scorecardresearch
Latest News

വൈരം വെടിഞ്ഞ് ബി എസ് പിയും എസ് പിയും; ബിജെപിക്കെതിരെ എസ് പിയെ പിന്തുണച്ച് മായാവതി

കാലഘട്ടത്തിന്റെ ആവശ്യം എന്ന നിലയ്ക്ക് ഉത്തർപ്രദേശിൽ ഉപതിരഞ്ഞെടുപ്പുകളിൽ സമാജ്‌വാദി പാർട്ടിയെ പിന്തുണയ്ക്കാൻ ബി എസ് പി തീരുമാനിച്ചു

sp and bsp

ഉത്തർപ്രദേശിൽ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകളിൽ രാഷ്ട്രീയമായി ശത്രുപക്ഷത്തായ സമാജ്‌വാദി പാർട്ടിയെ പിന്തുണയ്ക്കാൻ മായാവതിയുടെ ബി എസ് പി തീരുമാനിച്ചു. ബി ജെ പിയെ തോൽപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് എസ് പിയെ പിന്തുണയ്ക്കാൻ ബി എസ് പി തീരുമാനമെടുത്തത്. ഫുൽപൂര,ഗോരഖ്പൂർ എന്നീ ലോകസഭാ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കാനൊരുങ്ങുന്നത്. ഈ നീക്കം 2019 ലെ ലോകസഭാ തിരഞ്ഞെടുപ്പിന് രൂപംകൊളളുമെന്ന് പ്രതീക്ഷിക്കുന്ന മഹാസഖ്യത്തിന്റെ മുന്നോടിയായി കക്ഷികളെ പിടിക്കാനുളള നീക്കങ്ങൾ നടക്കുന്നതിനിടയിലാണിത്.

ബി എസ് പിയും എസ് പിയും ഒന്നിച്ച് പോരാടാനുളള തീരുമാനത്തെ കുറിച്ച് എസ് പിയുടെ വക്താവ് പാങ്കുരി പഥക് ട്വീറ്റ് ചെയ്തു. രണ്ട് പാർട്ടികളിലെയും അണികളെ അഭിനന്ദിച്ചാണ് ട്വീറ്റ്. വിജയം നേടേണ്ട സമയമാണിതെന്നും പറഞ്ഞു.

 

ഫുൽപൂർ,ഗോരഖ് പൂർ എന്നീ ലോകസഭാ ഉപതിരഞ്ഞെടുപ്പുകളിൽ ബി എസ് പിയുടെ പിന്തുണ കാത്തിരുന്ന തീരുമാനമാണ്. മതേതര, ബഹുജൻ വിശാല സഖ്യം രൂപപ്പെടുത്തി മത്സരിക്കുന്നതിലേയ്ക്ക് മുന്നോട്ട് പോകുമെന്ന് പ്രതീക്ഷിക്കുന്നതായും ട്വീറ്റിൽ പറയുന്നു.

മാർച്ച് പതിനൊന്നിനാണ് ഈ രണ്ട് ഉപതിരഞ്ഞെടുപ്പുകളും നടക്കുക. മുഖ്യമന്ത്രിയായതിനെ തുടർന്ന് യോഗി ആദിത്യനാഥും ഉപമുഖ്യമന്ത്രിയായ കേശവ് പ്രസാദ് മൗര്യയും ഒഴിഞ്ഞ സീറ്റുകളിലേയ്ക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. നേരത്തെ വൈരികളായിരുന്ന എസ് പിയും ബി എസ് പിയും കൈകോർക്കുമ്പോൾ നിയമസഭാ തിരഞ്ഞെടുപ്പിൽ എസ് പിക്കൊപ്പം മത്സരിച്ച കോൺഗ്രസ് ഉപതിരഞ്ഞെടുപ്പിൽ സ്വന്തം സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ട്.

കാലഘട്ടത്തിന്റെ ആവശ്യം എന്ന നിലയിലാണ്  എസ് പിയെ പിന്തുണയ്ക്കാൻ തീരുമാനിച്ചതെന്ന് ബി എസ് പി നേതൃത്വം  വ്യക്തമാക്കുന്നു. ബി എസ് പിയുടെ വിവിധ ഘടകങ്ങളുടെ മീറ്റിങ്ങിന് ശേഷമാണ് ഇക്കാര്യം തീരുമാനിച്ചത്.

എസ് പിയുമായി ചേർന്ന് പ്രവർത്തിക്കുന്നത് ബി ജെ പിയെ തോൽപ്പിക്കാനാണെന്ന് അലഹബാദിലെ ചുമതല വഹിക്കുന്ന ബി എസ് പി നേതാവ് അശോക് കുമാർ ഗൗതം പറഞ്ഞു. ബി ജെ പിയെ തോൽപ്പിക്കുന്നതിന് ചെയ്യാവുന്നത് ചെയ്യുകയെന്നതാണ് ഇപ്പോഴത്തെ കടമയെന്നും അദ്ദേഹം പറയുന്നു

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Samajwadi party looks for bsp support in upcoming up by election