മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന് രണ്ട് ദിവസങ്ങൾ ബാക്കി നിൽക്കെ ബോളിവുഡ് നടൻ സൽമാൻ ഖാന്റെ അംഗരക്ഷകൻ ഗുർമീത് സിങ് വെള്ളിയാഴ്ച ശിവസേനയിൽ ചേർന്നു. പാർട്ടി മേധാവി ഉദ്ദവ് താക്കറെ, യുവസേന പ്രസിഡന്റ് ആദിത്യ താക്കറെ എന്നിവരുടെ സാന്നിധ്യത്തിലാണ് ഗുർമീത് സിങ് സേനയിൽ ചേർന്നത്. ഷേറ എന്ന പേരിലാണ് ഇദ്ദേഹം അറിയപ്പെടുന്നത്

കാവി നിറത്തിലുള്ള ഷാൾ അണിഞ്ഞ് കൈയിൽ വാളും പിടിച്ച് നിൽക്കുന്ന ഗുർമീതിന്റെ ചിത്രങ്ങൾ പാർട്ടിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിൽ പങ്കുവച്ചിട്ടുണ്ട്.

ബോളിവുഡിൽ നിന്നുള്ളവർ ശിവസേനയ്ക്ക് പിന്തുണ നൽകുന്നത് ഇതാദ്യമല്ല. ഈ ആഴ്ചയുടെ തുടക്കത്തിൽ നടൻ സഞ്ജയ് ദത്ത് ആദിത്യ താക്കറെയ്ക്ക് പിന്തുണ അറിയിക്കുകയും അദ്ദേഹം തന്റെ അനുജനാണ് എന്ന് പറയുകയും ചെയ്തിരുന്നു.

ദക്ഷിണ മുംബൈയിലെ വോർളി മണ്ഡലത്തിൽ നിന്നും മത്സരിക്കാനുള്ള തയ്യാറെടുപ്പാണ് ആദിത്യ താക്കറെ. 1966ൽ ശിവസേന സ്ഥാപിച്ചതിനു ശേഷം ആദ്യമായാണ് താക്കറെ കുടുംബത്തിൽ നിന്നും ഒരാൾ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.

ഉദ്ദവ് താക്കറെയുടെ ബന്ധുവും മഹാരാഷ്ട്ര നവനിർമാൻ സേന (എം‌എൻ‌എസ്) മേധാവിയുമായ രാജ് താക്കറെ 2014 ലെ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ആഗ്രഹം അറിയിച്ചിരുന്നുവെങ്കിലും പിന്നീട് മനസ്സ് മാറ്റുകയായിരുന്നു.

ബിജെപിയുടെ സഖ്യ കക്ഷിയായാണ് ശിവസേന തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. നിരവധി ചർച്ചകൾക്കൊടുവിൽ ഈ മാസം ആദ്യമാണ് സീറ്റ് പങ്കിടാൻ ഇരുകക്ഷികളും തീരുമാനിക്കുന്നത്. 288 നിയമസഭാ സീറ്റുകളിൽ 124 ൽ ശിവസേനയും 154ൽ ബിജെപിയും മത്സരിക്കും.

ഒക്ടോബർ 21 ന് മഹാരാഷ്ട്രയിൽ തിരഞ്ഞെടുപ്പ് നടക്കും. ഒക്ടോബർ 24നാണ് വോട്ടെണ്ണൽ നടക്കുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook