ചരക്കുസേവന നികുതി (ജിഎസ്ടി) പ്രാബല്യത്തില്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായി വിവിധ വസ്തുക്കള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നികുതി ശതമാനത്തിന്‍റെ പട്ടിക പുറത്തു വിട്ടിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. മെയ് 18 മുതല്‍ 1,211 വസ്തുകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നികുതി ശതമാനമാണ് ജിഎസ്ടി കൗണ്‍സില്‍ പുറത്തുവിട്ടിരിക്കുന്നത്. ജൂലൈ ഒന്നു മുതല്‍ രാജ്യത്തെ ചരക്കുസേവന നികുതി ഏകീകരിക്കുക എന്നതാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യംവെക്കുന്നത്.

ദേശീയടിസ്ഥാനത്തില്‍ നികുതി ഏകീകരിക്കുന്നതോടെ നിലവിലുള്ള നികുതി ഫോര്‍മുലകള്‍ മാറിമറിയും എന്നിരിക്കെ ജിഎസ്ടി കൗണ്‍സില്‍ പുറപ്പെടുവിച്ചിരിക്കുന്ന പട്ടികയുടെ വൈചിത്ര്യങ്ങള്‍ക്കെതിരെയാണ് ഇപ്പോള്‍ വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്.

READ MORE : “ആ ” ദിവസങ്ങളിൽ വിശ്രമിക്കൂ…

സ്ത്രീകള്‍ക്ക് അവശ്യ വസ്തുവായ സാനിറ്ററി പാഡുകള്‍, നാപ്കിന്‍ എന്നിവയ്ക്ക് 12 ശതമാനം നികുതി ഏര്‍പ്പെടുത്തിയിരിക്കുന്നതായി പട്ടിക പറയുന്നു. എന്നാല്‍ സ്ത്രീകള്‍ തന്നെ ഉപഭോഗിക്കുന്ന അവശ്യ വസ്തുവല്ലാത്ത സിന്ദൂരം, മാല, പൊട്ട് എന്നിവയെ നികുതിയില്‍ നിന്നും ഒഴിവാക്കിയിട്ടുമുണ്ട്. സ്ത്രീകളുടെ ആരോഗ്യമാണോ അതോ സ്ത്രീകളെ സിന്ദൂരം തൊടീക്കുന്നതും മാലയിടീക്കുന്നതുമാണോ സര്‍ക്കാരിനു പ്രധാനം എന്നാണ് ഇതുസംബന്ധിച്ച് ഉയരുന്ന പ്രധാന ചോദ്യം. ചരക്കു സേവന നികുതി പ്രാബല്യത്തില്‍ വരുന്നതോടെ സകല വസ്തുക്കളുടെയും നികുതി പുതുക്കാം എന്നിരിക്കെ സര്‍ക്കാര്‍ സ്ത്രീകളുടെ ആരോഗ്യപരിപാലനത്തെക്കാള്‍ പ്രാധാന്യം നല്‍കുന്നത് മറ്റുപലതിനും ആണെന്നുള്ള വിമര്‍ശനം സാമൂഹ്യമാധ്യമങ്ങളിലും ശക്തമായിട്ടുണ്ട്. ഇതിനോടുള്ള പ്രതികരണമായി #LahukaLagan (ചോരയ്ക്കു നികുതി) എന്ന പേരില്‍ ഒരു സോഷ്യല്‍ മീഡിയ ക്യാംപെയിനും നടക്കുകയാണ്.

ഏതാണ്ട് 335 ദശലക്ഷം പേര്‍ക്ക് ആര്‍ത്തവമുള്ള ഒരു നാട്ടില്‍ 70 ശതമാനം പേര്‍ക്കും സാനിറ്ററി പാഡുകള്‍ ഒരു ആര്‍ഭാടമാണ്‌ എന്നാണ് കണക്കുകള്‍. ഈയൊരു സാഹചര്യത്തില്‍ സാനിറ്ററി പാഡുകള്‍ക്ക് നികുതി ഈടാക്കുന്നതു തന്നെ യുക്തിരാഹിത്യം ആണെന്ന്‍ വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ആര്‍ത്തവസമയത്ത് സാനിറ്ററി പാഡുകള്‍ക്ക് പകരം തുണികളും മറ്റും ഉപയോഗിക്കുന്നത് സ്ത്രീകളുടെ ശരീരശുചിത്വത്തെ സാരമായി ബാധിക്കുന്ന പ്രശ്നമാണ്. ഇത് പ്രത്യുല്‍പാദനത്തെ ഇല്ലാതാക്കുന്ന അണുബാധകളെ വളര്‍ത്തുന്നതിനും പ്രധാനമായൊരു കാരണം ആവുന്നു എന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.

READ MORE: ഞാന്‍ പൂത്തുമറിയുന്ന അഞ്ചുചോപ്പുദിവസങ്ങള്‍

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ