മുംബൈ: പ്രമുഖ സംവിധായകന്‍ സഞ്ജയ് ലീലാ ബന്‍സാലിയെ ചെരിപ്പൂരി അടിച്ചാല്‍ 10,000 രൂപ പാരിതോഷികം നല്‍കുമെന്ന് ബിജെപി നേതാവിന്റെ പ്രഖ്യാപനം. മധ്യപ്രദേശ് ഹോസംഗാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനായ അഖിലേഷ് ഖണ്ഡേവാലാണ് ബന്‍സാലിനെ തല്ലുന്നവര്‍ക്ക് പതിനായിരം രൂപ പാരിതോഷികം വാഗ്ദാനം ചെയ്തത്.

തന്റെ ഫെയ്സ്ബുക്ക് പേജില്‍ ഖണ്ഡേവാല്‍ ഇതുസംബന്ധിച്ച് കുറിപ്പ് എഴുതിയിട്ടുണ്ട്. മാധ്യമങ്ങളോടും ഖണ്ഡേവാല്‍ തന്റെ പ്രസ്താവന ആവര്‍ത്തിച്ചു. ബന്‍സാലി ചിത്രം പദ്മാവതിയില്‍ ചരിത്രത്തെ വളച്ചൊടിക്കുന്നെന്ന് ആരോപിച്ച് അദ്ദേഹത്തിനെതിരെ ജനുവരി 27ന് കൈയേറ്റം നടന്നിരുന്നു.

രജ്പൂത് കര്‍ണി സേനയിലെ അംഗങ്ങളാണ് സിനിമ ചിത്രീകരിച്ച് കൊണ്ടിരുന്ന ജെയ്ഗര്‍ഹ് കോട്ടയിലേക്ക് ഇരച്ച് കയറി ബന്‍സാലിയെ ആക്രമിച്ച് ആക്രമണ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചത്. ഇതിനുപിന്നാലെയാണ് ഖണ്ഡേവാലിന്റെ പാരിതോഷിക പ്രഖ്യാപനം.

ചരിത്രത്തെ വളച്ചൊടിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് സഞ്ജയ് ലീലാ ബന്‍സാലി ശ്രമിക്കുന്നതെന്ന് ഖണ്ഡേവാല്‍ പറഞ്ഞു. ഇത്തരം നീക്കങ്ങളെ ചെറുക്കുമെന്നും ബന്‍സാലിക്കെതിരായ പ്രതിഷേധങ്ങള്‍ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രസ്താവനയ്ക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തുവന്നിട്ടുണ്ട്. വിവാദപ്രസ്താവന നടത്തിയ ഖണ്ഡേവാലിനെതിരെ കേസെടുക്കണമെന്ന് ഭോപ്പാലില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

റാണി പത്മിനിയും അലാവുദ്ദീന്‍ ഖില്‍ജിയും തമ്മിലുള്ള പ്രണയരംഗങ്ങള്‍ ചിത്രത്തിലുണ്ടെന്ന് ആരോപിച്ചാണ് ബന്‍സാലിക്കെതിരായ പടയൊരുക്കം. എന്നാല്‍ പദ്മാവതിയില്‍ അത്തരം രംഗങ്ങള്‍ ഇല്ലെന്ന് ചിത്രത്തിന്റെ നിർമാതാക്കള്‍ വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ