ലക്നോ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അനുകൂലിച്ച് മുദ്രവാക്യം വിളിച്ച കുട്ടിയെ സമാജ്വാദി പാർട്ടി നേതാവ് വെടിവച്ചു കൊന്നു. അസ്മോളി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള മധനിലായിരുന്നു സംഭവം. യോഗി ആദിത്യനാഥ് സത്യപ്പതിജ്ഞ ചെയ്ത് ഒരാഴ്ച്ച കഴിയുമ്പോഴാണ് കൊലപാതകം നടന്നത്.
എസ്പി നേതാവായ ശിശുപാൽ സിംഗ് ആണ് 17കാരനെ വെടിവെച്ചു കൊലപ്പെടുത്തിയത്.
ബിജെപി പ്രാദേശിക നേതാവ് മോനു സിംഗിന്റെ സഹോദരൻ വിനികേത് നാനിയാണ് കൊല്ലപ്പെട്ടത്. യോഗി സിന്ദാബാദ് എന്ന് കുട്ടി മുദ്രാവാക്യം ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് ശിശുപാൽ കുട്ടിയെ വെടിവെച്ചതെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.
ജില്ലാ പഞ്ചായത്ത് അംഗമായ ഉഷാ റാണിയുടെ ഭര്‍ത്താവ് കൂടിയാണ് ശിശുപാല്‍ സിംഗ്. നാനിയുടെ സഹേദരനായ മോനുവിനെ കൊല ചെയ്യാനാണ് ശിശുപാല്‍ വന്നതെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ വാഗ്വാദത്തിനൊടുവില്‍ 17കാരനെ കൊലപ്പെടുത്തുകയായിരുന്നെന്നാണ് വിവരം. വെടിയൊച്ച കേട്ട് ആള്ക്കാര് എത്തുമ്പോഴേക്കും കൗമാരക്കാരന് മരിച്ചിരുന്നു. സംഭവസ്ഥലത്ത് നിന്നും പ്രതി അപ്പോള്‍ തന്നെ ഓടി രക്ഷപ്പെട്ടു.
രാഷ്ട്രീയ വിരോധമാണ് കൊലയ്ക്കു പിന്നിലെന്നാണ് പ്രാഥമിക നിഗമനം. അന്വേഷണം ഊര്‍ജിതപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. പ്രതിയെ അറസ്റ്റ് ചെയ്തതതായി റിപ്പോര്‍ട്ടില്ല.