/indian-express-malayalam/media/media_files/uploads/2022/03/Salman-Khurshid.jpg)
ന്യൂഡൽഹി: കോൺഗ്രസ് നേതൃസ്ഥാനത്തുനിന്നും ഗാന്ധി കുടുംബം ഒഴിയണമെന്നും, മറ്റാർക്കെങ്കിലും അതിനുള്ള അവസരം നൽകണമെന്ന മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബലിന്റെ വാക്കുകൾക്ക് മറുപടിയുമായി സൽമാൻ ഖുർഷിദ്. നേൃത്വത്തിന്റെയല്ല, ആശയങ്ങളുടെ പ്രതിസന്ധിയാണ് പാർട്ടി നേരിടുന്നതെന്ന് മുൻ കേന്ദ്ര മന്ത്രിയും കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗവുമായ അദ്ദേഹം പറഞ്ഞു. പാർട്ടിയുടെ പ്രവർത്തനത്തിലെ പോരായ്മകൾ "നമുക്ക് ശരിയായ നേതാവില്ലാത്തതിനാൽ" എന്ന വാദം അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
''പാർട്ടിയും രാജ്യവും ഇന്നു നേരിടുന്ന പ്രധാന പ്രതിസന്ധി നേതൃത്വത്തിന്റേതല്ല. ആശയങ്ങളുടെ പ്രതിസന്ധിയാണ്. പരസ്പരം ആശയങ്ങൾ പങ്കുവച്ച് ഏകാഭിപ്രായത്തിൽ എത്തിയാൽ മാത്രേ അത് പരിഹരിക്കാനാവൂ. എന്താണ് കോൺഗ്രസിന്റെ പാരമ്പര്യ ആശയം? നമുക്ക് അത് സമ്മതിക്കാം, നമ്മൾ ഓരോരുത്തരും സ്വയം ചോദിക്കട്ടെ. നമ്മൾ സംസാരിക്കുന്നതിന് മുമ്പ് കോൺഗ്രസിന്റെ പാരമ്പര്യ ആശയത്തിൽ ജീവിച്ചിട്ടുണ്ടോ… നേതാക്കൾ ഇത് ചെയ്തിട്ടില്ല,'' അദ്ദേഹം ദി ഇന്ത്യൻ എക്സ്പ്രസിനോടു പറഞ്ഞു.
പുതിയ ആശയം ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാൻ കഴിയാതെ പോയതിന് നേതൃസ്ഥാനത്തുള്ളവരെല്ലാം ഉത്തരവാദികളല്ലേ എന്നും അദ്ദേഹം ചോദിച്ചു. “ആശയങ്ങളുടെ പ്രതിസന്ധിയെ നേരിടാൻ നേതൃത്വം എത്രമാത്രം ആഗ്രഹിക്കുന്നുവെന്ന് എനിക്ക് നിങ്ങളോട് പറയാനാവില്ല. ഞങ്ങൾക്ക് ഞങ്ങളുടെ സ്വന്തം ആശയങ്ങളുണ്ട്. ചിലർക്ക് മൃദു ഹിന്ദുത്വം വേണം, ചിലർക്ക് സോഷ്യലിസം വേണം, ചിലർക്ക് മുതലാളിത്തം വേണം, ചിലർക്ക് ‘മോദിയെ ആക്രമിക്കരുത്’. ഞങ്ങളുടെ നേതൃത്വത്തോട് ഞങ്ങൾ എങ്ങനെ നീതി പുലർത്തുന്നു, അതിൽ ഞാൻ എന്നെയും ഉൾപ്പെടുത്തുന്നു,'' അദ്ദേഹം പറഞ്ഞു.
“ഒരു തിരഞ്ഞെടുപ്പ് നടത്താൻ പാർട്ടിയോട് ആവശ്യപ്പെട്ടു, പാർട്ടി ഒരു തിരഞ്ഞെടുപ്പ് നടത്തുകയാണ്,” സിഡബ്ല്യുസി അംഗങ്ങളെ തിരഞ്ഞെടുക്കുന്നതുൾപ്പെടെ എല്ലാ തലങ്ങളിലുമുള്ള തിരഞ്ഞെടുപ്പുകൾ വേണമെന്ന ജി 23 നേതാക്കളുടെ ആവശ്യത്തെ പരാമർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. "സിബലിനൊരു കാഴ്ചപ്പാടുണ്ട്, പക്ഷേ അദ്ദേഹത്തിന്റെ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ ഞങ്ങൾ അത് തീരുമാനിക്കില്ല, അദ്ദേഹം എത്ര പ്രഗത്ഭനായാലും," ഖുർഷിദ് പറഞ്ഞു. ഇന്ന് മുറവിളി കൂട്ടുന്നവരിൽ പലരും ഈ സംവിധാനം കൊണ്ട് എന്ത് നേട്ടമുണ്ടാക്കി എന്നൊന്നും പറയുന്നില്ലെന്ന് ജി 23 നേതാക്കൾക്കെതിരെ ആഞ്ഞടിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
Read More: കോൺഗ്രസിന്റെ ‘കൈ’ ചോർന്നതിന് പിന്നിൽ; തിരഞ്ഞെടുപ്പ് ഫലങ്ങൾ അർത്ഥമാക്കുന്നത്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.