ബിജെപി വിരുദ്ധ മഹാസഖ്യത്തിൽ വീണ്ടും വിളളൽ. മായാവതിയുടെ ബിഎസ്പിക്കു പിന്നാലെ സമാജ്‌വാദി പാര്‍ട്ടിയും കോണ്‍ഗ്രസ് സഖ്യം ഉപേക്ഷിക്കാൻ തീരുമാനിച്ചു. പാര്‍ട്ടി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവാണ് ഇക്കാര്യം അറിയിച്ചത്. ചർച്ചകൾക്കായി കോൺഗ്രസ് ഇനിയും തയ്യറാകാത്ത സാഹചര്യത്തിലാണ് അഖിലേഷിന്റെ തീരുമാനം.
ചര്‍ച്ചകള്‍ക്കായി കോണ്‍ഗ്രസിനെ കാത്തിരിക്കാൻ തുടങ്ങിയിട്ട് ഏറെ നാളായെന്നും ഇനിയും കാക്കാന്‍ കഴിയില്ലെന്നും അഖിലേഷ് പറഞ്ഞു. രാഷ്ട്രീയത്തില്‍ ഒരു പാര്‍ട്ടിയും ഇത്രനാള്‍ കാത്തിരിക്കില്ല. ഞങ്ങള്‍ ആള്‍ബലമില്ലാത്ത പാര്‍ട്ടിയല്ലെന്നും അഖിലേഷ് കൂട്ടിച്ചേർത്തു.
അതേസമയം മായാവതിയുമായി ചര്‍ച്ചക്ക് ശ്രമിക്കുമെന്നും അഖിലേഷ് വ്യക്തമാക്കി. മധ്യപ്രദേശ് തെരഞ്ഞെടുപ്പിൽ ബിഎസ്പിയുമായി സഖ്യമുണ്ടാക്കാനാണ് അഖിലേഷിന്റെ തീരുമാനം. നവംബർ 28നാണ് മധ്യപ്രദേശ് തെരഞ്ഞെടുപ്പ്.
നേരത്തെ രാജസ്ഥാനിലും മധ്യപ്രദേശിലും ഒറ്റയ്ക്ക് മല്‍സരിക്കാൻ തീരുമാനിച്ചതായി മായാവതി പ്രഖ്യാപിച്ചിരുന്നു. കോൺഗ്രസുമായി സഖ്യമില്ലെന്ന് മായാവതി കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. രാഷ്ട്രീയഗതി മാറ്റാൻ ബിഎസ്പിക്കു ശേഷിയുണ്ട്. കുറച്ചു സീറ്റുകൾ നല്കി ബിഎസ്പിയെ ഒതുക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നു എന്നായിരുന്നു മായാവതിയുടെ ആരോപണം.
ഇതിന് പിന്നാലെയാണ് ഇപ്പോൾ കോണ്‍ഗ്രസ് സഖ്യത്തെ തള്ളിപ്പറഞ്ഞ് അഖിലേഷും രംഗത്തെത്തിയിരിക്കുന്നത്. പ്രതിപക്ഷ പാർട്ടികളെ ഒന്നിച്ച് നിർത്തി ബിജെപിയെ നേരിടാനുള്ള നീക്കത്തിനാണ് വീണ്ടു തിരിച്ചടിയായിരിക്കുന്നത്.