്ഛൻ പണ്ഡിറ്റ് സംസർ ചന്ദ് സോപോരിയുടെയും ജമ്മു-കശ്മീർ സംഗീതത്തിന്റെ പിതാവായി വാഴ്ത്തപ്പെടുന്ന പിതാവ് പണ്ഡിറ്റ് ശംബൂ നാഥ് സോപോരിയുടെയും പാത പിന്തുടർന്നാണ് ഭജൻ സോപോരി സന്തൂർ വാദനത്തിന് തുടക്കമിട്ടത്.
ഇന്ത്യൻ സംഗീതത്തിനും സംസ്‌കാരത്തിനും അദ്ദേഹം നൽകിയ സംഭാവനകൾക്ക് രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്. ഇതുകൂടാതെ സംഗീത നാടക അക്കാദമി അവാർഡ്, ജമ്മു കശ്മീർ സർക്കാരിന്റെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ്, കേരള സർക്കാരിന്റെ സ്വാതി തിരുനാൾ പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തി.
Also Read: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കോവിഡ്