ലക്‌നൗ: ബിജെപി എംഎല്‍എ സംഗീത് സോം നടത്തിയ താജ്മഹല്‍ വിരുദ്ധ പ്രസ്താവന തളളി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. താജ്മഹല്‍ രാജ്യദ്രോഹി നിർമിച്ചതാണെന്നും ഇത് ഇന്ത്യന്‍ സംസ്കാരത്തിന് അപമാനം ആണെന്നും ആയിരുന്നു ബിജെപി എംഎല്‍എയുടെ പരാമര്‍ശം. എന്നാല്‍ ഇത് സോമിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്ന് യോഗി പറഞ്ഞു. സര്‍ക്കാര്‍ ഇത് അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
‘ഇന്ത്യന്‍ തൊഴിലാളികളുടെ ചോരയും നീരും കൊണ്ടാണ് താജ്മഹല്‍ പണിതത്. താജ്മഹലിന്റെ പുനരുദ്ധാരണത്തിലേക്കുളള പ്രവര്‍ത്തനത്തിലാണ് സര്‍ക്കാരുളളത്. എല്ലാ ചരിത്ര സ്മാരകങ്ങളും വിനോദസഞ്ചാരകേന്ദ്രമായി സര്‍ക്കാര്‍ പരിഗണിക്കും’, യോഗി പറഞ്ഞു.
ഒക്ടോബര്‍ 26ന് ആഗ്ര സന്ദര്‍ശിക്കാന്‍ ഒരുങ്ങുകയാണ് യോഗി ആദിത്യനാഥ്. താജ്മഹല്‍ സന്ദര്‍ശിക്കുന്ന അദ്ദേഹം വിനോദസഞ്ചാര സംബന്ധമായ പദ്ധതികളും ചര്‍ച്ച ചെയ്യും. ബിജെപി എംഎല്‍എയുടെ വിവാദ പരാമര്‍ശത്തെ തുടര്‍ന്നാണ് തജ്മഹല്‍ വീണ്ടും ചര്‍ച്ചയായത്.
താജ്മഹല്‍ ഇന്ത്യന്‍ സംസ്‌കാരത്തിന് അപമാനമാണെന്നായിരുന്നു ബിജെപി നേതാവ് സംഗീത് സോം പറഞ്ഞത്. ഉത്തര്‍പ്രദേശിന്റെ ടൂറിസം ബുക്‌ലെറ്റില്‍ നിന്ന് താജ്‌മഹലിനെ നീക്കം ചെയ്തത് കുറെയാളുകളെ വിഷമിപ്പിച്ചിട്ടുണ്ട്. എന്നാല്‍ താജ്മഹലിന് എന്ത് ചരിത്ര പ്രാധാന്യമാണ് അവകാശപ്പെടാനുള്ളതെന്ന് സംഗീത് സോം ചോദിച്ചു.
താജ്മഹല്‍ നിർമിച്ച ഷാജഹാന്‍ ഇന്ത്യയില്‍ നിന്ന് ഹിന്ദുക്കളെ നീക്കം ചെയ്യാന്‍ ശ്രമിച്ചയാളാണെന്നും ഇത്തരം ആളുകള്‍ നമ്മുടെ ചരിത്രത്തിന്റെ ഭാഗമാണെങ്കില്‍ അത് വളരെ സങ്കടമാണെന്നും ആ ചരിത്രം നമ്മള്‍ മാറ്റുമെന്നും സംഗീത് സോം അറിയിച്ചു.
അടുത്തിടെയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ടൂറിസ്റ്റ് ബുക്‌ലെറ്റ് പുറത്തിറക്കിയത്. ഇതില്‍ നിന്ന് താജ്മഹലിനെ ഒഴിവാക്കുകയും ഗോരഖ്പുര്‍ ക്ഷേത്രം ഉള്‍പ്പെടെയുള്ളവ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഇന്ത്യന്‍ സംസ്‌കാരവുമായി താജ്മഹലിന് യാതൊരു ബന്ധവുമില്ലെന്ന് അടുത്തിടെ യോഗി ആദിത്യനാഥും നിലപാടെടുത്തിരുന്നു. വിദേശ രാജ്യത്തുനിന്ന് എത്തുന്ന അതിഥികള്‍ക്ക് താജ്മഹലിന്റെ രൂപം നല്‍കുന്നതും യോഗി എതിര്‍ത്തിരുന്നു.