ന്യൂഡൽഹി: സ്വവർഗാനുരാഗവുമായി ബന്ധപ്പെട്ട് ആഗോള കത്തോലിക്കാ സഭ തലവൻ ഫ്രാൻസിസ് മാർപാപ്പ നടത്തിയ പരാമർശം മാധ്യമങ്ങൾ വളച്ചൊടിച്ചെന്ന് സിബിസിഐ (കാത്തലിക് ബിഷപ് കോൺഫറൻസ് ഓഫ് ഇന്ത്യ). സ്വവര്‍ഗാനുരാഗത്തിന്റെ കാര്യത്തില്‍ കത്തോലിക്ക സഭയുടെ നിലപാടില്‍ മാറ്റമില്ല. സ്വവര്‍ഗാനുരാഗികള്‍ക്ക് കൂടുംബമാകാമെന്ന് മാര്‍പ്പാപ്പ പറഞ്ഞത് തെറ്റായി വ്യാഖ്യാനിച്ചെന്നും സിബിസിഐ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.
ജനിച്ച കുടുംബത്തില്‍നിന്ന് ലൈംഗിക തിരഞ്ഞെടുപ്പിന്റെ പേരില്‍ പുറത്താക്കരുതെന്നാണ് മാര്‍പ്പാപ്പ ഉദ്ദേശിച്ചത്. സിവില്‍ യൂണിയന് എന്നതുകൊണ്ട് മാര്‍പ്പാപ്പ പറഞ്ഞത് സ്വവര്‍ഗ വിവാഹത്തെ കുറിച്ചല്ല, മറിച്ച് നിയമപരമായ പരിരക്ഷയെ കുറിച്ചാണ്. ഒരുമിച്ച് താമസിക്കുന്ന പങ്കാളികളുടെ അവകാശത്തെ കുറിച്ച് മാത്രമാണ് മാർപാപ്പ ഉദ്ദേശിച്ചതെന്നും സിബിസിഐ അധ്യക്ഷൻ കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
Read Also: അൺലോക്ക് 5.0 മാർഗനിർദേശങ്ങൾ നവംബർ 30 വരെ തുടരും; തിയറ്ററുകളിൽ പകുതിപേർ മാത്രം
കഴിഞ്ഞ ആഴ്ചയാണ് സ്വവർഗ പങ്കാളികളുടെ സിവിൽ യൂണിയനുകളെ അംഗീകരിച്ചുള്ള പ്രസ്താവനയുമായി ഫ്രാൻസിസ് മാർപാപ്പ രംഗത്തെത്തിയത്. “സ്വവർഗാനുരാഗികൾക്ക് കുടുംബമായി ജീവിക്കാനുള്ള അവകാശമുണ്ട്. അവർ ദൈവത്തിന്റെ മക്കളാണ്, ”ഫ്രാൻസിസ് മാർപാപ്പ അഭിമുഖത്തിൽ പറഞ്ഞു. “നമുക്ക് വേണ്ടത് ഒരു സിവിൽ യൂണിയൻ നിയമമാണ്; അതുവഴി അവ നിയമപരമായി പരിരക്ഷിക്കപ്പെടും,” എന്നായിരുന്നു മാർപാപ്പ പറഞ്ഞത്.
ഇതാദ്യമായാണ് സ്വവർഗ പങ്കാളിത്തത്തെ ഒരു കത്തോലിക്കാ സഭാധ്യക്ഷൻ പിന്തുണച്ച് പ്രസ്താവന നടത്തുന്നത്. റോം ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ച ഫ്രാൻസെസ്കോ എന്ന ഒരു ഡോക്യുമെന്ററിയിലുള്ള അഭിമുഖത്തിലാണ് ഫ്രാൻസിസ് മാർപാപ്പ ഇക്കാര്യം അഭിപ്രായപ്പെട്ടത്.
ഇതിനുപിന്നാലെ, സ്വവർഗവിവാഹത്തിന്റെ സാധുതയെ മാർപാപ്പ ന്യായീകരിച്ചുവെന്ന വാർത്ത വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണാജനകവുമാണെന്നു പറഞ്ഞുകൊണ്ട് കേരള കാത്തലിക് ബിഷപ്പ് കൗൺസിൽ (കെസിബിസി) രംഗത്തെത്തിയിരുന്നു. കുടുംബജീവിതത്തെക്കുറിച്ചും സ്വവർഗ ലൈംഗികതയെക്കുറിച്ചുമുള്ള കത്തോലിക്ക സഭയുടെ പ്രബോധനങ്ങളിൽ യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്നും കെസിബിസി വ്യക്തമാക്കിയിരുന്നു.