scorecardresearch
Latest News

നിരവധി വ്യാജ ഐഡികൾ; പിഎംഒയുമായി അടുത്ത ബന്ധം ചമഞ്ഞയാൾ പിടിയിൽ

പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടെന്ന് വ്യാജരേഖ ചമച്ച് ആളുകളിൽ നിന്നും സംഘടനകളിൽ നിന്നും കോടിക്കണക്കിന് പണമാണ് ഇയാൾ കൈപ്പറ്റിയത്.

Sanjay Rai Sherpuria, Sanjay Rai Sherpuria arrest, fake PMO Sanjay Rai,fake PMO Sanjay Rai

ലക്‌നൗ: പ്രധാനമന്ത്രിയുടെ ഓഫിസുമായി(പിഎംഒ) അടുത്ത ബന്ധമുണ്ടെന്ന് ചമഞ്ഞ് തട്ടിപ്പ് നടത്തിയയാളെ ഉത്തർപ്രദേശ് ടാസ്ക് ഫോഴ്സ് (എസ്‌ടിഎഫ്) ബുധനാഴ്ച അറസ്റ്റ് ചെയ്തതു. സഞ്ജയ് റായ് ‘ഷെർപുരിയ’ എന്നയാളാണ് എസ്ടിഎഫിന്റെ പിടിയിലായത്. പ്രധാനമന്ത്രിയുടെയും മറ്റു മന്ത്രിമാരുടെയും ഫൊട്ടൊ ഉപയോഗിച്ച് സഞ്ജയ് അവരുമായി അടുത്ത ബന്ധമുണ്ടെന്ന് മറ്റുള്ളവരെ തെറ്റിധരിപ്പിക്കുകയും ട്രസ്റ്റിന് സംഭാവന എന്ന നിലയിൽ ഡൽഹിയിലെ ഒരു പ്രമുഖ വ്യവസായിയിൽ നിന്ന് ആറ് കോടി രൂപ സമാഹരിച്ചതായും എഫ്ഐആറിൽ പറയുന്നു.

പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടെന്ന് വ്യാജരേഖ ചമച്ച് ആളുകളിൽ നിന്നും സംഘടനകളിൽ നിന്നും കോടിക്കണക്കിന് പണം കൈപ്പറ്റിയെന്നാരോപിച്ച്, ചൊവ്വാഴ്ച ലക്നൗവിലെ വിഭൂതി ഖണ്ഡ് പൊലീസ് സ്റ്റേഷനിലാണ് സഞ്ജയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

ഇൻസ്‌പെക്ടർ സച്ചിൻ കുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. ഐപിസി സെക്ഷൻ 420 (വഞ്ചന), 467 ( വ്യാജസെക്യൂരിറ്റി, വിൽപ്പത്രം മുതലായവ ), 468 (വഞ്ചനയ്‌ക്കായി വ്യാജരേഖ ചമയ്ക്കൽ), 469 (പ്രശസ്‌തിക്ക് ദോഷം വരുത്തുന്നതിനായി വ്യാജരേഖ ചമയ്‌ക്കൽ), ഇൻഫർമേഷൻ ടെക്‌നോളജി ആക്‌ട് എന്നിവ പ്രകാരമാണ് സഞ്ജയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്.

സോഷ്യൽ മീഡിയ വഴി താൻ പ്രമോട്ട് ചെയ്തിരുന്ന യൂത്ത് റൂറൽ എന്റർപ്രണർ ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ടിൽ ജനുവരി 21ന് അഞ്ച് കോടിയും 23ന് ഒരു കോടിയും ലഭിച്ചതായി ചോദ്യം ചെയ്യലിൽ സഞ്ജയ് പൊലീസിനോട് സമ്മതിച്ചതായി എഫ്‌ഐആറിൽ പറയുന്നു. വ്യവസായി ഗൗരവ് ഡാൽമിയയുടെ ഡാൽമിയ ഫാമിലി ട്രസ്റ്റ് ഓഫീസിൽ നിന്നാണ് ഈ പണം ലഭിച്ചതെന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ ആറ്- ഏഴ് വർഷമായി ചാരിറ്റി സംഘടനകൾക്കായി ഡാൽമിയ ഗ്രൂപ്പ് 100 കോടിയിലധികം രൂപ സംഭാവന നൽകിയിട്ടുണ്ടെന്ന് ട്രസ്റ്റ് ഓഫീസുമായി അടുത്ത വൃത്തങ്ങൾ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. യൂത്ത് റൂറൽ എന്റർപ്രണർ ഫൗണ്ടേഷൻ സഞ്ജയ് പരിചയപ്പെടുത്തിയെങ്കിലും ഔപചാരികമായി അതുമായി ബന്ധമില്ലെന്നാണ് പറഞ്ഞിരുന്നത്.

വർഷങ്ങളായി സഞ്ജയ് ആളുകളെ പറ്റിച്ചും വഞ്ചിച്ചും പണം സ്വരൂപിക്കുന്നുണ്ടെന്ന് ഇൻസ്പെക്ടർ തന്റെ പരാതിയിൽ ആരോപിക്കുന്നു. ബാങ്ക് പേയ്‌മെന്റിൽ വീഴ്ച വരുത്തിയ നിരവധി കമ്പനികളുടെ ഡയറക്‌ടറാണ് സഞ്ജയ് എന്നും പരാതിയിൽ പറയുന്നു.

വിവിധ പേരുകളിൽ വ്യാജ ഐഡികൾ ഉണ്ടാക്കുകയും ഡമ്മി കമ്പനികൾ സൃഷ്ടിച്ച് തന്റെ വിശ്വസ്തരായ ആളുകളെ ഈ കമ്പനികളിൽ ഡയറക്ടർമാരായി നിലനിർത്തുകയും ചെയ്തതായി പരാതിയിൽ പറയുന്നു.

“താൻ സർക്കാരുമായി ബന്ധപ്പെട്ട ആളാണെന്ന് പറഞ്ഞാണ് സഞ്ജയ് പറ്റിക്കപ്പെട്ടവരിൽനിന്നു പണം പിരിച്ചതെന്നും കള്ളപ്പണം വെളുപ്പിക്കൽ, ഹവാല, നികുതി വെട്ടിപ്പ് എന്നിവയിലും ഇയാൾ ഉൾപ്പെട്ടിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു. പ്രധാനമന്ത്രിക്കും കേന്ദ്രമന്ത്രിമാർക്കുമൊപ്പമുള്ള ഫോട്ടോകൾ സഞ്ജയ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ഈ പോസ്റ്റുകൾ ഉപയോഗിച്ച് നേട്ടമുണ്ടാക്കുകയും ചെയ്തുവെന്നും പരാതിയിൽ ആരോപിക്കുന്നു.

കാൺപൂർ റെയിൽവേ സ്‌റ്റേഷനിൽ നിന്ന് അറസ്റ്റ് ചെയ്ത സഞ്ജയെ ലക്നൗവിലെ എസ്ടിഎഫ് ഓഫീസിൽ എത്തിച്ചെന്നാണ് അറിയുന്നത്. സഞ്ജയുടെ സാധനങ്ങളുടെ ഒപ്പം രണ്ടു ആധാർ കാർഡുകളും കണ്ടെത്തിയിരുന്നു. “ഒരു ആധാറിൽ ഡിഎൽഎഫ് ഫേസ് 3, ഗുഡ്ഗാവ് എന്ന വിലാസമാണ് ഉണ്ടായിരുന്നത്. മറ്റൊന്നിൽ സെൻട്രൽ ഡൽഹി – ഹൗസ് നമ്പർ 1, ഡിഐഡി സഫ്ദർജംഗ് റോഡിന് സമീപം, ഡൽഹി റൈഡിംഗ് ക്ലബ്, സെൻട്രൽ ഡൽഹി എന്ന വിലാസവും ഉണ്ടായിരുന്നു,” പരാതിയിൽ പറയുന്നു.

എന്നിരുന്നാലും, 1, റേസ് കോഴ്‌സിന് സമീപം, സഫ്ദർജംഗ് റോഡ് എന്ന വിലാസമാണ് വെബ്‌സൈറ്റിൽ നൽകിയിരിക്കുന്നത്. ഇന്ത്യൻ എക്‌സ്‌പ്രസിന്റെ അന്വേഷണത്തിൽ ഭക്ഷണപാനീയങ്ങൾ വിൽക്കാനുള്ള വാഹനങ്ങളും സൈക്കിളുകളും കണ്ടെത്തി. രണ്ടാഴ്ചയായി സഞ്ജയെ കാണാനില്ലെന്നും ജോലിയുടെ ആവശ്യത്തിനായി പലപ്പോഴും യാത്ര ചെയ്യാറുണ്ടെന്നും വീടിന് പുറത്തുള്ള കാവൽക്കാർ പറഞ്ഞു.

ഡൽഹി ജിംഖാന ക്ലബ്, വൈഎംസിഎ ഇന്റർനാഷണൽ സെന്റർ, ക്ലബ് 19 എന്നിവയുടെ അംഗത്വ കാർഡുകളും ഡെപ്യൂട്ടി പൊലീസ് കമ്മീഷണറുടെ സ്റ്റാമ്പ് പതിച്ച മൂവ്‌മെന്റ് പാസും സഞ്ജയ്ക്ക് ഉണ്ടായിരുന്നുവെന്നും എഫ്‌ഐആറിൽ പറയുന്നു.

50,980 രൂപ സഞ്ജയുടെ പക്കൽനിന്നു കണ്ടെടുത്തു. കണ്ടെടുത്ത മൊബൈൽ ഫോണുകളിൽ നിന്ന് വ്യത്യസ്ത സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉപയോഗിക്കുന്നതായും നിരവധി പ്രധാന വ്യക്തികളുമൊത്തുള്ള ഫോട്ടോകൾ ഈ അക്കൗണ്ടുകളിൽ ഉണ്ടെന്ന് കണ്ടെത്തിയായും പരാതിയിൽ പറയുന്നു. സോഷ്യൽ മീഡിയയിൽ യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ, കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ, ആർഎസ്എസ് മേധാവി മോഹൻ ഭഗവത്, പ്രധാനമന്ത്രി എന്നിവർക്കൊപ്പമുള്ള ചിത്രങ്ങളും പോസ്റ്റുകളും ഫോണിൽ നിന്ന് കണ്ടെത്തി.

ദരിദ്രരുടെ ഉന്നമനം, പകർച്ചവ്യാധി സമയത്ത് ഓക്സിജൻ സിലിണ്ടറുകൾ വിതരണം, എന്നിവയിൽ പ്രവർത്തിച്ചതായും അര ഡസനിലധികം പുസ്തകങ്ങൾ എഴുതിയതായും വെബ്‌സൈറ്റിൽ പറയുന്നു. 20,000-ത്തിലധികം ജോലികൾ നൽകിയിട്ടുണ്ടെന്നും 70-ലധികം അവാർഡുകൾ നേടിയിട്ടുണ്ടെന്നും സഞ്ജയ് അവകാശപ്പെടുന്നു. ഫോർ യൂത്ത്‌സ് എന്ന സംഘടനയും നടത്തിവന്നിരുന്നു, അത് പൊലീസിന്റെ നിരീക്ഷണത്തിലാണെന്ന് യുപി സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സിലെ (എസ്‌ടിഎഫ്) ഉദ്യോഗസ്ഥൻ പറഞ്ഞു.

തൊഴിലില്ലായ്മയ്‌ക്കെതിരെ പോരാടുകയാണ് തന്റെ ദൗത്യമെന്നും ഒരു യുണൈറ്റഡ് നേഷൻസ്-എസ്‌ഡിജി അംബാസഡറാണെന്നും വെബ്സൈറ്റിൽ പറയുന്നു. കൂട്ടാളിയെന്ന് പറയപ്പെടുന്ന കാഷിഫ് അഹമ്മദിനെ സമാനമായ കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്ത് ഒരാഴ്ചയ്ക്ക് ശേഷമാണ് സഞ്ജയുടെ അറസ്റ്റ്. രണ്ടുപേർക്കും പരസ്പരം അറിയാമെന്നും സർക്കാർ ജോലി നൽകാമെന്നും ടെൻഡർ നൽകാമെന്നും വാഗ്ദാനം നൽകി ആളുകളെ കബളിപ്പിച്ചതായും എസ്ടിഎഫ് ഉദ്യോഗസ്ഥൻ പറഞ്ഞു.

കാഷിഫും രാഷ്ട്രീയക്കാർക്കൊപ്പമുള്ള ഫോട്ടോകൾ പതിവായി പോസ്റ്റ് ചെയ്യുമായിരുന്നു. ഫെയ്‌സ്ബുക്ക് അക്കൗണ്ടിൽ പ്രധാനമന്ത്രിയോടൊപ്പമുള്ള ഫോട്ടോയുണ്ടെന്നും അത് മോർഫ് ചെയ്തതാണെന്നും പൊലീസ് പറഞ്ഞു. അവർ കൂട്ടാളികളാണെന്നും പണം സമ്പാദിക്കാനുള്ള ഈ മാർഗത്തെക്കുറിച്ച് സഞ്ജയ് ആണ് പറഞ്ഞതെന്നും കാഷിഫ് പറഞ്ഞതായി എസ്ടിഎഫ് ഉദ്യോഗസ്ഥൻ​ പറയുന്നു.

അഹമ്മദാബാദിൽ, വ്യാഴാഴ്ചത്തെ പത്രങ്ങളിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) “സഞ്ജയ് പ്രകാശ് ബാലേശ്വര് റായിയെ കുടിശികക്കാരനായി ” പ്രഖ്യാപിച്ചു. അഹമ്മദാബാദ് ആസ്ഥാനമായുള്ള “കണ്ട്ലാ എനർജി ആൻഡ് കെമിക്കൽസ് ലിമിറ്റഡിന്റെ” മാനേജിങ് ഡയറക്ടർ എന്ന നിലയിലാണ് സഞ്ജയെ അതിൽ പറയുന്നത്. 349.12 കോടി രൂപയിലധികം കുടിശ്ശികയുള്ള കമ്പനിയുടെ, മറ്റ് രണ്ട് ഉദ്യോഗസ്ഥരെയും ഇതിൽ പട്ടികപ്പെടുത്തിയിട്ടുണ്ട്. ഗുഡ്ഗാവിലെ “കാട്രിയോണ ആംബിയൻസ് ഐലൻഡ്, ആംബിയൻസ് മാളിന് സമീപം” എന്നാണ് വിലാസം രേഖപ്പെടുത്തിയിരുന്നത്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Sanjay rai sherpuria arrested in up cheated by faking pmo access