ന്യൂഡല്‍ഹി: മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടതിലും എഴുത്തുകാരന്‍ എം.എല്‍ കല്‍ബുര്‍ഗി രണ്ടു വര്‍ഷം മുമ്പ് കര്‍ണാടകത്തിലെ ധര്‍വാഡില്‍ കൊല്ലപ്പെട്ട സംഭവവും തമ്മില്‍ സാദൃശ്യമുണ്ടെന്ന അന്വേഷണ സംഘത്തിന്റെ നിഗമനം ശരിവെച്ച് ഫോറന്‍സിക് റിപ്പോര്‍ട്ട്. ഇരുവരും കൊല്ലപ്പെട്ടത് ഒരേ തോക്കില്‍ നിന്നുളള വെടിയേറ്റാണെന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് കര്‍ണാടക പൊലീസ് പ്രത്യേക അന്വേഷണ സംഘം ബംഗളൂരു കോടതിയില്‍ സമര്‍പ്പിച്ചു.

7.65 എംഎം കണ്ട്രി ഗണ്ണില്‍ നിന്ന് വെടിയേറ്റാണ് ഇരുവരും കൊല്ലപ്പെട്ടതെന്നാണ് നിര്‍ണായക കണ്ടെത്തല്‍. രണ്ട് കൊലപാതകങ്ങളും തമ്മില്‍ ബന്ധമുണ്ടെന്ന ആദ്യ ഔദ്യോഗിക സ്ഥിരീകരണമാണിത്. രണ്ട് പേരേയും കൊലപ്പെടുത്തിയത് ഒരേസംഘമാണെന്ന് അന്വേഷണ സംഘം കോടതിയില്‍ വ്യക്തമാക്കി. 2015 ഓഗസ്റ്റ് 30നാണ് കല്‍ബുര്‍ഗി കൊല്ലപ്പെട്ടത്. രണ്ട് വര്‍ഷം കഴിഞ്ഞ് 2017 സെപ്തംബര്‍ 5നാണ് ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടത്.

കല്‍ബുര്‍ഗിയും ഗൗരി ലങ്കേഷും കൊല്ലപ്പെട്ടതിനു പിന്നില്‍ ഒരേ ശക്തികളാണെന്നത് വെറും ഊഹമല്ലെന്നും അതിനുമപ്പുറമുള്ള തെളിവുകള്‍ തങ്ങള്‍ കണ്ടെത്തിക്കഴിഞ്ഞുവെന്നും അന്വേഷണ സംഘം പറഞ്ഞത് ഇന്‍ഡ്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതോടൊപ്പം, കല്‍ബുര്‍ഗിയുടെ വധവും മഹാരാഷ്ട്രയില്‍ 2015-ല്‍ സിപിഐ നേതാവ് ഗോവിന്ദ് പന്‍സാരെയും 2013-ല്‍ മഹാരാഷ്ട്രയില്‍ യുക്തിവാദിയായ നരേന്ദ്ര ധബോല്‍ക്കര്‍ കൊല്ലപ്പെട്ട സംഭവവും തമ്മില്‍ ബന്ധമുണ്ടെന്ന് അന്വേഷണ സംഘം നേരത്തെ തന്നെ കണ്ടെത്തിയിരുന്നു.

പൂനെ ആസ്ഥാനമായുള്ള മഹാരാഷ്ട്രയിലും കര്‍ണാടകത്തിലും വേരുകളുള്ള തീവ്ര ഹിന്ദുത്വ സംഘടന സനാതന്‍ സന്‍സ്തയുടെ കീഴിലുള്ള ഹിന്ദു ജനജാഗ്രിതി സമിതിയുമായി ബന്ധമുള്ളവരാണ് കൊലപാതകികളെന്ന് കണ്ടെത്തിയിരുന്നു. 7.65 എംഎം കണ്ട്രി ഗണ്ണില്‍ നിന്നാണ് വെടിയുതിര്‍ത്തതെന്ന് പിടിയിലായ അഞ്ച് പ്രതികളില്‍ ഒരാളായ കെടി നവീന്‍കുമാര്‍ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ