ബെംഗളൂരു: ലഹരി കടത്തുമായി ബന്ധപ്പെട്ട് സിനിമാതാരം സഞ്ജന ഗൽറാണിയുടെ വീട്ടിൽ റെയ്ഡ്. ബെംഗളൂരു സെൻട്രൽ ക്രെെം ബ്രാഞ്ചാണ് ഗൽറാണിയുടെ വീട്ടിൽ റെയ്ഡ് നടത്തുന്നത്. കോടതിയിൽ നിന്നുള്ള അനുമതിയോടെയാണ് താരത്തിന്റെ ഈസ്റ്റ് ബെംഗളൂരുവിലെ ഇന്ദിരനഗറിലെ വീട്ടിൽ സെൻട്രൽ ക്രെെം ബ്രാഞ്ച് റെയ്ഡ് നടത്തിയത്.
സഞ്ജനയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി ചില റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്’. ‘ഓം ശാന്തി ഓശാന,’ വെള്ളിമൂങ്ങ,’ ‘രാജമ്മ അറ്റ് യാഹൂ’ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തില്‍ ശ്രദ്ധയായ നടി നിക്കി ഗൽറാണിയുടെ സഹോദരിയാണ് സഞ്ജന ഗൽറാണി. ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് നേരത്തെ പ്രശസ്ത സിനിമാതാരം രാഗിണി ദ്വിവേദിയെ അറസ്റ്റ് ചെയ്തിരുന്നു.
ലഹരിക്കടത്ത് കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനു ഹാജരാകാൻ സഞ്ജനയ്ക്ക് നേരത്തെ നോട്ടീസ് നൽകിയിരുന്നു. തിങ്കളാഴ്ച ഹാജരാകണമെന്നായിരുന്നു നോട്ടീസിലെ ആവശ്യം. എന്നാൽ സ്ഥലത്തില്ലെന്ന് പറഞ്ഞ് താരം ചോദ്യം ചെയ്യലിനു എത്തിയില്ല. ഇതിനു പിന്നാലെയാണ് കോടതിയുടെ സെർച് വാറണ്ടുമായി അന്വേഷണസംഘം താരത്തിന്റെ വീട്ടിലെത്തിയത്. ലഹരിക്കടത്ത് കേസുമായി ബന്ധപ്പെട്ട് സഞ്ജനയുടെ സുഹൃത്ത് രാഹുലിനെ അറസ്റ്റ് ചെയ്തിരുന്നു. ഇന്ന് പുലർച്ചെയാണ് സഞ്ജനയുടെ വീട്ടിൽ റെയ്ഡ് ആരംഭിച്ചത്.
Who is Sanjjanaa Galrani: ആരാണ് സഞ്ജന ഗൽറാണി?
മലയാളികൾക്ക് ഏറെ സുപരിചിതയായ നിക്കി ഗൽറാണിയുടെ സഹോദരിയാണ് സഞ്ജന. നടിയും മോഡലുമായ സഞ്ജന കന്നഡ, തെലുങ്ക്, മലയാളം ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മോഹൻലാൽ ചിത്രം ‘കാസനോവ’യിലും സഞ്ജന ശ്രദ്ധേയമായൊരു വേഷം അവതരിപ്പിച്ചിരുന്നു.
ബാംഗ്ലൂരിൽ ജനിച്ചുവളർന്ന സഞ്ജന കോളേജ് കാലത്ത് തന്നെ മോഡലിംഗിൽ സജീവമാണ്. 1983, വെള്ളിമൂങ്ങ, ഇവൻ മര്യാദരാമൻ, ഒരു സെക്കന്റ് ക്ലാസ് യാത്ര എന്നീ മലയാളചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നിക്കി ഗൽറാണിയുടെ സഹോദരിയാണ് സഞ്ജന. ബോളിവുഡ് നടൻ ജോൺ എബ്രഹാമിനൊപ്പം ഫാസ്ട്രാക്കിന്റെ പരസ്യത്തിലും അഭിനയിച്ച സഞ്ജന അമ്പതിലേറെ പരസ്യചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
Sanjjanaa Galrani Movies: സഞ്ജന ഗൽറാണിയുടെ അഭിനയജീവിതം
ബോളിവുഡ് ചിത്രമായ ‘മർഡറി’ന്റെ കന്നട റീമേക്ക് ആയ ‘ഗന്ധ ഹെന്ദതി’ (2006) എന്ന ചിത്രത്തിലൂടെയാണ് സഞ്ജന സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. നരസിംഹ, ഒണ്ടു ക്ഷനദള്ളി, സാഗർ, യമഹോ യമ തുടങ്ങിയ കന്നഡ ചിത്രങ്ങളിലും സഞ്ജന അഭിനയിച്ചു. 2008ൽ ‘ബുജ്ജിഗഡു’ എന്ന ചിത്രത്തിലൂടെ തെലുങ്ക് സിനിമാലോകത്തും സഞ്ജന അരങ്ങേറ്റം കുറിച്ചു. പ്രഭാസും തൃഷയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം സംവിധാനം ചെയ്തത് പുരി ജഗന്നാഥ് ആയിരുന്നു. ജഗൻ നിർദോഷി, പോലീസ് പോലീസ്, മൈലാരി, ഐ ആം സോറി മാതേ ബാനി പ്രീത്സോണ, ഹുദുഗ ഹുദുഗി എന്നിവയാണ് സഞ്ജനയുടെ മറ്റ് തെലുങ്ക് ചിത്രങ്ങൾ.
സഞ്ജനയുടെ മലയാള അരങ്ങേറ്റം മോഹൻലാൽ ചിത്രമായ ‘കാസനോവ’യിലൂടെയായിരുന്നു. ദ കിംഗ് ആൻഡ് കമ്മീഷണർ, ചിലനേരങ്ങളിൽ ചിലർ എന്നീ ചിത്രങ്ങളിലും സഞ്ജന അഭിനയിച്ചിട്ടുണ്ട്.
Sanjjanaa Galrani’s connection with the Kannada film industry drugs case: ലഹരിമരുന്ന് കേസമായുള്ള സഞ്ജനയുടെ ബന്ധം
സഞ്ജനയുടെ അസിസ്റ്റന്റ് ആയ രാഹുലിനെ ബെംഗലൂരു ലഹരിമരുന്ന് കേസിൽ സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തതോടെയാണ് സഞ്ജനയുടെ പേരും പൊങ്ങിവന്നത്. സിനിമാ പാർട്ടികൾക്ക് വേണ്ട ലഹരിമരുന്ന് എത്തിച്ചിരുന്നത് രാഹുൽ ആണെന്നാണ് പൊലീസിന്റെ റിപ്പോർട്ട്.
ലഹരിമരുന്ന് കേസിൽ തന്റെ പേർ വന്നതോടെ സഞ്ജന ഗാൽറാനിയുടെ പ്രസ്താവന പുറത്തിറക്കിയിരുന്നു. “ആളുകൾ മദ്യം കഴിക്കുന്നതും ക്ലബ്ബുകളിൽ പാർട്ടി നടത്തുന്നതും ഞാൻ കണ്ടിട്ടുണ്ട്, എന്നാൽ അതിനപ്പുറം എനിക്ക് ഇതുമായി യാതൊരു ബന്ധവുമില്ല. എനിക്ക് മയക്കുമരുന്നുമായി ബന്ധപ്പെട്ടുള്ള അനുഭവങ്ങളുമില്ല. അറിയാത്ത ഒരു കാര്യത്തെക്കുറിച്ച് സംസാരിക്കാൻ നിർബന്ധിതയാകുന്നത് വളരെ അരോചകമാണ്. ഞങ്ങളുടെ കന്നഡ ചലച്ചിത്ര വ്യവസായത്തിന്റെ പേര് ഇതിലേക്ക് വലിച്ചിഴച്ചതിൽ എനിക്ക് വളരെ സങ്കടമുണ്ട്. ”
കഴിഞ്ഞ ദിവസം അറസ്റ്റിലായ വ്യവസായി രാഹുല്‍ ഷെട്ടിയുമായി സഞ്ജനയ്ക്കും രാഗിണി ദ്വിവേദിയ്ക്കും ബന്ധമുണ്ടെന്ന് അന്വേഷണം സംഘം നേരത്തെ വ്യക്തമാക്കിയിരുന്നു. രാഹുൽ ഷെട്ടിക്കൊപ്പം സഞ്ജന നിശാപാര്‍ട്ടികളിലും മറ്റും പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങളും അന്വേഷണസംഘം ശേഖരിച്ചിരുന്നു.