ലക്‌നൗ: ഉത്തർപ്രദേശിലേറ്റ കനത്ത തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സമാജ്‌വാദി പാർട്ടി പിളരുന്നു. തിരഞ്ഞെടുപ്പിനും വളരെ മുൻപ് ഉടലെടുത്ത ആഭ്യന്തര സംഘർഷങ്ങളാണ് ഇപ്പോൾ പിളർപ്പിലേക്ക് എത്തിയിരിക്കുന്നത്. “സമാജ്‌വാദി സെകുലർ മോർച” എന്ന പേരിൽ പാർട്ടി രൂപീകരിക്കാൻ ആലോചിക്കുന്നതായാണ് ശിവപാൽ യാദവ് വാർത്ത ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുഖം.
നേരത്തേ തന്നെ മുലായം സിങ്ങിന്റെ മകനും ഉത്തർപ്രദേശ് മുഖ്യമന്ത്രിയുമായിരുന്ന അഖിലേഷ് യാദവുമായി ശിവപാൽ യാദവ് തർക്കത്തിലായിരുന്നു. ഇവരും തമ്മിലുള്ള അഭിപ്രായ വ്യത്യാസം ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിന് മുൻപ് പാർട്ടിയിൽ രൂക്ഷമായ ചേരിതിരിവിന് തുടക്കം കുറിച്ചിരുന്നു. ഇതേ തുടർന്ന് മുലായം സിങ് യാദവ് അഖിലേഷ് യാദവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നുവെങ്കിലും, മറ്റ് നേതാക്കളുടെ സഹായത്തോടെ അഖിലേഷ് യാദവ് പാർട്ടി സ്വന്തം അധീനതയിലാക്കിയിരുന്നു.
പുതിയ പാർട്ടിയുടെ തലവൻ മുലായം സിങ് യാദവ് തന്നെയാകുമെന്ന് ശിവപാൽ യാദവ് വ്യക്തമാക്കിയതായാണ് എഎൻഐ ട്വീറ്റ് ചെയ്തിരിക്കുന്നത്. പാർട്ടിയ്ക്കകത്ത് ഉടലെടുത്ത അസ്വാരസ്യങ്ങൾ മൂർധന്യാവസ്ഥയിൽ എത്തിയപ്പോൾ തന്നെ പുതിയ പാർട്ടിയെന്ന നീക്കം ശിവപാൽ യാദവ് നടത്തിയിരുന്നു.