മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നിരക്ഷരൻ എന്നു വിളിച്ചതിൽ ഖേദമില്ലെന്ന് കോൺഗ്രസ് നേതാവ് സഞ്ജയ് നിരുപം. ‘ഇത് ജനാധിപത്യമാണ്. ജനാധിപത്യത്തിൽ പ്രധാനമന്ത്രി ദൈവമൊന്നുമല്ല. പെരുമാറ്റം മാന്യമാണെങ്കിൽ ജനങ്ങൾ അദ്ദേഹത്തെക്കുറിച്ച് നല്ലതു പറയും. ഞാൻ ഉപയോഗിച്ച വാക്കുകളിൽ എനിക്ക് ലജ്ജയില്ല”, നിരുപം പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

മോദിയെപ്പോലെ നിരക്ഷരനായ ഒരാളെക്കുറിച്ച് സ്കൂളുകളിലും കോളേജുകളിലും വിദ്യാർത്ഥികൾ പഠിക്കുന്നതിലൂടെ അവർക്ക് എന്ത് നേട്ടമാണുളളത്? പ്രധാനമന്ത്രിക്ക് എത്ര ഡിഗ്രിയുണ്ടെന്ന് രാജ്യത്തെ ജനങ്ങൾക്കും കുട്ടികൾക്കും അറിയാത്തത് നാണക്കേടാണെന്നായിരുന്നു കോൺഗ്രസ് നേതാവ് പറഞ്ഞത്.

വിദ്യാർത്ഥികൾ പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസത്തെക്കുറിച്ച് ചോദിച്ചാൽ നിങ്ങളെന്താണ് അവരോട് പറയുക. ജനങ്ങൾക്ക് മോദിയുടെ വിദ്യാഭ്യാസ യോഗ്യതയെന്താണെന്ന് അറിയില്ല. ഡൽഹി യൂണിവേഴ്സിറ്റിയിലാണ് താൻ പഠിച്ചതെന്നാണ് മോദിയുടെ അവകാശവാദം. അങ്ങനെയെങ്കിൽ അദ്ദേഹത്തിന്റെ ബിരുദത്തെക്കുറിച്ചുളള വിവരങ്ങൾ പുറത്തുവിടാതിരിക്കാൻ യൂണിവേഴ്സിറ്റിക്കുമേൽ സമ്മർദ്ദം ചെലുത്തുന്നത് ആരാണെന്നും അദ്ദേഹം ചോദിച്ചിരുന്നു.

നരേന്ദ്ര മോദിയുടെ ജീവിതത്തിൽനിന്നും പ്രചോദനം ഉൾക്കൊണ്ട് തയ്യാറാക്കിയ ‘ചലോ ജീതേ ഹെയ്ൻ’ എന്ന ഷോർട് ഫിലിം മുംബൈ സ്കൂളുകളിൽ പ്രദർശിപ്പിക്കുന്നതിനോട് പ്രതികരിക്കവേയാണ് കോൺഗ്രസ് നേതാവ് പ്രധാനമന്ത്രിക്കെതിരെ വിവാദമായ പരാമർശം നടത്തിയത്.

2016 ൽ നോട്ട് നിരോധനം വന്നപ്പോഴും നിരുപം പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ചിരുന്നു. നോട്ട് നിരോധനത്തിനു പിന്നാലെയുണ്ടായ 70 പേരുടെ മരണത്തിന് ഉത്തരവാദി മോദിയാണെന്നും അദ്ദേഹത്തിനെതിരെ കൊലപാതക കുറ്റം ചുമത്തണമെന്നും കോൺഗ്രസ് നേതാവ് ആവശ്യപ്പെട്ടിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ