ഹരിയാന: സംഝോത ട്രെയിന്‍ സ്ഫോടന കേസില്‍ അസീമാനന്ദ അടക്കം നാല് പേരെ കുറ്റവിമുക്തരാക്കി. ഹരിയാനയിലെ പഞ്ച്കുളയിലുള്ള പ്രത്യേക എന്‍ഐഎ കോടതിയാണ് അസീമാനന്ദ അടക്കമുള്ള പ്രതികളെ വെറുതെ വിടാന്‍ വിധിച്ചത്. കേസില്‍ പാകിസ്താനി സാക്ഷികളെ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ അപേക്ഷയും കോടതി തള്ളി. പ്രതികള്‍ക്കെതിരെ ചുമത്തിയ ഗൂഢാലോചന അടക്കമുള്ള കുറ്റങ്ങള്‍ സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് നിരീക്ഷിച്ചാണ് കോടതി ഇവരെ വെറുതെ വിട്ടത്.
Read More: ഹിന്ദുത്വ ഭീകരത എന്നത് ‘മിഥ്യാ വാക്ക്’ എന്ന് ഹരിയാന മന്ത്രി; ‘ഹിന്ദു ഒരിക്കലും ഭീകരനാവില്ല’
2007 ഫെബ്രുവരി 18 ന് ലാഹോറിനും ഡല്ഹിക്കുമിടയില് സര്‍വീസ് നടത്തിയിരുന്ന സംഝോത എക്സ്പ്രസിലാണ് സ്ഫോടനം നടന്നത്. 68 പേരാണ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്. ഇതില്‍ 43 പേരും പാക് പൗരന്മാരായിരുന്നു. സ്ഫോടനം നടന്ന് 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസില്‍ വിധി വരുന്നത്. എട്ട് പേര്‍ക്കെതിരെയായിരുന്നു അന്വേഷണസംഘം കുറ്റപത്രം നല്‍കിയിരുന്നത്. ഈ എട്ട് പേരില്‍ സ്ഫോടനത്തിന്റെ സൂത്രധാരനായ സുനില്‍ ജോഷി 2007 ല്‍ കൊല്ലപ്പെട്ടു. മൂന്ന് പ്രതികളെ ഇതുവരെ പിടികൂടാന്‍ സാധിച്ചിട്ടില്ല. പഞ്ച്കുള എന്‍ഐഎ കോടതിയില്‍ 2010 മുതലാണ് വിചാരണ നടപടികള്‍ ആരംഭിച്ചത്. 299 സാക്ഷികളില്‍ 224 പേര് കോടതിയില്‍ ഹാജരായി.