ന്യൂയോര്‍ക്ക്: എഴുത്തുകാരന് സല്മാന് റുഷ്ദിയുടെ ആരോഗ്യനിലയില്‍ പുരോഗതി. അദ്ദേഹത്തെ വെന്റിലേറ്ററില്‍ നിന്ന് മാറ്റിയതായും സംസാരിക്കാന്‍ സാധിക്കുന്നുണ്ടെന്നുമാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. പടിഞ്ഞാറൻ ന്യൂയോർക്കിൽ പൊതുചടങ്ങിൽ പ്രസംഗിക്കവേയുണ്ടായ ആക്രമണത്തില്‍ ഗുരുതര പരിക്കുകളായിരുന്നു അദ്ദേഹത്തിനുണ്ടായത്.
അദ്ദേഹത്തിന്റെ സഹ എഴുത്തുകാരനായ ആതിഷ് തസീറാണ് ആരോഗ്യനില സംബന്ധിച്ച് പുതിയ വിവരം ട്വീറ്റ് ചെയ്തത്. വെന്റിലേറ്ററില്‍ നിന്ന് അദ്ദേഹത്തെ മാറ്റി, സംസാരിക്കുന്നുണ്ട് (തമാശയും പറയുന്നു) എന്നായിരുന്നു ട്വീറ്റ്. റുഷ്ദിയുടെ ഏജന്റ് ആൻഡ്രൂ വൈലി ഈ വിവരം സ്ഥിരീകരിച്ചു. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കിയില്ല.
ന്യൂജഴ്സിയിലെ ഫെയർവ്യൂവിൽ നിന്നുള്ള ഹാദി മറ്റാർ (24) ആണ് റുഷ്ദിയെ ആക്രമിച്ചതെന്ന് പൊലീസ് തിരിച്ചറിയുകയും സംഭവസ്ഥലത്ത് വച്ചുതന്നെ പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. മുന്‍കൂട്ടി ആസൂത്രണം ചെയ്ത കൊലപാതക ശ്രമമാണെന്നാണ് കോടതിയില്‍ പ്രോസിക്യൂട്ടര്‍ വ്യക്തമാക്കിയത്. എന്നാല്‍ പ്രതി ഇത് നിഷേധിക്കുകയാണുണ്ടായത്.
റുഷ്ദിയെ ആക്രമിക്കാന്‍ മനഃപൂർവമായ ശ്രമമായിരുന്നെന്ന് ജില്ലാ അറ്റോര്‍ണി ജേസണ്‍ ഷ്മിത്ത് പറഞ്ഞു. റുഷ്ദി സംസാരിക്കുന്ന പരിപാടിയുടെ പാസ് മുന്‍കൂട്ടി വാങ്ങിക്കുകയും ഒരു ദിവസം നേരത്തെ വ്യാജ ഐഡിയുമായി പ്രതി എത്തിയെന്നും ജേസണ്‍ കൂട്ടിച്ചേര്‍ത്തു. ഇതിന്റെ അടിസ്ഥാനത്തില്‍ ജഡ്ജ് ജാമ്യം നല്കാന് വിസമ്മതിക്കുകയും കസ്റ്റഡിയില്‍ വിടുകയും ചെയ്തു.
“ഇത് മിസ്റ്റർ റുഷ്ദിയെ ലക്ഷ്യമിട്ടുള്ള, പ്രകോപനമില്ലാതെ, മുൻകൂട്ടി ആസൂത്രണം ചെയ്ത ആക്രമണമായിരുന്നു,” ഷ്മിത്ത് പറഞ്ഞു.
മറ്റാരിനെ ജഡ്ജിന്റെ മുന്നിലെത്തിക്കാന്‍ ഒരുപാട് സമയമെടുത്തെന്നും സ്റ്റേറ്റ് പൊലീസിന്റെ ആസ്ഥാനത്ത് ഒരു ബഞ്ചില്‍ കെട്ടിയിട്ടെന്നും പ്രതിഭാഗം അഭിഭാഷകന് നഥാനിയൽ ബറോൺ പരാതിപ്പെട്ടു.
“അദ്ദേഹത്തിന് നിരപരാധിത്വം തെളിയിക്കാനുള്ള ഭരണഘടനാപരമായ അവകാശമുണ്ട്,” ബറോൺ കൂട്ടിച്ചേർത്തു.
വെള്ളിയാഴ്ച വൈകുന്നേരം മുതൽ റുഷ്ദി വെന്റിലേറ്ററിലായിരുന്നു. കരൾ തകരാറിലാണെന്നും, കൈയിലെ ഞരമ്പുകൾ മുറിഞ്ഞെന്നും, ഒരു കണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നുമായിരുന്നു ആദ്യം പുറത്ത് വന്ന വിവരങ്ങള്‍.