ന്യൂഡൽഹി: സഞ്ജയ് ദത്തിനെ തിരികെ ജയിലിലേക്ക് അയയ്ക്കുന്നതിൽ എതിർപ്പില്ലെന്ന് ഹൈക്കോടതിയിൽ മഹാരാഷ്ട്ര സർക്കാർ. ചില നിബന്ധനകളോടെയാണ് സഞ്ജയ് ദത്തിന് പരോൾ അനുവദിച്ചത്. അദ്ദേഹം ഇത് ലംഘിക്കുകയാണെങ്കിൽ വീണ്ടും ജയിലിലേക്ക് അയയ്ക്കാമെന്നു സർക്കാർ കോടതിയിൽ വ്യക്തമാക്കി. 1993ലെ മുംബൈ സ്ഫോടന കേസിൽ അഞ്ചുവർഷം തടവിന് ശിക്ഷിക്കപ്പെട്ട സഞ്ജയ് ദത്തിനെ നേരത്തെ ജയില്‍ മോചിതനാക്കിയതിനെതിരായ ഹർജിയിൽ വിധി പറയവെയാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്.

ശിക്ഷാ കാലാവധി പൂർത്തിയാകാൻ 8 മാസം ബാക്കിനിൽക്കേയാണ് സഞ്ജയ് ദത്തിന് ശിക്ഷയിൽ ഇളവ് അനുവദിച്ചത്. ഇതിന് മാനദണ്ഡമാക്കിയത് എന്താണെന്ന കാര്യത്തിൽ രണ്ടാഴ്ചയ്ക്കകം സത്യവാങ്മൂലം നൽകാനും കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ഫെബ്രുവരിയിലാണ് സഞ്ജയ് ദത്ത് ജയിൽ മോചിതനായത്.

മുംബൈ സ്ഫോടന കേസില്‍ ആയുധങ്ങള്‍ കൈവശം വച്ചതിന്റെ പേരിൽ മുംബൈയിലെ ടാഡ കോടതിയാണ് സഞ്ജയ് ദത്തിനെ ആറു വർഷം തടവിന് ശിക്ഷിച്ചത്. 25,000 രൂപ പിഴയും വിധിച്ചിരുന്നു. തടവു കാലയളവിൽ 56 കാരനായ സഞ്ജയ് ദത്തിന് 2013 ഡിസംബറിൽ 90 ദിവസത്തെ പരോൾ അനുവദിച്ചു. ഇതിനു പിന്നാലെ 30 ദിവസം വീണ്ടും പരോൾ അനുവദിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ