ടെന്നിസ് താരം സാനിയ മിര്‍സയ്ക്കും പാക് ക്രിക്കറ്റര്‍ ഷുഹൈബ് മാലിക്കിനും ആണ്‍കുഞ്ഞ് പിറന്നു. ഇന്ന് രാവിലെയാണ് ഷുഹൈബ് ഇത് സംബന്ധിച്ച് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. പതിവ് പോലെ സാനിയ കരുത്തോടെ ഇരിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. എല്ലാവരുടേയും ആശംസകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു. നിരവധി പേരാണ് ഇരുവര്‍ക്കും ആശംസ അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്.

നേരത്തെ ജസ്റ്റ് ഫോര്‍ വുമണ്‍ മാഗസിന്റെ കവര്‍ ചിത്രത്തിനു വേണ്ടി സാനിയ നിറവയറുമായി പോസ് ചെയ്തിരുന്നു. കുഞ്ഞിനുവേണ്ടിയുള്ള കാത്തിരിപ്പിനെക്കുറിച്ചും ഗര്‍ഭാവസ്ഥയെക്കുറിച്ചുമെല്ലാം അഭിമുഖത്തില്‍ സാനിയ മനസുതുറന്നിരുന്നു.

എന്നാല്‍ പെണ്‍കുഞ്ഞ് ആയിരിക്കുമെന്നായിരുന്നു ഇരുവരുടേയും പ്രതീക്ഷ. കൂടാതെ കുഞ്ഞിനുള്ള പേരും ഇരുവരും കണ്ടെത്തിയിരുന്നു. കുഞ്ഞിന്റെ പേര് മിര്‍സ മാലിക് എന്നായിരിക്കുമെന്നും ഒരു പെണ്‍കുട്ടി ഉണ്ടാകണമൈന്നാണ് ഷുഹൈബിന് ആഗ്രഹമെന്നും സാനിയ നേരത്തേ പറഞ്ഞിരുന്നു. മിര്‍സ, മാലിക് എന്നീ പേരെഴുതിയ കുഞ്ഞുടുപ്പിന്റെ ചിത്രമുള്ളൊരു പോസ്റ്റായിരുന്നു അത്. തനിക്കും ഷുഹൈബ് മാലിക്കിനും ഉണ്ടാവുന്ന കുഞ്ഞിന്റെ അവസാന നാമം ‘മിര്‍സ മാലിക്’ എന്നായിരിക്കുമെന്ന് സാനിയ മിര്‍സ നേരത്തേ പറഞ്ഞിരുന്നു. ഒരു പെണ്‍കുട്ടി ഉണ്ടാകണമെന്നാണ് ഷുഹൈബിന് ഇഷ്ടമെന്നും സാനിയ പറഞ്ഞു.

Also Read: ബേബി ഷവര്‍ ആഘോഷിച്ച് സാനിയ മിര്‍സ; ചിത്രങ്ങൾ

‘ഞാന്‍ നിങ്ങളോട് ഒരു രഹസ്യം പറയാം. ഞാനും ഷുഹൈബും സംസാരിച്ച് തീരുമാനിച്ച കാര്യമാണ്. ഞങ്ങള്‍ക്ക് ഒരു കുഞ്ഞ് ഉണ്ടാവുകയാണെങ്കില്‍ കുഞ്ഞിന്റെ സര്‍നെയിം ‘മാലിക്’ എന്ന് മാത്രമാക്കാതെ ‘മിര്‍സ മാലിക്’ എന്നായിരിക്കും. അവിടെയാണ് ഞങ്ങള്‍ ഒരു കുടുംബമെന്ന നിലയില്‍ നിലകൊളളുന്നത്. ഭര്‍ത്താവിന് ഒരു പെണ്‍കുട്ടി വേണമെന്നാണ് ആഗ്രഹം’, സാനിയ പറഞ്ഞു.

ഏഴ് വര്‍ഷം മുമ്പാണ് സാനിയാ മിര്‍സ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ നായകന്‍ ഷുഹൈബ് മാലിക്കിനെ വിവാഹം കഴിച്ചത്. അതിന് ശേഷം ഇരുവരും നേരിടുന്ന പ്രധാനചോദ്യം കുട്ടികളാകുന്നില്ലേ എന്നാണ്. എന്നാല്‍ ഇതിനെല്ലാം സാനിയ മറുപടി പറഞ്ഞു. ഇക്കാര്യത്തില്‍ ഇതുവരെ ചര്‍ച്ച നടത്തിയിട്ടില്ല എന്നതാണ് സത്യം. ശരിക്കും പറഞ്ഞാല്‍ ഇക്കാര്യത്തില്‍ ഉത്തരം പറയാനാകില്ല. കുട്ടികള്‍ ഉണ്ടാകുമെന്നോ അവന്‍ കായികതാരമാകുമെന്നോ ആര്‍ക്ക് പറയാനാകും. എന്നാല്‍ ചിലപ്പോള്‍ അവന്‍ ഒരു നടനോ, അദ്ധ്യാപകനോ ഡോക്ടറോ ആകുമായിരിക്കും.

ഇന്ത്യക്കാരി എന്ന നിലയില്‍ ഏറെ അഭിമാനിക്കുന്നവളാണ് താനെന്നും പാക്കിസ്ഥാന്‍കാരനായതില്‍ അഭിമാനിക്കുന്നയാളാണ് തന്റെ ഭര്‍ത്താവെന്നും ഭാര്യഭര്‍ത്താക്കന്മാരായി ഇരിക്കുന്നതില്‍ അഭിമാനിക്കുന്നവരാണ് തങ്ങള്‍ ഇരുവരുമെന്നായിരുന്നു സാനിയയുടെ പ്രതികരണം. വനിതാ ഡബിള്‍സിലെ ഒന്നാം റാങ്കുകാരിയായ സാനിയ ഹൈദരാബാദില്‍ ജനിച്ചയാളും ഇന്ത്യയെ രാജ്യാന്തര തലത്തില്‍ പ്രതിനിധീകരിക്കുന്നയാളുമാണ്. ഷുഹൈബ് മാലിക്കാകട്ടെ പാക്കിസ്ഥാനില്‍ ജനിച്ച് അവരുടെ ടീമിനാണ് കളിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook