ന്യൂയോർക്ക്: യുക്രൈൻ അധിനിവേശത്തിന് മറുപടിയായി ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധത്തിനുശേഷം റഷ്യയിൽനിന്ന് ആയുധങ്ങൾ വാങ്ങുന്നത് ഇന്ത്യയ്ക്ക് ബുദ്ധിമുട്ടായിരിക്കുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിലെ മുതിർന്ന ഉദ്യോഗസ്ഥൻ. റഷ്യൻ എസ്-400 വ്യോമപ്രതിരോധ സംവിധാനം വാങ്ങുന്നതിന് “ഒരു പ്രധാന സുരക്ഷാ പങ്കാളി”ക്കെതിരെ ഉപരോധം ഏർപ്പെടുത്തേണ്ട ആവശ്യമില്ലെന്നും ‘ഇന്ത്യയുമായുള്ള യു.എസ് ബന്ധം’ എന്ന വിഷയത്തിൽ നടന്ന ഹിയറിങ്ങിൽ യുഎസ് ഉദ്യോഗസ്ഥൻ സൂചിപ്പിച്ചു.
റഷ്യയ്ക്കുമേൽ ഏർപ്പെടുത്തിയ കനത്ത സാമ്പത്തിക ഉപരോധം കണക്കിലെടുത്ത്, വരും മാസങ്ങളിലും വർഷങ്ങളിലും മോസ്കോയിൽനിന്ന് വലിയ ആയുധ സംവിധാനങ്ങൾ വാങ്ങുന്നത് ആർക്കും വളരെ ബുദ്ധിമുട്ടായിരിക്കുമെന്നാണ് തന്റെ കാഴ്ചപ്പാടെന്ന് യുഎസ് നയതന്ത്രപ്രതിനിധി ഡോണൾഡ് ലൂ അഭിപ്രായപ്പെട്ടു. യുഎൻ രക്ഷാസമിതിയിൽ റഷ്യൻ അധിനിവേശത്തെ അപലപിച്ച് നടന്ന വോട്ടെടുപ്പിൽനിന്ന് ഇന്ത്യ വിട്ടുനിന്നതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
യുഎന്നിൽ നടന്ന റഷ്യയ്ക്കെതിരായ വോട്ടെടുപ്പിൽനിന്ന് ഇന്ത്യ വിട്ടുനിന്നത് കണക്കിലെടുത്ത് യുഎസ് അഡ്വേഴ്സറീസ് ത്രൂ സാൻക്ഷൻസ് ആക്ട് (CAATSA) പ്രകാരം ഉപരോധം ഏർപ്പെടുത്താൻ ബൈഡൻ ഭരണകൂടം ആലോചിക്കുകയാണോയെന്ന ചോദ്യത്തിന്, ”ഇന്ത്യ ഇപ്പോൾ ഞങ്ങളുടെ ഒരു പ്രധാന സുരക്ഷാ പങ്കാളിയാണ്. അതങ്ങനെ മുന്നോട്ടുപോകുന്നത് ഞങ്ങൾ വിലമതിക്കുന്നു. ലോകരാജ്യങ്ങൾക്കിടയിൽനിന്നും റഷ്യ നേരിടുന്ന കടുത്ത വിമർശനങ്ങൾ കണക്കിലെടുത്ത്, കൂടുതൽ അകലം പാലിക്കണമെന്ന് ഇന്ത്യയും ചിന്തിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” ലൂ മറുപടി പറഞ്ഞു.
റഷ്യയുമായുള്ള മിഗ് 29, ഹെലികോപ്റ്റർ, ടാങ്ക് വേധ ആയുധ ഓർഡറുകൾ ഇന്ത്യ കഴിഞ്ഞ ഏതാനും ആഴ്‌ചകളായി റദ്ദാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
“നിങ്ങൾക്ക് ഒരു ബാങ്കിങ് സംവിധാനം ഇല്ലെങ്കിൽ, ഈ പ്രതിരോധ സംവിധാനങ്ങൾക്കായി പണം നൽകുന്നതിന് മറ്റ് രാജ്യങ്ങൾക്ക് ദശലക്ഷക്കണക്കിന് ഡോളർ റൂബിളിലോ, യെനോ അല്ലെങ്കിൽ യൂറോയിലോ നൽകുന്നത് വളരെ ബുദ്ധിമുട്ടാണ്. പല രാജ്യങ്ങളും റഷ്യൻ സംവിധാനങ്ങളും ആശങ്കാകുലരായിരിക്കുമെന്ന് ഞാൻ കരുതുന്നു – എസ് 400 പോലുള്ള പുതിയ മിസൈൽ സംവിധാനങ്ങൾ വാങ്ങുന്നതിൽ മാത്രമല്ല, വെടിമരുന്ന്, റഷ്യയിൽനിന്നു വാങ്ങിയ ആയുധങ്ങളുടെ സ്പെയർ പാർട്സ് ലഭിക്കുമോ എന്നതിനെക്കുറിച്ച് ആശങ്കയുണ്ട്. അതിനെക്കുറിച്ച് വേവലാതിപ്പെടുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്ന് ലീ പറഞ്ഞു. നൂതന പ്രതിരോധ സാങ്കേതികവിദ്യ ഉൽപ്പാദിപ്പിക്കുന്ന അമേരിക്കയ്ക്കും യൂറോപ്പിനും മറ്റുള്ളവർക്കും ആയുധ വിപണിയിൽ ഇതൊരു അവസരമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.