ജമ്മു: കശ്മീരിൽ എട്ടു വയസുകാരിയെ അതിക്രൂരമായി കൂട്ടബലാത്സംഗം ചെയ്ത കേസിൽ 8 പേരാണ് പ്രതികൾ. കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാനുളള പദ്ധതിയിട്ടത് വിരമിച്ച റവന്യൂ ജീവനക്കാരനായ സഞ്‌ജി റാം ആണ്. കത്തുവയിലെ രസാന ഗ്രാമത്തിൽ ബഖേർവാല നാടോടി സമൂഹം താമസിക്കുന്നത് സഞ്‌ജി റാമിന് ഇഷ്ടമല്ലായിരുന്നു. അവരെ അവിടെനിന്നും ഓടിക്കാനാണ് ഈ ക്രൂരകൃത്യം നടത്താൻ ഇയാൾ പദ്ധതിയിട്ടതെന്നാണ് കുറ്റപത്രത്തിലുളളത്.

ജനുവരി 10 നാണ് ബഖേർവാല നാടോടി സമുദായത്തിൽ പെട്ട പെൺകുട്ടിയെ കാണാതാവുന്നത്. വീടിനു സമീപത്തായി തന്റെ കുതിരകളെ തീറ്റാൻ കൊണ്ടുപോയതാണ് 8 വയുകാരി. അപ്പോഴാണ് പ്രതികളിൽ ഒരാളായ 19കാരൻ കുതിരയെ കാണാതായെന്നും കണ്ടെത്താൻ സഹായിക്കാമെന്നും പറഞ്ഞ് പെൺകുട്ടിയെ കാട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയത്. അവിടെവച്ച് പെൺകുട്ടിയ മയക്കി തട്ടിയെടുത്തു. സമീപത്തെ ക്ഷേത്രത്തിൽ പാർപ്പിച്ച് കൂട്ട ബലാത്സംഗം ചെയ്തു. ജനുവരി 14 ന് കല്ലുകൊണ്ട് തലയ്ക്കിടിച്ചു പെൺകുട്ടിയെ കൊന്നു. ജനുവരി 17നു ക്ഷേത്രത്തിനു അധികം അകലെ അല്ലാതെ പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുത്തു.

പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്താൻ പദ്ധതിയിട്ട സഞ്‌ജി റാം ആണ് കേസിലെ രണ്ടാം പ്രതി. 19 കാരന്റെ മൊഴിയെ തുടർന്നാണ് സഞ്‌ജി റാമിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ അന്തരവനാണ് 19 കാരൻ. സംഭവം മറച്ചുവയ്ക്കാൻ പൊലീസുകാർക്ക് വൻതുക കൈക്കൂലി നൽകിയതും സഞ്‌ജി റാം ആണ്.

പെൺകുട്ടിയെ കൊല്ലുന്നതിനു മുൻപ് ഒരിക്കൽകൂടി ബലാത്സംഗം ചെയ്യണമെന്ന് പറഞ്ഞ സ്‌പെഷൽ പൊലീസ് ഓഫീസർ ദീപക് ഖജൂറിയ ആണ് കുറ്റപത്രത്തിലെ മൂന്നാം പ്രതി. 19 കാരന്റെ മൊഴിയിലാണ് ഇയാളുടെ പേരുളളത്. ഇയാളുടെ ഫോൺകോൾ വിവരങ്ങളും പെൺകുട്ടിയെ ബലാത്സംഗത്തിന് ഇരയാകുന്ന സമയത്ത് ഇയാൾ അവിടെ ഉണ്ടായിരുന്നതായി തെളിയിക്കുന്നതാണ്.

മറ്റൊരു സ്‌പെഷൽ പൊലീസ് ഓഫീസറായ സുരീന്ദർ കുമാർ ആണ് 4-ാം പ്രതി. ക്ഷേത്രത്തിനു സമീപം ഇയാളെ കണ്ട ദൃക്‌സാക്ഷികളുണ്ട്. ഇയാളും അവിടെ ഉണ്ടായിരുന്നുവെന്ന് ഫോൺകോളുകളിൽനിന്നും വ്യക്തമാണ്.

19 കാരന്റെ സുഹൃത്ത് പർവേശ് കുമാർ ആണ് കേസിലെ 5-ാം പ്രതി. പെൺകുട്ടിയെ നിരന്തരം ബലാത്സംഗം ചെയ്തത് പർവേശാണ്.

സഞ‌്‌ജി റാമിന്റെ മകൻ വിശാൽ ജങ്കോത്രയാണ് മറ്റൊരു പ്രതി. ഫൊറൻസിക് പരിശോധനയുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മീററ്റിൽ പഠിക്കുന്ന വിശാൽ കത്തുവയിൽ എത്തിയത് 19 കാരന്റെ ഫോൺവിളിയെ തുടർന്നാണ്. പെൺകുട്ടിയെ ബലാത്സംഗം ചെയ്യാനായാണ് 500 കിലോമീറ്ററോളം അകലെയുള്ള യുപിയിലെ മീററ്റിൽനിന്ന് ഇയാൾ കത്തുവയിൽ എത്തിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു.

കേസിലെ മറ്റു രണ്ടു പ്രതികൾ പൊലീസുകാരാണ്. ക്രൂരകൃത്യം മറച്ചുവയ്ക്കാൻ സഞ്‌ജി റാമിൽനിന്നും 4 ലക്ഷം രൂപ കൈക്കൂലിയായി വാങ്ങിയെന്നതാണ് ഇവർക്കെതിരായ കുറ്റം. സബ് ഇൻസ്പെക്ടറായ ആനന്ദ് ദത്തയും ഹെഡ് കോൺസ്റ്റബിൾ തിലക് രാജും വേണ്ടത്ര തെളിവുകൾ ശേഖരിച്ചില്ലെന്നും പെൺകുട്ടിയുടെ വസ്ത്രം കഴുകി തെളിവ് നശിപ്പിച്ച് പ്രതികളെ രക്ഷിക്കാൻ ശ്രമിച്ചെന്നും കുറ്റപത്രത്തിൽ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook